'വിദേശനയം തിരുത്തിയെഴുതുന്ന സമീപനം'; ഖാംനഈയുടെ സംസ്കാര ചടങ്ങിൽ മോദി പങ്കെടുക്കണമെന്ന് അസദുദ്ദീൻ ഉവൈസി
text_fieldsഅസദുദ്ദീൻ ഉവൈസി
ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ക്ഷണത്തിന് പിന്നാലെ, കേന്ദ്ര സർക്കാരിന്റെ വിദേശനയത്തിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി രംഗത്ത്. ചടങ്ങിൽ പ്രധാനമന്ത്രി തീർച്ചയായും പങ്കെടുക്കണമെന്നും ഇറാനിലേക്ക് പോകണമെന്നും ഉവൈസി ആവശ്യപ്പെട്ടു.
ഇന്ത്യയുടെ പരമ്പരാഗത വിദേശനയം തിരുത്തിയെഴുതുന്ന സമീപനമാണ് മോദി സർക്കാർ സ്വീകരിക്കുന്നതെന്ന് ഉവൈസി കുറ്റപ്പെടുത്തി. "രാജ്യത്തിന്റെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ലോകത്തെ എല്ലാ രാജ്യങ്ങളുമായും തുല്യ അകലത്തിൽ സൗഹൃദം പുലർത്തുന്നതായിരുന്നു ഇന്ത്യയുടെ പഴയ നയം. എന്നാൽ, സമീപകാലത്തായി നമ്മുടെ നയതന്ത്ര മുൻഗണനകൾ ഇസ്രായേലുമായി മാത്രം ഒതുങ്ങിനിൽക്കുന്നതായി തോന്നുന്നു," ഉവൈസി ചൂണ്ടിക്കാട്ടി. മുൻപ് ഇസ്രായേൽ സന്ദർശന വേളയിൽ പ്രധാനമന്ത്രി ഇന്ത്യയുടെ നിലപാട് പരസ്യമായി പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിലവിലെ പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഇസ്രായേലിന്റെ നിലപാടിനെതിരെയും ഉവൈസി ആഞ്ഞടിച്ചു. അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേലാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടതെന്നും, ഇതിന്റെ ഫലമായി പതിനായിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. മേഖലയിൽ പട്ടിണിയും ദുരിതവും രൂക്ഷമാണെന്നും ഉവൈസി വ്യക്തമാക്കി.
ഇറാൻ പ്രസിഡന്റ് പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ച സാഹചര്യത്തിൽ, വിദേശനയത്തിലെ സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ സന്ദർശനം സഹായിക്കുമെന്ന വിലയിരുത്തലിലാണ് ഉവൈസിയുടെ പ്രസ്താവന. ഇന്ത്യ സ്വീകരിക്കുന്ന പക്ഷപാതപരമായ നിലപാടുകൾ രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.അടുത്ത മാസമാണ് ആയത്തുള്ള ഖാംനഈയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

