ഹന്താ വൈറസ്; ഭീതി വേണ്ടെന്ന് എൻ.ഐ.വി, വേണം കൃത്യമായ പരിശോധന..
text_fieldsന്യൂഡൽഹി: വിദേശ വിനോദസഞ്ചാര കപ്പലിലെ രണ്ട് ഇന്ത്യൻ യാത്രക്കാർക്ക് ഹന്താ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഈ വൈറസ് പൊതുജനാരോഗ്യത്തിന് ഭീഷണിയല്ലെന്നും വൈറസ് ബാധിച്ച സംഭവങ്ങൾ ഒറ്റപ്പെട്ടതാണെന്നും ഐ.സി.എം.ആറിന് കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി) ഡയറക്ടർ ഡോ. നവീൻ കുമാർ വ്യക്തമാക്കി. സമൂഹവ്യാപനത്തിനുള്ള സാധ്യതകൾ നിലവിലില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എലികളിലൂടെയും കരണ്ടുതീനി വർഗത്തിൽപ്പെട്ട മറ്റ് ജീവികളിലൂടെയുമാണ് ഈ വൈറസ് പ്രധാനമായും മനുഷ്യരിലേക്ക് പടരുന്നത്. ഇവയുടെ ഉമിനീർ, മൂത്രം, വിസർജ്യം എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടാകുന്നത്. വായുസഞ്ചാരം കുറഞ്ഞ ഗോഡൗണുകൾ, കപ്പലുകൾ, കലവറകൾ എന്നിവിടങ്ങളിൽ വെച്ച് വൈറസ് കണികകൾ ശ്വസിക്കുന്നതിലൂടെയാണ് മിക്കവരും രോഗബാധിതരാകുന്നത്. കോവിഡിനെപ്പോലെ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് ഇത് വേഗത്തിൽ പടരില്ലെന്ന് ഡോ. നവീൻ കുമാർ ചൂണ്ടിക്കാട്ടി. ഇത്തരം വ്യാപനം വളരെ അപൂർവമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയും (ഡബ്ല്യു.എച്ച്.ഒ) സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. കപ്പലിലെ രണ്ട് ഇന്ത്യക്കാരടക്കമുള്ള ചെറിയൊരു വിഭാഗത്തിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. നിലവിൽ ആഗോളതലത്തിൽ പൊതുജനാരോഗ്യ ഭീഷണി കുറവാണെന്നാണ് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് വ്യക്തമാക്കിയത്. എങ്കിലും വൈറസിന്റെ ഇൻകുബേഷൻ കാലയളവ് പരിഗണിച്ച് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
രോഗബാധയുണ്ടായി ഒന്ന് മുതൽ അഞ്ച് ആഴ്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പെട്ടെന്നുണ്ടാകുന്ന പനി, കഠിനമായ ശരീരവേദന, തലവേദന, ക്ഷീണം, വയറുവേദന, ഛർദി എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ഗുരുതരമായാൽ ശ്വാസംമുട്ടൽ, രക്തസമ്മർദം കുറയുക, വൃക്കകളുടെ പ്രവർത്തനം തകരാറിലാകുക എന്നിവ സംഭവിക്കാം. ലക്ഷണങ്ങൾ ഇൻഫ്ലുവൻസയോ ഡെങ്കിപ്പനിയോ പോലെ തോന്നിക്കാമെന്നതിനാൽ കൃത്യമായ പരിശോധന അത്യാവശ്യമാണ്.
രാജ്യത്തെ 165 ലാബുകളിൽ ഹന്താ വൈറസ് പരിശോധനക്കുള്ള ആർ.ടി.പി.സി.ആർ സൗകര്യം ഐ.സി.എം.ആർ ഒരുക്കിയിട്ടുണ്ട്. കപ്പലുകളിലോ ഗോഡൗണുകളിലോ ജോലി ചെയ്യുന്നവരും യാത്ര ചെയ്യുന്നവരും എലികളുടെ സമ്പർക്കം ഒഴിവാക്കാനും ശുചിത്വം പാലിക്കാനും ശ്രദ്ധിക്കണം. കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയമായ മാലിന്യ സംസ്കരണവും ഇത്തരം രോഗങ്ങൾ പടരാൻ കാരണമായേക്കാമെന്നും എൻ.ഐ.വി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

