ജീവനെടുക്കുന്ന ജാഗ്രതക്കുറവ്; തുരുമ്പുപാത്രത്തിലും റബർ കാനുകളിലും നിർമാണം, മരുന്നുവിപണിയിൽ പരിശോധന സംവിധാനങ്ങൾ പാളം തെറ്റുന്നോ?
text_fieldsന്യൂഡൽഹി: മരുന്നുകളുടെ ഗുണനിലവാരം സംബന്ധിച്ച് പരാതികൾ വ്യാപകമാകുമ്പോഴും രാജ്യത്ത് മതിയായ ജീവനക്കാരുടെ അഭാവത്തിൽ നട്ടം തിരിഞ്ഞ് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ). 10,500 മരുന്ന് ഉത്പാദന കേന്ദ്രങ്ങളുള്ള രാജ്യത്ത് ഇവിടങ്ങളിൽ പരിശോധനക്ക് 1,500ൽ താഴെ ഡ്രഗ് ഇൻസ്പെക്ടർമാർ മാത്രമാണ് ഉള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
മരുന്നുകളും ഉത്പാദന കേന്ദ്രങ്ങളും സംബന്ധിച്ച് പരാതികൾ വ്യാപകമാകുന്നതിനിടെയാണ് ആശങ്കാജനകമായ കണക്കുകൾ ചൂണ്ടിക്കാട്ടപ്പെടുന്നത്. ഗുണമേൻമ പരിശോധനകളും മാനദണ്ഡങ്ങളും പേരിനുമാത്രമായതോടെ ഇന്ത്യയിൽ വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്ന പല മരുന്നുകളുടെയും ഗുണനിലവാരം കുത്തനെ ഇടിഞ്ഞതായാണ് ആരോപണം.
ചുമമരുന്ന് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി ഏതാനും ദിവസങ്ങൾക്കിടെ 26 കുട്ടികൾ മരണമടഞ്ഞതിന് പിന്നാലെയാണ് മരുന്നുൽപാദന കേന്ദ്രങ്ങളിലെ ഗുണനിലവാര പരിശോധനകളും നിലവാര മാനദണ്ഡങ്ങളും വീണ്ടും ചർച്ചയാവുന്നത്. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസിക്യൂട്ടിക്കൽസ് എന്ന കമ്പനി വിപണിയിലെത്തിച്ച കോൾഡ്രിഫ് എന്ന ചുമമരുന്നായിരുന്നു മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികളുടെ ജീവൻ കവർന്നത്.
മരുന്നിൽ അമിതമായ തോതിൽ അടങ്ങിയിരുന്ന ഡൈഎതിലിൻ ഗ്ളൈകോൾ (ഡി.ഇ.ജി) ആണ് കുട്ടികളുടെ മരണകാരണമെന്നാണ് കണ്ടെത്തൽ. അനുവദനീയമായതിലും 500 മടങ്ങ് അധികം, 48.6 ശതമാനമായിരുന്നു കോൾഡ്രിഫിലെ ഡി.ഇ.ജിയുടെ അളവ്. പിന്നാലെ, അധികൃതർ പതിവുപോലെ മരുന്ന് നിരോധിക്കുകയും കമ്പനിക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ശ്രീശൻ ഫാർമസിക്യൂട്ടിക്കൽസിൽ നടന്ന പരിശോധനയിൽ ഗുണനിലവാരമില്ലാത്ത രാസവസ്തുക്കളും തുരുമ്പ് പടർന്ന ഉപകരണങ്ങളുമടക്കം ഗുരുതരമായ വീഴ്ചയാണ് കണ്ടെത്തിയത്.
ജാഗ്രതക്കുറവെടുക്കുന്ന ജീവനുകൾ
രാജ്യത്ത് ഇതാദ്യമായല്ല ജീവനെടുക്കുന്ന ഗുരുതര വീഴ്ചയുണ്ടാവുന്നത്. 2020ൽ 11 കുട്ടികളാണ് ഗുണനിലവാരമില്ലാത്ത ചുമമരുന്ന് കഴിച്ച് ജമ്മു കശ്മീരിൽ മരണപ്പെട്ടത്. 2022ൽ ഇന്ത്യൻ നിർമിത ചുമമരുന്ന് കഴിച്ച് ഗാംബിയയിൽ 70 കുട്ടികളാണ് മരണമടഞ്ഞത്. അന്നും ചുമമരുന്നിൽ അമിത തോതിൽ അടങ്ങിയ ഡി.ഇ.ജി തന്നെയായിരുന്നു വില്ലൻ. സമാനമായ സാഹചര്യത്തിൽ ഉസ്ബകിസ്ഥാനിൽ 18 കുട്ടികളും മരിച്ചിരുന്നു.
2024ൽ കർണാടകത്തിലെ ബല്ലാരി ജില്ല ആശുപത്രിയിൽ സിസേറിയന് വിധേയരായ 34 സ്ത്രീകളിൽ ഏഴുപേരെ ആന്തരാവയവങ്ങൾ തകരാറിലായി, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇവരിൽ അഞ്ചുപേർ പിന്നീട് മരണമടഞ്ഞു. ശസ്ത്രക്രിയക്കിടെ നൽകിയ ഗുണനിലവാരമില്ലാത്ത ഐ.വി ഫ്ളൂയിഡാണ് യുവതികളുടെ ജീവൻ കവർന്നതെന്ന് പിന്നീട് കണ്ടെത്തി.
ഇന്ത്യയിൽ കൺകറന്റ് ലിസ്റ്റിലാണ് ആരോഗ്യം ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതുകൊണ്ടുതന്നെ പലപ്പോഴും വീഴ്ചകൾക്ക് പിന്നാലെ, സംസ്ഥാന അന്വേഷണ ഏജൻസികളുടെ ഇടപെടലുകൾ തൊലിപ്പുറത്തെ ചികിത്സയായി ഒതുങ്ങും. ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് (സി.ഡി.എസ്.സി.ഒ) മാത്രമാണ് വിഷയത്തിൽ കാര്യമായെന്തെങ്കിലും ചെയ്യാനാവുക. എന്നാൽ, അവിടെയാകട്ടെ പേരിന് മാത്രമാണ് ജീവനക്കാരുള്ളതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
48 സ്റ്റേറ്റുകളിലും പ്യൂർട്ടോ റികോയിലുമായി 2,500 ഫാർമസിക്യൂട്ടിക്കൽ കമ്പനികളും 1,580 ഉദ്പാദന കേന്ദ്രങ്ങളുമുള്ള യു.എസിൽ ഫുഡ് ആൻഡ് ഡ്രഗ്സ് വിഭാഗത്തിന് (എഫ്.ഡി.എ) 18,000 ജീവനക്കാരാണ് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ളത്. അതേസമയം, 3,000 മരുന്നുകമ്പനികളുടേതായി 10,500 നിർമാണ കേന്ദ്രങ്ങളുള്ള, ലോകത്തിന്റെ ഫാർമസിയെന്ന് അറിയപ്പെടുന്ന ഇന്ത്യയിൽ ആകെയുള്ളത് ഇതിന്റെ നാലിലൊന്ന് ജീവനക്കാർ മാത്രമാണെന്നാണ് കണക്കുകൾ. 2015ലെ കണക്കുകൾ പ്രകാരം 3,000 ഡ്രഗ് ഇൻസ്പെക്ടർമാരുടെ ആവശ്യമുള്ളപ്പോൾ 1,467 പേർ മാത്രമാണ് ഉണ്ടായിരുന്നത്.
സംസ്ഥാനത്തിന്റെ ലൈസൻസ്, കേന്ദ്രത്തിന്റെ നിയന്ത്രണം
ഇതിന് പുറമെ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലൈസൻസിങ് അതോറിറ്റികളും സംവിധാനത്തിന്റെ ഭാഗമായുണ്ട്. മരുന്നുകൾ ഉത്പാദിപ്പിക്കാനും വിൽപന നടത്താനും ഇവരാണ് ലൈസൻസ് നൽകുന്നത്. ഇതിന് പുറമെ സമയാസമയങ്ങളിൽ പരിശോധന നടത്തുന്നതും നിയമ നടപടികളും ഇവരുടെ ചുമതലയാണ്.
ഇന്ത്യയിൽ മരുന്നുകമ്പനികൾക്ക് പ്രവർത്തനാനുമതിയും അനുബന്ധ ലൈസൻസുകളും സംസ്ഥാന സർക്കാർ നൽകുമ്പോൾ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതും കയറ്റുമതി നിയന്ത്രിക്കുന്നതും കേന്ദ്രസർക്കാരാണ്. ഇത് പലപ്പോഴും മേഖയിലെ ഭരണ നിർവഹത്തെ കൂടുതൽ സങ്കീർണമാക്കുന്നു.
പലപ്പോഴും നിലവാരമില്ലാത്ത മരുന്നുകൾ വിപണിയിലെത്തിച്ച് പിടിക്കപ്പെടുന്നവർ പോലും നിയമത്തിലെ സങ്കീർണതകൾ മുതലെടുത്ത് രക്ഷപ്പെടുകയാണെന്ന് ‘ദ ട്രൂത് പിൽ: ദ മിത് ഓഫ് ഡ്രഗ് റെഗുലേഷൻ ഇൻ ഇന്ത്യ’യുടെ സഹരചയിതാവായ ഡോ. ടി. പ്രശാന്ത് റെഡ്ഡി പറയുന്നു. 2023ൽ ആവിഷ്‍കരിച്ച ജൻ വിശ്വാസ് നിയമവും അനുബന്ധ ശിപാർശകളും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
രോഗികൾക്ക് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വീഴ്ചകൾ പോലും കുറ്റകരമല്ലാതാക്കുകയും നഷ്ടപരിഹാരം നൽകുന്നതിൽ മാത്രമൊതുക്കുകയും ചെയ്യുന്നതിലേക്ക് പുതിയ ചട്ടങ്ങൾ കൊണ്ടുചെന്നെത്തിച്ചുവെന്ന് റെഡ്ഡി ചൂണ്ടിക്കാട്ടുന്നുണ്ട്. മരുന്നുകൾ പിൻവലിക്കുന്നതടക്കം മേഖലയിലെ നടപടികളിൽ ഭൂരിഭാഗവും പൊതുജനങ്ങൾ അറിയുക പോലും ചെയ്യുന്നില്ല. രാഷ്ട്രീയ താത്പര്യങ്ങളും ഭരണ തലത്തിലെ ഇടപെടലുകളും ചേരുമ്പോൾ സ്ഥിതിഗതികൾ വീണ്ടും വഷളാവുന്നുവെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

