ഗുരുതര പാർശ്വഫലം; മൂന്ന് ഇന്ത്യൻ നിർമിത ചുമമരുന്നുകൾക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
text_fieldsന്യൂഡൽഹി: ഗുരുതര പാർശ്വഫലങ്ങളുണ്ടാക്കിയേക്കുമെന്ന് കണ്ടെത്തിയതിന് പിന്നാലെ മൂന്ന് ഇന്ത്യൻ നിർമിത ചുമമരുന്നുകൾക്കെതിരെ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന (ഡബ്ള്യൂ.എച്ച്.ഒ). ഗുണനിലവാരമില്ലാത്ത ചുമമരുന്ന് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 26 കുട്ടികൾ മരിച്ചതിന് പിന്നാലെയാണ് നടപടി.
ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് പുറത്തിറക്കുന്ന കോൾഡ്രിഫ്, റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസിന്റെ റെസ്പിഫ്രെഷ് ടി.ആർ, ഷേപ് ഫാർമയുടെ റെലൈഫ് എന്നിവയെക്കുറിച്ചാണ് ഡബ്ള്യൂ.എച്ച്.ഒ മുന്നറിയിപ്പ് പുറത്തിറക്കിയത്. ഇവയുടെ ഉപയോഗം ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാക്കിയേക്കുമെന്നും ജീവഹാനിക്ക് വരെ കാരണമാകുമെന്നും സംഘടന മുന്നറിയിപ്പിൽ പറയുന്നു.
മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികളുടെ ജീവൻ കവർന്നത് ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ കോൾഡ്രിഫ് എന്ന ചുമമരുന്നാണ്. കോൾഡ്രിഫ് അടക്കം പാർശ്വഫലമുണ്ടാക്കുന്നതായി കണ്ടെത്തിയ മരുന്നുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ഇന്ത്യയോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് മറുപടിയായി, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയ മരുന്നുകൾ ഒന്നും കയറ്റുമതി ചെയ്തിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
സംഭവത്തിന് പിന്നാലെ, കോൾഡ്രിഫ് സിറപ്പ് പുറത്തിറക്കിയ ശ്രീശൻ ഫാർമയുടെ ലൈസൻസ് തമിഴ്നാട് സർക്കാർ റദ്ദാക്കിയിരുന്നു. കമ്പനി ഉടമ രംഗനാഥനെ അറസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട്. കോൾഡ്രിഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളിൽ വൃക്കസംബന്ധമായ തകരാറുകൾ കണ്ടെത്തിയിരുന്നു. സിറപ്പിൽ 48.6ശതമാനം ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിരുന്നതായി എസ്.ഐ.ടി കണ്ടെത്തിയിരുന്നു. വ്യവസായിക മേഖലയിൽ ഉപയോഗിക്കുന്ന ഒരു വിഷ രാസവസ്തുവാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

