‘ഞാൻ സിനിമയിലാണ് അഭിനയിച്ചത്, രാഷ്ട്രീയത്തിലല്ല’; ഭരണപക്ഷത്തിന് മറുപടിയുമായി വിജയ്
text_fieldsവിജയ്
ചെന്നൈ: രാഷ്ട്രീയത്തിൽ താൻ അഭിനയിക്കുകയല്ലെന്ന് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചെന്നൈയിൽ സംഘടിപ്പിച്ച പാർട്ടി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ വെറുമൊരു നടനായി ചിത്രീകരിക്കുന്ന മന്ത്രിമാർക്കും രാഷ്ട്രീയ എതിരാളികൾക്കും കടുത്ത ഭാഷയിലാണ് താരം മറുപടി നൽകിയത്.
‘വിജയ് ഒരു നടനാണ്, വെറുമൊരു നടനാണ് എന്ന് ഒരു മന്ത്രി എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു. അതെ, ഞാൻ ഒരു നടനാണ്. വലിയൊരു കാര്യം കണ്ടുപിടിച്ച രീതിയിലാണ് അദ്ദേഹം ഇത് പറയുന്നത്. പക്ഷേ ഞാൻ സിനിമയിലാണ് അഭിനയിച്ചത്, രാഷ്ട്രീയത്തിലല്ല. നിങ്ങൾ രാഷ്ട്രീയത്തിൽ നാടകത്തിന് മേൽ നാടകം കളിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെയെങ്കിൽ നിങ്ങളെ നടന്മാരെന്നും നടിമാരെന്നും വിളിക്കണമോ?’ വിജയ് ചോദിച്ചു.
കഴിഞ്ഞ വർഷം കരൂരിലെ ടി.വി.കെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 40 പേർ മരിച്ച സംഭവത്തിൽ തന്നെ കുറ്റപ്പെടുത്തുന്നവർക്കെതിരെയും വിജയ് പ്രതികരിച്ചു. ‘പൊലീസ് അനുമതി നൽകിയ സമയത്ത് തന്നെ ഞാൻ അവിടെ എത്തിയിരുന്നു. എല്ലാം തത്സമയംഎല്ലാവരും കണ്ടതാണ്. ജനങ്ങളെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം മനസാക്ഷിയോട് ചോദിക്കൂ’ വിജയ് പറഞ്ഞു.
വിജയിയുടെ പ്രസംഗം വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. വിജയ് രാഷ്ട്രീയം സിനിമ പോലെ എളുപ്പമാണെന്ന് കരുതുകയാണെന്നും ഏതാനും വർഷങ്ങൾക്കുള്ളിൽ അദ്ദേഹം സിനിമയിലേക്ക് തന്നെ മടങ്ങുമെന്നും ചിലർ പരിഹസിച്ചു. ഒരു സംസ്ഥാനം ഭരിക്കാൻ സിനിമയിലെ പരിചയം മാത്രം മതിയോ എന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്.
2024 ഫെബ്രുവരി 2നാണ് വിജയ് തമിഴക വെട്രി കഴകം രൂപീകരിച്ചത്. ഏപ്രിൽ 23ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും ടി.വി.കെ മത്സരിക്കുന്നുണ്ട്. ഇതിനിടെ, വിജയിയുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജനനായകൻ' സെൻസർ ബോർഡുമായുള്ള തർക്കത്തെത്തുടർന്ന് റിലീസ് പ്രതിസന്ധിയിലാണ്. സിനിമ ഓൺലൈനിൽ ചോർന്നതും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

