വിറ്റാമിൻ ഡി സപ്ലിമെന്റ് കഴിക്കുന്നുണ്ടോ? തെറ്റായത് നിങ്ങളുടെ പ്രതിരോധശേഷിയെ ബാധിക്കുമെന്ന് പഠനം
text_fieldsവിറ്റാമിൻ ഡി2 സപ്ലിമെന്റുകൾ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷിക്കും അസ്ഥികളുടെ ആരോഗ്യത്തിനും അത്യാവശ്യമായ വിറ്റാമിൻ ഡി3 അളവ് അതിശയകരമാംവിധം കുറക്കുമെന്ന് പുതിയ പഠനം. സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന ഡി3, സസ്യാധിഷ്ഠിത ഡി2 നെക്കാൾ വളരെ ഫലപ്രദമാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. തെറ്റായ തരത്തിലുള്ള വിറ്റാമിൻ ഡി കഴിക്കുന്നത് വിപരീത ഫലം ഉണ്ടാക്കും. എല്ലാ വിറ്റാമിൻ ഡിയും ഒരുപോലെ സൃഷ്ടിക്കപ്പെട്ടതല്ല.
യൂണിവേഴ്സിറ്റി ഓഫ് സറേ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ വിറ്റാമിൻ ഡി2 സപ്ലിമെന്റുകൾ കഴിക്കുന്നത് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട രൂപമായ ഡി3 യുടെ അളവ് കുറക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. ഇത് പ്രതിരോധശേഷി ദുർബലമാക്കിയേക്കാം. അതിനാൽ സപ്ലിമെന്റ് തിരഞ്ഞെടുക്കുമ്പോൾ ഡി3 തിരഞ്ഞെടുക്കുന്നതിനാണ് മുൻഗണന നൽകുന്നത്. 1975 നും 2023 നും ഇടയിൽ നടത്തിയ 20 ക്ലിനിക്കൽ പരീക്ഷണങ്ങൾ ഈ പഠനം അവലോകനം ചെയ്ത് ഡി2 സപ്ലിമെന്റുകൾ രക്തത്തിലെ ഡി3 അളവുകളെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശകലനം ചെയ്താണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്.
വിറ്റാമിൻ ഡി പ്രധാനമായും രണ്ട് രൂപങ്ങളിലാണ് ഇത് കാണപ്പെടുന്നത് വിറ്റാമിൻ ഡി2(എർഗോകാൽസിഫെറോൾ), വിറ്റാമിൻ ഡി3(കോളികാൽസിഫെറോൾ). ഇവ രണ്ടും ശരീരത്തിലെ വിറ്റാമിൻ ഡി യുടെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നുണ്ടെങ്കിലും അവയുടെ ഉറവിടത്തിലും ശരീരത്തിലെ പ്രവർത്തനക്ഷമതയിലും വ്യത്യാസങ്ങളുണ്ട്. വിറ്റാമിൻ ഡി2 അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്ന സസ്യങ്ങളിൽ നിന്നും കൂണുകളിൽ നിന്നുമാണ് വരുന്നത്. വിറ്റാമിൻ ഡി3 സൂര്യപ്രകാശം ഏൽക്കുമ്പോൾ ചർമത്തിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്നു. കൂടാതെ മത്സ്യം, മുട്ട, ഫോർട്ടിഫൈഡ് പാൽ തുടങ്ങിയ ഭക്ഷണങ്ങളിലും ഇത് കാണപ്പെടുന്നു. ഡി2 ശരീരത്തിൽ കുറഞ്ഞ സമയം മാത്രമേ ഫലപ്രദമായി നിലനിൽക്കൂ. എന്നാൽ ഡി3 ശരീരത്തിൽ ഡി2നെക്കാൾ കൂടുതൽ കാലം നിലനിൽക്കും.
മനുഷ്യശരീരത്തിൽ വിറ്റാമിൻ ഡി യുടെ അളവ് വർധിപ്പിക്കുന്നതിൽ വിറ്റാമിൻ ഡി3 ആണ് കൂടുതൽ ഫലപ്രദമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഡി3 സപ്ലിമെന്റുകൾ രക്തത്തിൽ വിറ്റാമിൻ ഡി യുടെ അളവ് (25(OH)D) ഡി2നെക്കാൾ ഉയർന്ന അളവിലും കൂടുതൽ കാലയളവിലേക്കും നിലനിർത്താൻ സഹായിക്കുന്നു. വിറ്റാമിൻ ഡി യുടെ കുറവുണ്ടെങ്കിൽ സപ്ലിമെന്റ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഒരു ഡോക്ടറുമായി കൂടിയാലോചിച്ച് നിങ്ങളുടെ രക്തപരിശോധനാ ഫലത്തിനനുസരിച്ചുള്ള തരം (D2 അല്ലെങ്കിൽ D3), ഡോസ് എന്നിവ നിശ്ചയിക്കുന്നതാണ് ഏറ്റവും ഉചിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

