ഇത്രയധികം സൂര്യപ്രകാശം ലഭിച്ചിട്ടും ഇന്ത്യക്കാർക്ക് വിറ്റാമിൻ ഡി അഭാവം ഉണ്ടാവുന്നത് എന്തുകൊണ്ടാണ്?
text_fieldsഇന്ത്യയിൽ സൂര്യപ്രകാശം നന്നായി ലഭിക്കുന്നുണ്ടെങ്കിലും പത്തിൽ ഒൻപത് പേർക്കും വിറ്റാമിൻ ഡി കുറവുണ്ട്. ജീവിതശൈലി, മലിനീകരണം, സൺസ്‌ക്രീൻ ഉപയോഗം എന്നിവ അൾട്രാവയലറ്റ് ബി വികിരണങ്ങളെ (UVB) തടയുന്നു. ഇത് മാനസികാവസ്ഥയെയും അസ്ഥികളെയും പ്രതിരോധശേഷിയെയും നിശബ്ദമായി ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത്രയധികം സൂര്യപ്രകാശം ലഭിച്ചിട്ടും ഇന്ത്യക്കാർക്ക് വിറ്റാമിൻ ഡി കുറവുണ്ടാകാൻ പല കാരണങ്ങളുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, മറ്റ് ആരോഗ്യ സ്ഥാപനങ്ങൾ എന്നിവ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ ജനസംഖ്യയുടെ 70% മുതൽ 90% വരെ ആളുകൾക്ക് വിറ്റാമിൻ ഡിയുടെ അപര്യാപ്തത ഉണ്ടെന്നാണ്. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന ഒരു രാജ്യമായിട്ടുപോലും ഇത്രയും ഉയർന്ന അളവിലുള്ള വിറ്റാമിൻ ഡി കുറവ് ഒരു പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്നമായി കണക്കാക്കുന്നു.
നഗരവൽക്കരണവും ആധുനിക ജീവിതശൈലിയും കാരണം ആളുകൾ കൂടുതൽ സമയവും വീടിനുള്ളിൽ, ഓഫീസുകളിൽ, സ്കൂളുകളിൽ ഒക്കെ ചെലവഴിക്കുന്നു. ഇത് സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് കുറക്കുന്നു. വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ ശരീരത്തിൽ ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യക്കാർക്ക് പൊതുവെ മെലാനിൻ കൂടുതലുള്ള ചർമമാണ്. ചർമത്തെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കാൻ മെലാനിൻ സഹായിക്കുമെങ്കിലും ഇത് വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാനുള്ള ചർമത്തിന്‍റെ കഴിവിനെ കുറക്കുന്നു. അതിനാൽ, ഇളം ചർമമുള്ളവരേക്കാൾ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കേണ്ടതുണ്ട്. സാംസ്കാരികപരമായോ മറ്റ് കാരണങ്ങളാലോ ശരീരത്തിന്‍റെ ഭൂരിഭാഗവും മറക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് സൂര്യപ്രകാശം ചർമത്തിൽ ഏൽക്കുന്നത് പരിമിതപ്പെടുത്തുന്നു. സൂര്യന്‍റെ രശ്മികളിൽ നിന്ന് സംരക്ഷണം നേടുന്നതിനായി സൺസ്ക്രീൻ ഉപയോഗിക്കുന്നത് വിറ്റാമിൻ ഡി ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നു.
നഗരങ്ങളിലെ ഉയർന്ന വായു മലിനീകരണം, വിറ്റാമിൻ ഡി ഉത്പാദനത്തിന് ആവശ്യമായ, യു.വി.ബി (UVB) രശ്മികൾ ഭൂമിയിലെത്തുന്നതിനെ ഒരു പരിധി വരെ തടയുന്നു. പരമ്പരാഗത ഇന്ത്യൻ ഭക്ഷണരീതിയിൽ വിറ്റാമിൻ ഡി സ്വാഭാവികമായി അടങ്ങിയ ഫാറ്റി ഫിഷ്, മുട്ടയുടെ മഞ്ഞ തുടങ്ങിയ ഭക്ഷണങ്ങൾ കുറവായിരിക്കും. ധാരാളം ആളുകൾ സസ്യാഹാരികൾ ആയതുകൊണ്ടും വിറ്റാമിൻ ഡി ചേർക്കാത്ത പാൽ ഉൽപന്നങ്ങൾ ഇന്ത്യയിൽ കുറവായതുകൊണ്ടും ഭക്ഷണത്തിലൂടെയുള്ള വിറ്റാമിൻ ഡി ലഭ്യത കുറവാണ്.
പ്രായം കൂടുന്തോറും ചർമ്മത്തിന് വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാനുള്ള കഴിവ് കുറയുന്നു. ഈ ഘടകങ്ങളെല്ലാം ചേരുമ്പോഴാണ് ധാരാളം സൂര്യപ്രകാശം ലഭിച്ചിട്ടും ഇന്ത്യക്കാരിൽ വിറ്റാമിൻ ഡി കുറവ് വ്യാപകമാകുന്നത്. വിറ്റാമിൻ ഡി ഒരു വിറ്റാമിനേക്കാൾ ഒരു ഹോർമോൺ പോലെയാണ് പ്രവർത്തിക്കുന്നത്. മറ്റ് പല വിറ്റാമിനുകളും ഭക്ഷണത്തിലൂടെ മാത്രമേ ശരീരത്തിന് ലഭിക്കുകയുള്ളൂ. എന്നാൽ വിറ്റാമിൻ ഡി സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ്-ബി (UVB) രശ്മികൾ ചർമത്തിൽ പതിക്കുമ്പോൾ, കൊളസ്‌ട്രോളിൽ നിന്ന് ശരീരം തന്നെ ഉത്പാദിപ്പിക്കുന്നു. ഹോർമോണുകളും സാധാരണയായി ഗ്രന്ഥികളിലോ പ്രത്യേക കോശങ്ങളിലോ ഉത്പാദിപ്പിക്കപ്പെടുന്നവയാണ്. ഇത് ശരീരത്തിന് കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. അസ്ഥികളെ ശക്തിപ്പെടുത്തുന്നു. പ്രതിരോധശേഷിയും തലച്ചോറിന്റെ ആരോഗ്യവും നിലനിർത്തുന്നു.
വിറ്റാമിൻ ഡിയുടെ കുറവ് അസ്ഥികളെ ദുർബലപ്പെടുത്തുക മാത്രമല്ല, പ്രതിരോധശേഷി കുറയൽ, മാനസികാവസ്ഥയിലെ തകരാറുകൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) നടത്തിയ ഒരു അവലോകനത്തിൽ ശരീരത്തിലെ മിക്കവാറും എല്ലാ കോശങ്ങളിലും വിറ്റാമിൻ ഡി ഗ്രാഹികൾ ഉണ്ടെന്നും അവ ജീനുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നുവെന്നും പറയുന്നു. വിറ്റാമിൻ ഡിയുടെ അളവ് സാധാരണ നിലയിലാകുമ്പോൾ, ക്ഷീണം, ശരീരവേദന, നടുവേദന എന്നിവയെക്കുറിച്ച് പരാതിപ്പെടുന്ന രോഗികൾക്ക് സുഖം തോന്നുന്നതായി ഡോക്ടർമാർ പലപ്പോഴും റിപ്പോർട്ട് ചെയ്യുന്നു. ആവശ്യത്തിന് വിറ്റാമിൻ ഡി നൽകുന്നത് ഇൻഫ്ലുവൻസ, ന്യുമോണിയ എന്നിവയുൾപ്പെടെയുള്ള ശ്വസന അണുബാധകൾക്കുള്ള സാധ്യത കുറക്കുമെന്നും പഠനങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

