കാൽപ്പാദം നോക്കി രോഗം അറിയാം; ആദ്യ മുന്നറിയിപ്പ് അവിടെയാണ്!
text_fieldsനമ്മുടെ ആരോഗ്യനിലയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ ശരീരം പല അടയാളങ്ങൾ കാണിച്ച് തന്ന് നമുക്ക് മുന്നറിയിപ്പ് നൽകും. അവ ഒരിക്കലും അവഗണിക്കാൻ പറ്റില്ല. നിരന്തരമായി അനുഭവപ്പെടുന്ന ക്ഷീണം, പനി, കാലുകളിലെ വേദന, തുടങ്ങിയ കാര്യങ്ങൾ ചെറുതായി കാണുന്നതിന് മുന്നേ അവ എന്തുകൊണ്ടാണ് അനുഭവപ്പെടുന്നതെന്ന് വൈദ്യ സഹായത്തിലൂടെ മനസിലാക്കുക.
ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ ശരീരത്തെ മാരകമായ രോഗങ്ങളിൽ നിന്നും രക്ഷിക്കാൻ സാധിക്കുന്നതാണ്. ഇതിൽ പനി, ക്ഷീണം തുടങ്ങിയ കാര്യങ്ങൾ നാം പൊതുവെ ശ്രദ്ധിക്കുമെങ്കിലും കാലുകളിൽ അനുഭവപ്പെടുന്ന വേദനകൾക്ക് കാര്യമായ ശ്രദ്ധ കൊടുക്കാറില്ല. കാൽപാദങ്ങളിലും കാൽ മുട്ടുകളും അനുഭവിക്കുന്ന വേദനകൾ പോലും വ്യത്യസ്തമായ കാരണങ്ങൾ കൊണ്ട് ഉണ്ടാവുന്നതാണ്. കാലുകളിലെ നിറം മാറ്റം, ഞരമ്പുകളിലെ വീക്കം, വിണ്ടുകീറൽ തുടങ്ങിയവ കാലുകളിൽ സംഭവിക്കുന്ന ‘സാധാരണ’ മാറ്റങ്ങളായി കാണരുതെന്നാണ് ഡോക്ടർമാരുടെ നിർദേശം.
വീർത്ത ഞരമ്പുകൾ, കണങ്കാലിൽ വീക്കം, നടക്കുമ്പോൾ കാലുകളിൽ അനുഭവപ്പെടുന്ന വേദന, തണുത്ത പാദങ്ങൾ, ചുവന്നതും വീർത്തതുമായ കാൽ മടമ്പുകൾ, ദീൾഘകാലമായി ഉണങ്ങാത്ത മുറിവുകൾ എന്നിവ സൂചിപ്പിക്കുന്നത് ഹൃദയം, വൃക്ക, രക്തചംക്രമണ പ്രശ്നങ്ങൾ എന്നിവയിലുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കാരണമായേക്കാം എന്ന് ഡോ. കുനാൽ സൂദ് പറയുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ എത്രയും പെട്ടെന്ന് തന്നെ വൈദ്യ സഹായം നേടണമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. ചില സമയങ്ങളിൽ കാലുകളിലെ വേദനയും രൂപമാറ്റവും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് മുന്നോടിയായി ശരീരം തരുന്ന മുന്നറിയിപ്പാവാം.
കാലുകളിലെ വീർത്തു വളഞ്ഞ ഞരമ്പുകൾ: വെരിക്കോസ് വെയ്ൻ എന്നാണ് ഇവ അറിയപ്പെടുന്നത്. ഞരമ്പുകളിലെ വാൽവുകൾ ദുർബലമാകുമ്പോൾ രക്തം ഹൃദയത്തിലേക്ക് തിരികെ പോകാതെ സിരകളിൽ തന്നെ കെട്ടിക്കിടക്കുന്നതുമൂലം ഉണ്ടാകുന്നതാണിത്. കടുത്ത നീല നിറത്തിലും പച്ച നിറത്തിലും കാണപ്പെടുന്ന ഇവ കാലുകളിൽ വേദന, അസ്വസ്ഥത, ഭാരം തോന്നൽ, നീർക്കെട്ട്, ചർമത്തിലെ ചൊറിച്ചിൽ, ദീർഘനേരം ഇരിക്കുമ്പോഴോ നിൽക്കുമ്പോഴോ വർധിക്കുന്ന വേദന എന്നീ ലക്ഷണങ്ങൾ കാണിക്കും.
പ്രായം കൂടുന്തോറും സിരകളിലെ വാൽവുകൾ ദുർബലമാകാൻ സാധ്യതയുള്ളത് കൊണ്ട് പ്രായം ചെന്നവരിൽ വെരിക്കോസ് വെയ്ൻ കൂടുതലായി കാണപ്പെടും. ഗർഭം, അമിതവണ്ണം, പാരമ്പര്യം തുടങ്ങിയ കാരണങ്ങൾ കൊണ്ടും ഇവ അനുഭവപ്പെടും. സി.ഇ.എ.പി വർഗീകരണം അനുസരിച്ച് ദൃശ്യമായ വളഞ്ഞ സിരകൾ സി 2 വെരിക്കോസ് രോഗത്തിന്റെ ലക്ഷണമാണ്. ചികിത്സിച്ചില്ലെങ്കിൽ കാലക്രമേണ ഭാരക്കൂടുതലിനും കഠിനമായ വേദനക്കും ചർമത്തിന്റെ നിറം മാറലിനും കാരണമാകും.
കണങ്കാലുകളിലെ വീക്കം: കണങ്കാലുകളിലെ വീക്കത്തിന് പല കാരണങ്ങളുണ്ടാവാം. ഗുരുതരമല്ലാത്ത കാരണങ്ങൾ മുതൽ ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങൾ വരെ ഇതിന് കാരണമായേക്കാം. രക്തചംക്രമണം മന്ദഗതിയിലാകുമ്പോഴോ ഞരമ്പുകളിൽ സമർദം കൂടുമ്പോഴോ ഇവ രൂപപ്പെടും.
ദീർഘനേരം നിൽക്കുക, ചെറിയ പരിക്കുകൾ, ഗർഭം, അമിതവണ്ണം എന്നീ കാരണങ്ങളാൽ കണങ്കാലുകളിൽ നീര് വരുന്നത് സാധാരണമാണ്. എന്നാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ, വൃക്കരോഗങ്ങൾ, കരൾ രോഗങ്ങൾ, രക്തം കട്ടപിടിക്കൽ, അണുബാധ, സന്ധിവാതം തുടങ്ങിയ ഗുരുതര കാരണങ്ങളാലും കണങ്കാലിൽ വേദനയും നീർക്കെട്ടും ഉണ്ടാകും. ഇത്തരത്തിൽ കണങ്കാലുകളിലെ വീക്കം തുടർച്ചയായി അനുഭവപ്പെടുകയാണെങ്കിൽ എത്രയും പെട്ടന്ന് വൈദ്യ സഹായം തേടേണ്ടതാണ്.
തണുത്ത്, വിളറിയ പാദങ്ങൾ: രക്തയോട്ടം കുറയുന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണം. താപനിലയിലെ വ്യതിയാനങ്ങൾ കൊണ്ടും പോഷകാഹാരക്കുറവ് കൊണ്ടും ഇത് സംഭവിക്കാം. നടക്കുമ്പോൾ വേദനയുള്ള തണുത്ത് വിളറിയ പാദങ്ങൾ പെരിഫറൽ ആർട്ടീരിയൽ ഡിസീസ് (PAD) എന്ന രോഗാവസ്ഥക്ക് കാരണമാകും.
പ്രധാന കാരണങ്ങൾ
- പാദങ്ങളിലേക്കുള്ള രക്തയോട്ടം കുറയുക: പാദങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്നത് അവ തണുക്കാനും വിളറാനും കാരണമാകും
- അനീമിയ (വിളർച്ച): ശരീരത്തിൽ ആവശ്യത്തിന് രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണിത്. വിളർച്ച രക്തത്തിലെ ഓക്സിജന്റെ അളവ് കുറക്കുന്നതിനാൽ പാദങ്ങൾക്ക് തണുപ്പും വിളർച്ചയും അനുഭവപ്പെടാം.
- പ്രമേഹം: പ്രമേഹം രക്തയോട്ടത്തെ ബാധിക്കാം. ഇത് കാലുകളിൽ തണുപ്പും മരവിപ്പും ഉണ്ടാക്കും.
- റീനോഡ്സ് രോഗം: തണുപ്പിലോ സമ്മർദത്തിലോ ഉള്ളപ്പോൾ കൈകളിലെയും കാലുകളിലെയും ചെറിയ രക്തക്കുഴലുകൾ ചുരുങ്ങും. തുടർന്ന് വിരലുകളിലേക്കുള്ള രക്തയോട്ടം കുറക്കുന്നു.
- തൈറോയ്ഡ് പ്രശ്നങ്ങൾ: ഹൈപ്പോതൈറോയിഡിസം രക്തചംക്രമണത്തെ ബാധിക്കുകയും തണുപ്പുള്ള പാദങ്ങൾക്ക് കാരണമാവുകയും ചെയ്യും.
- പോഷകാഹാരക്കുറവ്: വിറ്റാമിൻ ബി12, ഇരുമ്പ് എന്നിവയുടെ കുറവ് വിളർച്ചക്കും തണുത്ത പാദങ്ങൾക്കും കാരണമായേക്കാം.
ചൂടുള്ള ചുവന്ന വീർത്ത കാലുകൾ: ചുവന്ന് വീർത്തതും ചൂടുള്ളതുമായ കാലുകൾ ഡീപ്പ് വെയ്ൻ ത്രോംബോസിസ് (ഡി.വി.ടി) എന്ന ഞരമ്പുകളിലെ രക്തം കട്ടപിടിക്കുന്ന അവസ്ഥയുടെ സൂചനയായിരിക്കാം. അണുബാധ കാരണവും ഹൃദയസൃബന്ധമായ കാരണങ്ങൾക്കും ഇവ കാരണമാകും.
ദീർഘകാലമായി ചലനശേഷി ഇല്ലാതിരിക്കുക, ട്രോമ, കാൻസർ, ഗർഭധാരണം, അല്ലെങ്കിൽ പാരമ്പര്യമായി രക്തം കട്ടപിടിക്കുന്ന തകരാറുകൾ എന്നിവ ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ സ്ഥിരമായി തുടരുകയോ വേദന കൂടുകയോ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയോ, പനി, അല്ലെങ്കിൽ മറ്റ് അസ്വസ്ഥതകൾ ഉണ്ടാവുകയോ ചെയ്താൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
ഉണങ്ങാത്ത മുറിവുകൾ: കാൽവിരലുകളിലോ കണങ്കാലുകളിലോ ഉള്ള, ഉണങ്ങാത്ത മുറിവുകളും കാൽവിരലുകളിലോ, പാദങ്ങളിലോ, കണങ്കാലുകളിലോ ഉള്ള ഉണങ്ങാത്ത അൾസറുകളും പി.എ.ഡി മൂലമുണ്ടാകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

