ഡൽഹിയിൽ സ്ത്രീ സുരക്ഷക്ക് കർശന നടപടികൾ; 50,000 സിസിടിവിയും ഒരു ലക്ഷം തെരുവ് വിളക്കുകളും സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി
text_fieldsരേഖ ഗുപ്ത
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ഒരു പാർക്കിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തെ തുടർന്ന് തലസ്ഥാനത്ത് വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ, സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികളുമായി ഡൽഹി സർക്കാർ.
ഡൽഹി സൗത്ത് ക്യാമ്പസിലെ മൈത്രേയി കോളജിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി രേഖ ഗുപ്ത സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് നിർണായക പ്രഖ്യാപനങ്ങൾ നടത്തിയത്. നഗരത്തിലെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 50,000 സിസിടിവി ക്യാമറകളും ഒരു ലക്ഷം തെരുവ് വിളക്കുകളും സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ‘സുരക്ഷയുടെ പേരിൽ പെൺകുട്ടികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
‘വീട്ടിലും കുടുംബത്തിലും സമൂഹത്തിലും നിയന്ത്രണങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ എല്ലാവരും പെൺകുട്ടികൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. എന്തുകൊണ്ടാണ് എല്ലാം പെൺകുട്ടികൾക്ക് മാത്രം? ആൺകുട്ടികൾക്ക് എന്താണുള്ളത്? ആളുകൾ ആൺകുട്ടികളെ എപ്പോഴാണ് മനസ്സിലാക്കി കൊടുക്കുക? ഇത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. നമ്മൾ നമ്മുടെ പെൺമക്കളെ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ടെങ്കിൽ, ആൺകുട്ടികളെയും അതേ കാര്യങ്ങൾ പഠിപ്പിക്കണം’ മുഖ്യമന്ത്രി പറഞ്ഞു.
‘ഇന്ന് ഒരു സ്ത്രീയെന്ന നിലയിലും, ഒരു അമ്മയെന്ന നിലയിലും, ഒരു മുഖ്യമന്ത്രി എന്ന നിലയിലും, ഇവിടെയുള്ള എന്റെ എല്ലാ പെൺമക്കളോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഞാൻ നിങ്ങൾക്കൊപ്പമുണ്ട് എന്നാണ്. രാജ്യത്തെ പെൺമക്കൾ ഇപ്പോൾ മിണ്ടാതിരിക്കുന്നില്ല എന്നതിൽ എനിക്ക് സന്തോഷമുണ്ട്. അവർ ശബ്ദമുയർത്തുന്നു. ഈ ശബ്ദം ഒരിക്കലും അടിച്ചമർത്തപ്പെടരുത് എന്നതിന് നമ്മൾ പ്രാധാന്യം നൽകണം’ മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാർഥികൾ ഉപയോഗിക്കുന്ന റോഡുകളിലെ ഇരുണ്ട ഇടങ്ങൾ പരിഹരിക്കാൻ ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാനും, ബസ് സ്റ്റോപ്പുകളിലും മറ്റ് പൊതു ഇടങ്ങളിലും സിസിടിവി കാമറകൾ സ്ഥാപിക്കാനും, കോളേജുകൾക്ക് ചുറ്റും പട്രോളിങ് വർധിപ്പിക്കാനും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്താനും നിർദേശം നൽകിയിട്ടുണ്ട്. കോളജുകളിൽ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്താനും, വൈകുന്നേരങ്ങളിൽ ഷട്ടിൽ സേവനങ്ങളും യു-സ്‌പെഷ്യൽ, മെട്രോ ഫീഡർ ബസുകളും ഏർപ്പെടുത്താനും നിർദേശമുണ്ട്.
അതേസമയം, ബുധനാഴ്ച ലെഫ്റ്റനന്റ് ഗവർണർ ടി എസ് സന്ധു നിരവധി വനിതാ കോളജുകളിലെ പ്രിൻസിപ്പൽമാരുമായി യോഗം ചേർന്നു. ഡൽഹി സർവകലാശാലയിലെ വനിതാ കോളജുകളായ ലേഡി ശ്രീറാം കോളജ്, മിറാൻഡ ഹൗസ്, ഇന്ദ്രപ്രസ്ഥ കോളജ്, ജീസസ് & മേരി കോളജ്, ഗാർഗി കോളജ് എന്നിവയുടെ പ്രിൻസിപ്പൽമാർക്ക് പുറമെ, ഡിയു വൈസ് ചാൻസലർ യോഗേഷ് സിങ്, പൊലീസ് ഉദ്യോഗസ്ഥർ, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, ഗതാഗത വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

