Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട്ടിൽ...

തമിഴ്നാട്ടിൽ വോട്ടെടുപ്പിനിടെ സംഘർഷം; ബൂത്തിനകത്ത് സ്ഥാനാർഥി ഏജന്റുമാർ തമ്മിൽ കയ്യാങ്കളി

text_fields
bookmark_border
തമിഴ്നാട്ടിൽ വോട്ടെടുപ്പിനിടെ സംഘർഷം; ബൂത്തിനകത്ത് സ്ഥാനാർഥി ഏജന്റുമാർ തമ്മിൽ കയ്യാങ്കളി
cancel
camera_alt

സംഘർഷം

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ സേലത്തെ അരിസിപാളയത്തുള്ള പോളിങ് ബൂത്തിൽ സംഘർഷം. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ ഏജന്റുമാർ തമ്മിലുണ്ടായ തർക്കം ഒടുവിൽ കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഡി.എം.കെ ഏജന്റ് വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ചതാണ് തർക്കത്തിന് തുടക്കമിട്ടത്.

ഒരു വനിതാ വോട്ടർ ഇടപെട്ടതോടെ സ്ഥിതി വഷളായി. എ.ഐ.എ.ഡി.എം.കെ ഏജന്റിനെ ഇവർ മർദിക്കുകയും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. സംഘർഷത്തിൽ ഏജന്റിന്റെ വസ്ത്രം കീറുകയും പരിക്കേൽക്കുകയും ചെയ്തു. എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ തന്നെ അധിക്ഷേപിച്ചുവെന്ന് വനിതാ വോട്ടർ പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ചെന്നൈ എസ്‌.ഐ.ഇ.ടി കോളജ് ബൂത്തിൽ മകൻ ഉദയനിധി സ്റ്റാലിനൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മാധ്യമങ്ങളെ കണ്ടു. അമിത ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം. "ഇത് തമിഴ്നാട് ടീമും ഡൽഹി ടീമും തമ്മിലുള്ള പോരാട്ടമാണ്. തമിഴ്നാട് തന്നെ വിജയിക്കും," സ്റ്റാലിൻ പ്രഖ്യാപിച്ചു.

തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ്, വോട്ടിങ് സമയം രണ്ട് മണിക്കൂർ കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പലയിടത്തും ഗതാഗത തടസ്സവും പോളിങ് മന്ദഗതിയിലായതും അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ടർമാരെ ബൂത്തിലെത്തിക്കാൻ സർക്കാർ ബസ് സൗകര്യം ഏർപ്പെടുത്താത്തത് മനഃപൂർവമാണെന്നും അദ്ദേഹം ആരോപിച്ചു.

ചെന്നൈയിൽ മകൾ ശ്രുതി ഹാസനൊപ്പം എത്തിയാണ് കമൽ ഹാസൻ വോട്ട് രേഖപ്പെടുത്തിയത്. തിരുപ്പൂരിൽ പുലർച്ചെ 4 മണിക്ക് വിവാഹം കഴിഞ്ഞയുടൻ, കല്യാണ വസ്ത്രം പോലും മാറാതെ വോട്ട് ചെയ്യാനെത്തിയ ദമ്പതികൾ വോട്ടർമാരുടെ ശ്രദ്ധാകേന്ദ്രമായി.

തിരുപ്പൂരിലെ രണ്ട് ബൂത്തുകളിൽ വോട്ടിങ് മെഷീൻ തകരാറിലായത് ചെറിയ തോതിൽ ആശങ്ക പരത്തി. ഇതിനെത്തുടർന്ന് ഏകദേശം അരമണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ടെങ്കിലും പിന്നീട് ഉദ്യോഗസ്ഥരെത്തി തകരാർ പരിഹരിച്ച് വോട്ടിങ് പുനരാരംഭിച്ചു. സംസ്ഥാനത്തുടനീളം കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. വൈകുന്നേരം വരെ വോട്ടിങ് ശതമാനത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK Stalintamil nadu politicsTamil Nadu ElectionActor Vijay
News Summary - Clashes break out during voting in Tamil Nadu; Candidate agencies scuffle inside booth
Next Story