മലിനീകരണം തടയാൻ കർശന നടപടികളുമായി ഡൽഹി സർക്കാർ; നവംബർ മുതൽ പാർക്കിങ് ഫീസ് ഇരട്ടിയാക്കും, 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
text_fields(ഫയൽ ചിത്രം)
ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമാകുന്ന ശീതകാലം മുന്നിൽ കണ്ട് കർശന പ്രതിരോധ നടപടികൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാർക്കിങ് ഫീസ് ഇരട്ടിയാക്കാനും, സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' ഏർപ്പെടുത്താനും തീരുമാനിച്ചു.
സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി നവംബർ 1 മുതൽ അംഗീകൃത പാർക്കിങ് കേന്ദ്രങ്ങളിൽ ഫീസ് ഇരട്ടിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള പാർക്കിങ് കേന്ദ്രങ്ങൾ ഒഴികെയുള്ളവയിൽ 2027 ഫെബ്രുവരി 28 വരെ ഈ നിയമം ബാധകമായിരിക്കും. കൂടാതെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി ഓഫീസുകൾ രാവിലെ 8:30 മുതൽ വൈകുന്നേരം 5:00 വരെയും, ഡൽഹി സർക്കാർ ഓഫീസുകൾ രാവിലെ 10:00 മുതൽ വൈകുന്നേരം 6:30 വരെയുമായിരിക്കും പ്രവർത്തിക്കുക. നവംബർ 1 മുതൽ ഫെബ്രുവരി 28 വരെ ഈ പുതിയ സമയക്രമം നിലവിലുണ്ടാകും.
മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി സർക്കാർ, സ്വകാര്യ ഓഫീസുകളിൽ നവംബർ 1 മുതൽ ഫെബ്രുവരി 28 വരെ പകുതി ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ബാക്കി 50 ശതമാനം ജീവനക്കാർ മാത്രമായിരിക്കും ഓഫീസുകളിൽ ഹാജരാകുക. കൂടാതെ, ഡിസംബർ 10 മുതൽ 2027 ജനുവരി 20 വരെ നിർമാണ, പൊളിക്കൽ പ്രവർത്തനങ്ങൾക്ക് പൂർണ നിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്. പൊടിപടലങ്ങൾ ഉണ്ടാക്കുന്ന നിർമാണ പ്രവർത്തനങ്ങളും നവംബർ 1 മുതൽ ജനുവരി 31 വരെ നിർത്തിവെക്കും.
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിൽ പര്യവരൺ ഭവനിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ എടുത്തത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്, ഡൽഹി ഭക്ഷ്യ-വിതരണ മന്ത്രി മജീന്ദർ സിങ് സിർസ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഡൽഹിയിലെ ജനങ്ങൾക്ക് ശുദ്ധവായു ഉറപ്പാക്കുന്നത് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണെന്നും, മലിനീകരണ നിയന്ത്രണത്തിനായി വർഷം മുഴുവൻ ശാസ്ത്രീയമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

