കൊൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം അപ്പീൽ ട്രൈബ്യൂണലിൽനിന്ന് രാജിവെച്ചു; വ്യക്തിപരമായ കാരണങ്ങളാലെന്ന് സൂചന
text_fieldsമുൻ ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം
കൊൽക്കത്ത: വോട്ടർപട്ടിക പുതുക്കുന്നതിന്റെ (എസ്.ഐ.ആർ) ഭാഗമായി പേരുകൾ ഒഴിവാക്കിയതിനെതിരെയുള്ള പരാതികൾ കേൾക്കാൻ രൂപവത്കരിച്ച അപ്പീൽ ട്രൈബ്യൂണലിൽ നിന്ന് കൊൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം രാജിവെച്ചു. തന്റെ രാജിക്കത്ത് കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറിയതായി അദ്ദേഹം പി.ടി.ഐയോട് വ്യക്തമാക്കി.
വോട്ടർപട്ടികയിൽനിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്യുന്നതിനെതിരെയുള്ള അപ്പീലുകൾ പരിഗണിക്കാൻ സുപ്രീം കോടതി നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമീഷൻ നിയമിച്ച 19 മുൻ ജഡ്ജിമാരിൽ ഒരാളായിരുന്നു അദ്ദേഹം. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കുന്നതിൽ സുപ്രധാനമായ ഇടപെടലുകൾ ട്രൈബ്യൂണൽ അംഗമെന്ന നിലയിൽ ജസ്റ്റിസ് ശിവജ്ഞാനം നടത്തിയിരുന്നു.
ഫറക്കയിലെ കോൺഗ്രസ് നേതാവ് മോട്ടാബ് ഷെയ്ഖിന്റെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തത് പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടത് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വിധിന്യായങ്ങളിൽ ഒന്നാണ്. ഈ ഉത്തരവിന് പിന്നാലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച മോട്ടാബ് ഷെയ്ഖ് വിജയിച്ചിരുന്നു.
1986ൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ടി.എസ്. ശിവജ്ഞാനം 2009ൽ മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായി. 2021ൽ കൊൽക്കത്ത ഹൈക്കോടതിയിലേക്ക് മാറിയ അദ്ദേഹം 2023 മേയ് മുതൽ 2025 സെപ്റ്റംബർ 15ന് വിരമിക്കുന്നത് വരെ അവിടെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

