Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചാബ് തെരഞ്ഞെടുപ്പിൽ വീണ്ടും ബി.ജെ.പി, അകാലിദൾ സഖ്യം

text_fields
bookmark_border
https://www.madhyamam.com/tags/punjab-election
cancel
camera_alt

2027-ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയും ശിരോമണി അകാലിദളും (എസ്എഡി) നടത്തിയ വാർത്താസമ്മേളനം

ന്യൂഡൽഹി: ആറുവർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സഖ്യകക്ഷികളായി ബി.ജെ.പിയും ശിരോമണി അകാലിദളും. ഇന്ന് ന്യൂഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ എന്നിവർ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. 2027ൽ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചതായി അമിത് ഷാ പറഞ്ഞു.

2029 ഡിസംബർ 31നകം പഞ്ചാബിനെ ലഹരിമുക്ത സംസ്ഥാനമാക്കുകയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രകടനപത്രികയും പുറത്തിറക്കും.

പഞ്ചാബിലും രാജ്യത്തും ഹിന്ദു–സിഖ് സാഹോദര്യത്തിന്റെ പ്രതീകമായി ഈ സഖ്യം മാറുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. സഖ്യം 100ലധികം സീറ്റുകൾ നേടുമെന്ന് അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ അവകാശപ്പെട്ടു.

കർഷകരുടെയും സിഖ് സമൂഹത്തിന്റെയും മറ്റ് വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, നിതിൻ നബിൻ എന്നിവരുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും പ്രശ്നങ്ങൾ ഒരുമിച്ച് പരിഹരിക്കാമെന്ന് അവർ ഉറപ്പുനൽകിയതായും ബാദൽ പറഞ്ഞു. അതേസമയം, സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്.

സഖ്യം സ്വാഭാവികമായ ഒന്നാണെന്നും സീറ്റ് വിഭജനം പിന്നീട് ചർച്ച ചെയ്യുമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ വ്യക്തമാക്കി. പഞ്ചാബ് നിയമസഭയിലെ 117 സീറ്റുകളിലും സഖ്യം മത്സരിക്കുമെന്ന് അമിത് ഷാ അറിയിച്ചു. മുഖ്യമന്ത്രിപദം അകാലിദളിനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2020 സെപ്റ്റംബറിലാണ് വിവാദമായ മൂന്ന് കാർഷിക നിയമങ്ങളുടെ പേരിൽ 24 വർഷം നീണ്ട ബി.ജെ.പി–അകാലിദൾ സഖ്യം തകർന്നത്. കർഷക പ്രതിഷേധത്തിനിടെ നിയമങ്ങളോടുള്ള വിയോജിപ്പ് അറിയിച്ചായിരുന്നു അകാലിദൾ എൻ.ഡി.എ വിട്ടത്.

അന്ന് അകാലിദൾ നേതാവും എം.പിയുമായ ഹർസിമ്രത് കൗർ ബാദൽ കേന്ദ്ര മന്ത്രിസഭയിൽനിന്ന് രാജിവെച്ചിരുന്നു. കഴിഞ്ഞ മാസം ഡൽഹിയിൽ നടത്തിയ പ്രസംഗത്തിൽ 2027ൽ പഞ്ചാബിൽ എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തുമെന്ന് അമിത് ഷാ പ്രവചിച്ചിരുന്നു.

നവംബർ ഒന്നിന് ചണ്ഡീഗഢിലെത്തിയപ്പോഴും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു. ഇതോടെ ബി.ജെ.പി–അകാലിദൾ സഖ്യം വീണ്ടും രൂപപ്പെടുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും (എ.എ.പി) ഒഴികെ തന്റെ പാർട്ടിയുടെ ആശയങ്ങളോട് യോജിക്കുന്ന മറ്റുപാർട്ടികളുമായി സഖ്യത്തിന് തയ്യാറാണെന്ന് സുഖ്ബീർ സിങ് ബാദൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 117ൽ രണ്ട് സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. അകാലിദളിന് മൂന്ന് സീറ്റുകളിലും വിജയിക്കാനേ കഴിഞ്ഞുള്ളൂ. സഖ്യം നിലനിന്നിരുന്ന കാലത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 23 സീറ്റുകളിലും അകാലിദൾ 94 സീറ്റുകളിലുമായിരുന്നു മത്സരിച്ചിരുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അകാലിദൾ 10 സീറ്റുകളിലും ബി.ജെ.പി മൂന്ന് സീറ്റുകളിലുമായിരുന്നു മത്സരിച്ചിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP and Akali Dal Reunite
Next Story