ഉദാസീനമായ ജീവിതശൈലിയിലേക്ക് നയിക്കുന്ന ‘കൗച്ച് പൊട്ടറ്റോ’; കഠിനമല്ല, ചിട്ടയായ വ്യായാമമാണ് ആവശ്യം
text_fieldsവിനോദം മനസ്സിന് വിശ്രമവും ഉന്മേഷവും നൽകുന്നുണ്ടെങ്കിലും മണിക്കൂറുകളോളം ഇരുന്ന് വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ എത്ര സമയം കടന്നുപോയി എന്ന് പോലും അറിയാതെ അമിതമായി സ്ട്രീം ചെയ്യുന്ന ശീലം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് വിദഗ്ദർ പറയുന്നു. യുവതലമുറ ഒരു ദിവസം നാല് മണിക്കൂർ വരെ തുടർച്ചയായി സിനിമകൾ കാണുന്നുണ്ടെന്നും അത് അവരുടെ അസ്ഥികളുടെയും ശരീരനിലയുടെയും ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു. സമീപകാല പഠനങ്ങൾ പ്രകാരം 18-25 വയസ്സിനിടയിലുള്ള ഇന്ത്യക്കാർ ഒരു ദിവസം ശരാശരി 3.44 മണിക്കൂർ മുതൽ എട്ട് മണിക്കൂർ വരെ മൊബൈൽ ഫോണുകളിലും ലാപ്‌ടോപ്പുകളിലും ചെലവഴിക്കുന്നുണ്ട്. മണിക്കൂറുകളോളം ഇരിക്കുന്നത് വിശ്രമം നൽകുന്നതായി തോന്നുമെങ്കിലും അതിൽ നിശബ്ദമായ നിരവധി അപകടസാധ്യതകൾ ഉണ്ട്. ഇത് ഹൃദയം, രക്തത്തിലെ പഞ്ചസാര, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ ബാധിച്ചേക്കാം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഉയർന്ന വരുമാനമുള്ള ഏഷ്യാ പസഫിക് മേഖലയിലാണ് (48%) ഏറ്റവും ഉയർന്ന ശാരീരിക നിഷ്‌ക്രിയത്വ നിരക്ക് കാണപ്പെടുന്നത്.
ഓൺലൈൻ വിഡിയോകൾ, സിനിമകൾ, ടി.വി ഷോകൾ എന്നിവയിലെ സ്ട്രീമിങ്ങിലെ വർധനവ് ആളുകളെ ബിഞ്ച് വാച്ചിങ്ങിലേക്ക് നയിക്കുന്നു. ഒരു ടെലിവിഷൻ പ്രോഗ്രാമിന്റെ ഒന്നിലധികം എപ്പിസോഡുകൾ വേഗത്തിൽ തുടർച്ചയായി കാണുന്ന പ്രതിഭാസമാണിത്. തുടർച്ചയായി കാണുന്നത് ആളുകളെ സോഫയിലേക്കോ കിടക്കയിലേക്കോ തള്ളിവിടുന്നു. ഇത് അലസമായ ജീവിതശൈലിയിലേക്ക് നയിക്കുന്നു. നിരവധി ഇന്ത്യൻ ടെലിവിഷൻ പരിപാടികൾ ജനപ്രിയ ഓൺലൈൻ സ്ട്രീമിങ് സൈറ്റുകളിൽ ഇടം നേടിയതോടെ ഇന്ത്യക്കാരാണ് ഏറ്റവും വേഗതയേറിയ ബിഞ്ച് വ്യൂവർമാരിൽ ഉൾപ്പെട്ടിരിക്കുന്നത്. ആഴ്ചയിൽ 14 മണിക്കൂറോ അതിൽ കൂടുതലോ ടി.വി ഷോകൾ കാണുന്നവരിൽ അസ്ഥിയിലെ ധാതുക്കളുടെ അളവ് കുറവായിരിക്കും. ഇത് പിന്നീടുള്ള ജീവിതത്തിൽ ഓസ്റ്റിയോപൊറോട്ടിക് ഒടിവിലേക്ക് നയിച്ചേക്കാം.
1. രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിക്കുന്നു
ദീർഘനേരം ഇരിക്കുമ്പോൾ പേശികൾ, പ്രത്യേകിച്ച് കാലുകൾ, പ്രവർത്തനരഹിതമാകും. ഇത് രക്തചംക്രമണം മന്ദഗതിയിലാക്കുന്നു. ഇത് ശരീരത്തിന്‍റെ താഴത്തെ ഭാഗത്ത് അടിഞ്ഞുകൂടി രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കും. കാലക്രമേണ സിരകളിലും ഹൃദയത്തിലും അനാവശ്യ സ്വാധീനം ചെലുത്തുകയും ചെയ്യും.
2. ശരീരഭാരം മാത്രമല്ല
ദീർഘനേരം കിടക്കുന്നതിന്‍റെ ഏറ്റവും വലിയ അപകടം ശരീരഭാരം മാത്രമല്ല. പൊണ്ണത്തടിയില്ലാത്ത വ്യക്തികൾക്ക് പോലും അലസത മൂലം ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെടാം. അലസത ശരീരത്തിന്‍റെ മെറ്റബോളിസത്തെ ബാധിക്കുകയും ഇൻസുലിൻ ബാക്ടീരിയ നാശത്തിനും കാരണമാവുകയും ചെയ്യുന്നു. വീക്കത്തിന്‍റെ അളവ് വർധിക്കുകയും ധമനികളുടെ കാഠിന്യത്തിനും വിട്ടുമാറാത്ത ഹൃദയാഘാതത്തിനും കാരണമാകുകയും ചെയ്യും.
3. രക്തസമ്മർദ്ദം, പഞ്ചസാര, കൊളസ്ട്രോൾ
ദീർഘനേരം ഇരിക്കുന്നത് നിഷ്ക്രിയമായ ഒരു ശീലമാണ്. ഇത് കലോറി കുറച്ച് മാത്രം ചെലവഴിക്കാനും അമിതവണ്ണത്തിനും, അതുപോലെ ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. രാത്രി വൈകി സ്ട്രീമിങ് ചെയ്യുന്നത് ഉറക്കത്തെ ബാധിക്കുകയും ഉറക്കക്കുറവ് ഉണ്ടാക്കുകയും ചെയ്യും. സ്‌ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം ഉറക്കത്തെ സഹായിക്കുന്ന മെലടോണിൻ ഹോർമോണിന്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തും.
4. കഴുത്തും കണ്ണും വേദന
കഴുത്തിലും തോളുകളിലും പുറത്തും വേദന ഉണ്ടാകാം. അത് പിന്നീട് സ്ഥിരമായ പ്രശ്നങ്ങളായി മാറിയേക്കാം. സ്‌ക്രീനിലേക്ക് അധികനേരം നോക്കുന്നത് കണ്ണിന് ആയാസം, തലവേദന, കാഴ്ച മങ്ങൽ, കണ്ണ് വരൾച്ച എന്നിവക്ക് കാരണമായേക്കാം. തുടർച്ചയായി ഇരിക്കുന്നത് കാലുകളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കും. അമിതമായ സ്‌ക്രീൻ സമയം വിഷാദം, ഉത്കണ്ഠ, മറ്റ് മാനസികാവസ്ഥാ വൈകല്യങ്ങൾക്കും കാരണമാകും. സ്ട്രീമിങ്ങിനായി കൂടുതൽ സമയം ചെലവഴിക്കുന്നത് മറ്റുള്ളവരുമായുള്ള സാമൂഹിക ഇടപെടലുകൾ കുറക്കുകയും സാമൂഹിക ഒറ്റപ്പെടലിനും ഏകാന്തതക്കും കാരണമാവുകയും ചെയ്യും.
റെസിസ്റ്റൻസ് ബാൻഡുകൾ ധരിക്കുക, യോഗ പരിശീലിക്കുക, അല്ലെങ്കിൽ നടക്കുക തുടങ്ങിയ ചെറുതും എളുപ്പവുമായ പ്രവർത്തനങ്ങൾ രക്തയോട്ടം നിലനിർത്താൻ സഹായിക്കും. വീട്ടിലിരുന്നും ഇത് ചെയ്യാവുന്നതാണ്. അനാരോഗ്യകരവും ദഹിക്കാൻ എളുപ്പമല്ലാത്തതുമായ ജങ്ക് അല്ലെങ്കിൽ പായ്ക്ക് സംസ്കരിച്ച ഭക്ഷണങ്ങൾക്ക് പകരം വെള്ളം, പഴങ്ങൾ, നട്‌സ് അല്ലെങ്കിൽ മറ്റ് ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. കൂടാതെ ശരീരത്തെ സജീവവും ആരോഗ്യകരവുമായി നിലനിർത്തുന്നതിന് ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ ശാരീരിക പ്രവർത്തനങ്ങൾ, ഉദാഹരണത്തിന് വേഗത്തിലുള്ള നടത്തം അല്ലെങ്കിൽ സൈക്ലിങ് എന്നിവയും ശീലമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

