മോശം സേവനം; എയർ ഇന്ത്യ 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
text_fieldsന്യൂഡൽഹി: ഡൽഹി-ന്യൂയോർക് വിമാന യാത്രക്കിടെ, മോശം സേവനമാണ് ലഭിച്ചതെന്ന പരാതിയിൽ എയർ ഇന്ത്യയോട് 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവിട്ട് ഡൽഹി ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ.
ഉയർന്ന തുക ടിക്കറ്റ് നിരക്കായി നൽകിയിട്ടും അസ്വസ്ഥതയും വിഷമവും നിറഞ്ഞ യാത്രാനുഭവമുണ്ടായെന്ന് ചൂണ്ടിക്കാട്ടി ശൈലേന്ദ്ര ഭട്നഗറും മകളും നൽകിയ പരാതിയിലാണ് നടപടി. സീറ്റുകളുടെ ഗുണനിലവാരമില്ലായ്മ, മോശം ഭക്ഷണവും ശുചിമുറിയും, ക്യാബിൻ ക്രൂവിന്റെ പെരുമാറ്റം തുടങ്ങിയ പ്രശ്നങ്ങളാണ് പരാതിയിൽ ഉന്നയിച്ചത്. നീണ്ട യാത്രക്കിടെ, പരിഹാരത്തിനായുള്ള ആവർത്തിച്ചുള്ള അഭ്യർഥനകൾ അവഗണിക്കപ്പെട്ടെന്നും പരാതിക്കാർ വ്യക്തമാക്കി.
ബിസിനസ് ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആവശ്യപ്പെട്ടത് നിരസിച്ചതാണ് പരാതിക്ക് കാരണമെന്ന എയർ ഇന്ത്യയുടെ വാദം കമീഷൻ അംഗീകരിച്ചില്ല. വലിയ തുക യാത്രക്കായി നൽകിയിട്ടും അത്യാവശ്യ സേവനങ്ങൾ ലഭ്യമാക്കാൻ വിമാനക്കമ്പനി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയ കമീഷൻ പരാതിക്കാരായ പിതാവിനും മകൾക്കും 50,000 രൂപ വീതം നഷ്ടപരിഹാരവും 50,000 രൂപ കോടതി ചെലവായും നൽകാനാണ് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

