ചുമ മരുന്ന് മരണം: ഫാർമ കമ്പനി ഉടമ ഒളിവിൽ
text_fieldsചെന്നൈ: ചുമ മരുന്ന് കഴിച്ച് വൃക്ക തകരാറിലായി 20 കുട്ടികൾ മരിച്ച സംഭവത്തിൽ കാഞ്ചീപുരത്തെ ശ്രീസൻ ഫാർമസ്യൂട്ടിക്കൽസ് ഉടമ ജി. രംഗനാഥൻ (73) ഒളിവിൽ പോയി. കേസന്വേഷിക്കുന്ന മധ്യപ്രദേശ് പൊലീസ് ടീം ബുധനാഴ്ച കാഞ്ചിപുരത്തെ മരുന്ന് നിർമാണ യൂനിറ്റ് പരിശോധിച്ചു. രംഗനാഥൻ ഉൾപ്പെടെ പ്രതികളെ പിടികൂടുന്നതിന് ഇവർ തമിഴ്നാട് പൊലീസിന്റെ സഹായം തേടി.
സീഗോ ലാബ്‌സ്, ഇവൻ ഹെൽത്ത്‌കെയർ എന്നീ ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളുമായും രംഗനാഥന് അടുത്ത ബന്ധമാണുള്ളത്. അടച്ചുപൂട്ടിയ കാഞ്ചിപുരത്തെ യൂനിറ്റിന് മുന്നിലായി തമിഴ്‌നാട് ഡ്രഗ്സ് കൺട്രോൾ വകുപ്പ് ചൊവ്വാഴ്ച കാരണം കാണിക്കൽ നോട്ടീസ് പതിച്ചിരുന്നു. നിർമിച്ച മൊത്തം മരുന്നിന്റെ അളവ്, അസംസ്കൃത വസ്തുക്കളുടെയും പ്രൊപിലീൻ ഗ്ലൈക്കോളിന്റെയും ഇൻവോയ്‌സുകൾ, പാക്കിങ് മെറ്റീരിയൽ വിശദാംശങ്ങൾ, മരുന്നിന്റെ മാസ്റ്റർ ഫോർമുല എന്നിവ ഒരാഴ്ചക്കകം നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന മരുന്ന് നിർമാണ യൂനിറ്റിൽ അടിസ്ഥാന സൗകര്യങ്ങളോ യോഗ്യതയുള്ള ജീവനക്കാരോ ഉണ്ടായിരുന്നില്ല. ചെന്നൈ കോടമ്പാക്കത്ത് അപ്പാർട്മെന്റ് കെട്ടിടത്തിലെ ഒന്നാംനിലയിൽ പ്രവർത്തിച്ചിരുന്ന രജിസ്ട്രേഡ് ഓഫിസും ഒഴിഞ്ഞുകൊടുത്തനിലയിലാണ്. മദ്രാസ് മെഡിക്കൽ കോളജിൽ നിന്ന് ഫാർമസി ബിരുദം നേടിയ രംഗനാഥൻ നാലു പതിറ്റാണ്ടിലേറെയായി ഈ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

