Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുപ്പുറംകുൺറം ദീപത്തൂൺ വിഷയത്തിൽ വിജയ് സർക്കാരിനെതിരെ ഡിഎംകെയും ബിജെപിയും

text_fields
bookmark_border
Vijay Govt
cancel
camera_alt

വിജയ്

ചെന്നൈ: മധുര തിരുപ്പുറംകുൺറം മലമുകളിലെ 'ദീപത്തൂൺ' വിഷയവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവും അതിനെത്തുടർന്നുള്ള സംസ്ഥാന സർക്കാരിന്റെ പുനഃപരിശോധനാ ഹരജിയും തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. കേസിൽ കൃത്യമായി വാദിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷമായ ഡിഎംകെ ആരോപിക്കുമ്പോൾ, മുരുകഭക്തർ സർക്കാരിനെ പാഠം പഠിപ്പിക്കുമെന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്.

നവംബർ 20ന് പുറപ്പെടുവിച്ച സുപ്രീംകോടതി ഇടക്കാല ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ പുനഃപരിശോധനാ ഹരജി നൽകിയതാണ് പുതിയ രാഷ്ട്രീയ പോരിന് വഴിവെച്ചത്. ഒറ്റത്തവണത്തെ നടപടിയെന്ന നിലയിൽ തിരുപ്പുറംകുൺറം കുന്നിന് മുകളിലെ തർക്കത്തിലുള്ള കൽത്തൂണിൽ (ദീപത്തൂൺ) കാർത്തിക ദീപം തെളിയിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ചൊവ്വാഴ്ച ദീപം തെളിയിക്കാൻ അനുവദിച്ചുകൊണ്ടുള്ള ഈ ഉത്തരവിന് പിന്നാലെ, ശനിയാഴ്ചയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

മുരുകന്റെ ആദ്യ ക്ഷേത്രത്തിലെ ദീപം തെളിയിക്കൽ വിഷയത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് എന്തിനാണ് ഇത്രയധികം അസ്വസ്ഥനാകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ചോദിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ജോസഫ് വിജയ് ഇത്രത്തോളം തരംതാഴണോ എന്നും അദ്ദേഹം തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ ആരാഞ്ഞു. എല്ലാവർക്കുമായി ഭരിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ആരാധനാ സ്വാതന്ത്ര്യം കവർന്നെടുക്കുന്ന ഹിന്ദുവിരുദ്ധ സർക്കാരിന് മുരുകഭക്തർ തക്കതായ മറുപടി നൽകുമെന്നും നൈനാർ നാഗേന്ദ്രൻ വ്യക്തമാക്കി.

അതേസമയം, സുപ്രീംകോടതിയിൽ കേസ് ശരിയായ രീതിയിൽ വാദിക്കുന്നതിൽ ടിവികെ സർക്കാരും മുഖ്യമന്ത്രിയും പരാജയപ്പെട്ടുവെന്ന് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ കുറ്റപ്പെടുത്തി. തങ്ങളുടെ നേതാവ് എം.കെ. സ്റ്റാലിൻ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ട് രണ്ട് ദിവസമായെങ്കിലും മുഖ്യമന്ത്രി ഇതുവരെ വായ തുറന്നിട്ടില്ലെന്നും ഉദയനിധി ചൂണ്ടിക്കാട്ടി. തിരുപ്പുറംകുൺറം വിഷയത്തിൽ ഭരണകൂടത്തിന് പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് എം.കെ. സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ടെന്നും ഉദയനിധി ഓർമിപ്പിച്ചു. ഡിഎംകെ ഭരണകാലത്ത് മതസൗഹാർദ്ദവും സാമൂഹിക നീതിയും കാത്തുസൂക്ഷിച്ചിരുന്നുവെന്നും കലാപമുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കങ്ങളെ എം.കെ. സ്റ്റാലിൻ തകർക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, ടിവികെയുടെ നേതൃത്വത്തിലുള്ള സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസിന്റെ ഘടകകക്ഷിയായ എംഡിഎംകെ നേതാവ് വൈകോ സുപ്രീംകോടതി വിധിയിൽ ദുഃഖം രേഖപ്പെടുത്തി. നൂറ്റാണ്ടുകളായി മണ്ഡപത്തിന് സമീപം ദീപം തെളിയിക്കുന്ന രീതിയാണ് നിലനിന്നിരുന്നതെന്നും ഒരിക്കലും മുകളിലെ തൂണിൽ പോയി വിളക്ക് തെളിയിച്ചിരുന്നില്ലെന്നും വൈകോ പറഞ്ഞു. ഇത് ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹാർദ്ദത്തോടെ കഴിയുന്ന ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും തിരുപ്പുറംകുൺറം ചരിത്രപ്രധാനമായ സ്ഥലമായതിനാൽ ഇത്തരം നീക്കം അനാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ദർഗക്ക് സമീപം ദീപം തെളിയിക്കാൻ അനുവദിച്ച മദ്രാസ് ഹൈകോടതി ഉത്തരവുകൾക്കെതിരായ അപ്പീലുകളിലാണ് സുപ്രീംകോടതി വാദം കേട്ടുകൊണ്ടിരിക്കുന്നത്. ദർഗയിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെയുള്ള കൽത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന ഹിന്ദു ഭക്തരുടെ ആവശ്യമാണ് തർക്കത്തിന്റെ അടിസ്ഥാനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - DMK and BJP Slam Vijay Govt Over Deepathoon Row
Next Story