ഹന്താവൈറസ് ഭീതിയിൽ ലോകം; ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന
text_fieldsമാഡ്രിഡ്: വിനോദസഞ്ചാര കപ്പലായ 'എം.വി ഹോണ്ടിയസിൽ' ഹന്താവൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോകരാജ്യങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കപ്പലിൽ നിന്ന് ഒഴിപ്പിച്ച ഫ്രഞ്ച് യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് പാരിസിലെ ആരോഗ്യ അധികൃതർ അറിയിച്ചു. ഇവർ നിലവിൽ വെന്റിലേറ്ററിലാണ്.
അർജന്റീനയിൽ നിന്ന് കേപ് വെർദെയിലേക്ക് പോവുകയായിരുന്ന കപ്പലിൽ മൂന്ന് യാത്രക്കാർ (രണ്ട് ഡച്ച് പൗരന്മാരും ഒരു ജർമ്മൻ സ്വദേശിയും) വൈറസ് ബാധിച്ചു മരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സാധാരണയായി എലികളിൽ നിന്നാണ് ഈ വൈറസ് പടരുന്നതെങ്കിലും, അപൂർവ്വം സാഹചര്യങ്ങളിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇത് പകരാമെന്നത് ആശങ്ക വർധിപ്പിക്കുന്നു. നിലവിൽ ഒൻപത് പേർക്ക് 'ആൻഡീസ്' വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ആറ് മുതൽ എട്ട് ആഴ്ച വരെ സമയമെടുക്കുമെന്നതിനാൽ വരും ആഴ്ചകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു. കപ്പലിലെ യാത്രക്കാർക്കിടയിൽ രോഗവ്യാപനത്തിന് സാധ്യതയുള്ള രീതിയിലുള്ള സമ്പർക്കം നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 42 ദിവസത്തെ ക്വാറന്റീനും കർശന നിരീക്ഷണവും വേണമെന്നും അദ്ദേഹം നിർദേശിച്ചു.
കപ്പലിന് മറ്റ് തുറമുഖങ്ങൾ അനുമതി നിഷേധിച്ചപ്പോൾ, മാനുഷിക പരിഗണന മുൻനിർത്തി കപ്പൽ അടുപ്പിക്കാൻ അനുവാദം നൽകിയ സ്പെയിൻ സർക്കാരിനെ ടെഡ്രോസ് പ്രശംസിച്ചു. സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കപ്പലിൽ നിന്ന് ഒഴിപ്പിച്ച 14 സ്പെയിൻകാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്രിട്ടനിലെ സെന്റ് ഹെലീന ഉൾപ്പെടെയുള്ള ദ്വീപുകളിൽ നിന്നുള്ള പത്തുപേരെ മുൻകരുതൽ നടപടിയായി യു.കെയിലേക്ക് മാറ്റും. കപ്പലിൽ നിന്നെത്തിയ 26 യാത്രക്കാരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. എന്നാൽ ഒരു ആശുപത്രിയിൽ പ്രോട്ടോക്കോൾ പാലിക്കാതെ രോഗിയുടെ സാമ്പിൾ കൈകാര്യം ചെയ്ത 12 ജീവനക്കാരെ ക്വാറന്റീനിലാക്കി. വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

