പരന്തൂർ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി ഉപേക്ഷിച്ച് വിജയ് സർക്കാർ; സാധാരണക്കാരെ കുടിയൊഴിപ്പിച്ചുള്ള വികസന പദ്ധതി തമിഴ്‌നാട്ടിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി
text_fieldsവിജയ്
ചെന്നൈ: ഏറെ നാളുകളായി കർഷക പ്രക്ഷോഭങ്ങൾക്കും രൂക്ഷമായ തർക്കങ്ങൾക്കും വഴിവെച്ച പരന്തൂർ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി തമിഴ്‌നാട് സർക്കാർ പൂർണ്ണമായും ഉപേക്ഷിച്ചു. ചെന്നൈ നഗരാതിർത്തിയായ കാഞ്ചിപുരത്തിന് സമീപമുള്ള പരന്തൂരിൽ വിമാനത്താവളം നിർമിക്കാനുള്ള മുൻ തീരുമാനത്തിനെതിരെ പ്രദേശവാസികളും കർഷകരും മാസങ്ങളായി ശക്തമായ എതിർപ്പുമായി രംഗത്തുണ്ടായിരുന്നു. പദ്ധതി നടപ്പിലാക്കിയാൽ ആയിരക്കണക്കിന് ഏക്കർ ഫലഭൂയിഷ്ഠമായ കൃഷിഭൂമിയും ജനങ്ങളുടെ കിടപ്പാടവും നഷ്ടപ്പെടുമെന്ന ആശങ്ക സർക്കാർ മുഖവിലക്കെടുത്തതോടെയാണ് പദ്ധതിക്ക് പൂർണ്ണവിരാമമായത്.
പരന്തൂർ പദ്ധതിക്കെതിരെയുള്ള ഉറച്ച ജനപക്ഷ നിലപാട് തമിഴ്‌നാട് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. സാധാരണക്കാരായ ജനങ്ങളെയും കർഷകരെയും സ്വന്തം മണ്ണിൽ നിന്ന് കുടിയൊഴിപ്പിച്ചുകൊണ്ട് ഒരു വികസന പദ്ധതിയും തമിഴ്‌നാട്ടിൽ നടപ്പിലാക്കില്ലെന്ന് വിജയ് ഉറപ്പിച്ചു പറഞ്ഞു. കിടപ്പാടവും കൃഷിഭൂമിയും നഷ്ടപ്പെടുന്ന പതിനായിരക്കണക്കിന് സാധാരണക്കാരുടെ കണ്ണീരിനൊപ്പമാണ് സർക്കാർ ഉറച്ചുനിൽക്കുന്നത്. ഗ്രാമീണരുടെയും കർഷകരുടെയും ഉപജീവനമാർഗ്ഗം തകർക്കുന്ന പദ്ധതികളുമായി മുന്നോട്ടു പോകില്ലെന്നും വിജയ് വ്യക്തമാക്കി.
പരന്തൂരിന് പകരം സംസ്ഥാനത്തിന്റെ വ്യോമയാന ആവശ്യങ്ങൾക്ക് അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്താനുള്ള നടപടികൾ സർക്കാർ ഇതിനകം ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതിക്കും ജലാശയങ്ങൾക്കും ആഘാതമുണ്ടാക്കാത്തതും ജനവാസ മേഖല അല്ലാത്തതുമായ സ്ഥലങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്. വിദഗ്ധ സംഘങ്ങളുടെ നേതൃത്വത്തിൽ സാങ്കേതിക പഠനങ്ങൾ പൂർത്തിയാക്കി, ജനങ്ങൾക്ക് എതിർപ്പില്ലാത്ത അനുയോജ്യമായ സ്ഥലം കണ്ടെത്തിയ ശേഷമേ പുതിയ വിമാനത്താവള പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ.
പുതിയ വിമാനത്താവളം യാഥാർത്ഥ്യമാകുന്നതുവരെ ചെന്നൈ നഗരത്തിലെ വ്യോമയാന ഗതാഗത തിരക്ക് പരിഹരിക്കുന്നതിനായി ബദൽ മാർഗ്ഗവും സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവിലുള്ള ചെന്നൈ മീനംപാക്കം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ അഞ്ചാമത്തെ ടെർമിനൽ നിർമിക്കാനാണ് തീരുമാനം. മീനംപാക്കത്തെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് കൂടുതൽ വിമാന സർവീസുകളും യാത്രക്കാരെയും കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കുന്നതിലൂടെ നഗരത്തിലെ യാത്രാ പ്രതിസന്ധിക്ക് ഫലപ്രദമായ പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

