Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോവ ചലച്ചിത്രമേളയിലെ പുരസ്കാരം ഫലസ്തീനികൾക്ക് സമർപ്പിച്ച് തുർക്കിയ സംവിധായകൻ, വിമർശനവുമായി ഇസ്രായേൽ

text_fields
bookmark_border
https://www.madhyamam.com/tags/Faysal-Soysal
cancel
camera_alt

ഫൈസൽ സോയ്‌സൽ

ഗോവ: ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.ഐ) സമാപനച്ചടങ്ങിൽ 'റഹ്മ' എന്ന ചിത്രത്തിന് ലഭിച്ച ഐ.സി.എഫ്.ടി-യുനെസ്കോ ഗാന്ധി മെഡൽ ഫലസ്തീനിന് സമർപ്പിച്ച് തുർക്കിയ സംവിധായകൻ ഫൈസൽ സോയ്‌സൽ. ഗസ്സയിൽ കുട്ടികൾ പട്ടിണി മൂലം മരിക്കുകയും ആശുപത്രികൾ ബോംബാക്രമണത്തിൽ തകരുകയും ചെയ്യുന്ന സാഹചര്യം ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്നും രാഷ്ട്രീയ നേതാക്കൾ മൗനം പാലിക്കുകയാണെന്നും സോയ്സൽ സന്ദേശത്തിൽ പറഞ്ഞു.

ഗസ്സയിലെ കുട്ടികളുൾപ്പെടെയുള്ള ഫലസ്തീനികൾക്കാണ് പുരസ്കാരം സമർപ്പിക്കുന്നതെന്നും അവിടെ നഷ്ടപ്പെട്ട മനുഷ്യത്വത്തിന്റെ പുനർജന്മത്തിന് ഇത് പ്രതീകമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മഹാത്മാ ഗാന്ധിയെപ്പോലുള്ള നേതാക്കൾ നീതി, സ്വാതന്ത്ര്യം, സമാധാനം എന്നിവയ്ക്കായി മനുഷ്യരാശിയെ ഒന്നിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന സോയ്സലിന്റെ സന്ദേശം സുഹൃത്തും ഛായാഗ്രാഹകനുമായ എമ്രെ പെകാകർ ആണ് സന്ദേശം വായിക്കുകയും പുരസ്ക്കാരം അദ്ദേഹത്തിനുവേണ്ടി ഏറ്റുവാങ്ങുകയും ചെയ്തത്.

അതേസമയം സോയ്‌സലിയുടെ പ്രസംഗത്തിനെതിരേ ഇന്ത്യയിലെ ഇസ്രായേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച് രംഗത്തെത്തി. പുരസ്കാരച്ചടങ്ങിനെ സ്വന്തം രാഷ്ട്രീയ സന്ദേശത്തിനായി ഉപയോഗിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സോയ്സലിന്റെ പരാമർശത്തിനെതിരേ എക്സിലൂടെയാണ് ഇസ്രായേൽ കോൺസൽ ജനറൽ പ്രതികരിച്ചത്.

അഭിപ്രായവ്യത്യാസങ്ങളും ഇസ്രായേലിനെ വിമർശിക്കാനുള്ള അവകാശവും അംഗീകരിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം, തുർക്കിയയിലെ അർമേനിയൻ വംശഹത്യ അംഗീകരിക്കാത്ത നിലപാടിനെയും രാഷ്ട്രീയ എതിർപ്പിനും അഭിപ്രായസ്വാതന്ത്ര്യത്തിനുമുള്ള നിയന്ത്രണങ്ങളെയും ചൂണ്ടിക്കാട്ടി. ഇന്ത്യ-ഇസ്രായേൽ ബന്ധത്തിൽ ഭിന്നതയുണ്ടാക്കാനാണ് ഇത്തരം പരാമർശങ്ങളെന്നും അദ്ദേഹം ആരോപിച്ചു.

ഗർഭം ധരിക്കാൻ കഴിയാത്തതിന്റെ വിഷമത്തിൽ കഴിയുന്ന ഉർഫയിലെ പുരാവസ്തു ഗവേഷകയായ മെറിയമിന്റെയും ഒൻപതുകാരിയായ സിറിയൻ അനാഥബാലിക റഹ്മയുടെയും ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ മാനുഷികമായ അവതരണവും വൈകാരികമായ ആഖ്യാനവുമാണ് പുരസ്കാരത്തിന് പരിഗണിച്ചത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Director Dedicates Goa Award; Israel Criticizes
Next Story