കാലുകൾക്ക് ബലം നഷ്ടപ്പെടുന്നുവോ? വിറ്റാമിൻ ബി 12ന്‍റെ അഭാവമാവാം, അറിയാതെ പോകരുത് ഈ ലക്ഷണങ്ങൾ
text_fieldsപുരുഷന്മാർക്ക് തലച്ചോറിന്റെ ആരോഗ്യം, അരുണ രക്താണുക്കളുടെ ഉത്പാദനം, ഡി.എൻ.എ നിർമാണം എന്നിവക്ക് വിറ്റാമിൻ ബി12 അത്യാവശ്യമാണ്. പ്രായമാകുമ്പോൾ പുരുഷന്മാരിൽ വിറ്റാമിൻ ബി12 ന്റെ ആഗിരണം കുറയാൻ സാധ്യതയുള്ളതിനാൽ മാംസം, മത്സ്യം, മുട്ട, പാലുൽപ്പന്നങ്ങൾ, ഫോർട്ടിഫൈഡ് ധാന്യങ്ങൾ എന്നിവ കഴിക്കണം. ഓർമക്കുറവ് തടയാനും അൽസ്ഹൈമേഴ്സ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറക്കാനും വിറ്റാമിൻ ബി12 സഹായിക്കും. ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം സപ്ലിമെന്റുകൾ കഴിക്കുകയും പതിവായി ബി12 അളവ് രക്തപരിശോധന നടത്തുകയും വേണം.
വിറ്റാമിൻ ബി12ന്‍റെ കുറവ് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ ബാധിക്കുകയും നാഡീവ്യൂഹത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്യാം. ക്ഷീണം, വിളർച്ച, നാവ് വേദന, കൈകാലുകളിൽ മരവിപ്പ് എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങളും ഹൃദയസംബന്ധമായ സങ്കീർണതകളും ഉണ്ടാകാം. ഈ ലക്ഷണങ്ങൾ ഏതാനും ആഴ്ചകൾ കൊണ്ട് സാവധാനം പ്രകടമാകാൻ തുടങ്ങാം. അല്ലെങ്കിൽ പെട്ടെന്ന് വഷളാവാം.
നാഡീസംബന്ധമായ വേദന കുറക്കാനും ബാലൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തടയാനും നടക്കാനും മറ്റുമുള്ള പ്രയാസങ്ങൾ ഇല്ലാതാക്കാനും വിറ്റാമിൻ ബി12 കൂടിയേ തീരൂ. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ പലപ്പോഴും സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെയാണ്. എന്നാൽ 50 വയസ്സു കഴിഞ്ഞ പുരുഷന്മാരിൽ പ്രത്യക്ഷമാകുന്ന ചില ലക്ഷണങ്ങൾ വിറ്റാമിൻ ബി12 ന്റെ അഭാവം മൂലമാകാം.
വിറ്റാമിൻ ബി12ന്റെ പ്രധാന ധർമ്മങ്ങളിലൊന്ന് ശരീരത്തിൽ ആരോഗ്യകരമായ ചുവന്ന രക്താണുക്കളെ ഉണ്ടാക്കുക എന്നതാണ്. ഈ വിറ്റാമിന്റെ കുറവ് മൂലം രക്താണുക്കളുടെ ഉത്പാദനം കുറയുന്നു. ഇത് വിളർച്ചക്ക് (Megaloblastic Anemia) കാരണമാകുന്നു. ഇതിന്റെ ഫലമായി ശരീരത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരികയും കടുത്ത ക്ഷീണം, തളർച്ച, ബലഹീനത, തലകറക്കം എന്നിവ അനുഭവപ്പെടുകയും ചെയ്യും. കാലുകൾക്കും കാൽപ്പാദങ്ങൾക്കും അനുഭവപ്പെടുന്ന മരവിപ്പ് നാഡീക്ഷതത്തിന്റെ സൂചനയാണ്. വിറ്റാമിൻ ബി12 ന്റെ അഭാവ മൂലമാണ് ഇതുണ്ടാകുന്നത്.
കാലുകൾക്ക് ബലം നഷ്ടപ്പെടുന്നതാണ് മറ്റൊരു പ്രധാന ലക്ഷണം. നടക്കാനോ പടികൾ കയറാനോ ഇതുമൂലം പ്രയാസം അനുഭവപ്പെടും. വൈറ്റമിൻ ബി 12 അളവ് വളരെ കുറയുന്നത് പേശികൾ ദുർബലമാകാൻ കാരണമാകും. കാലുകൾ ചലിപ്പിക്കാനുള്ള ശക്തമായ പ്രേരണയും അതോടൊപ്പം കാലുകളിൽ വലിച്ചിൽ, ചൊറിച്ചിൽ തുടങ്ങിയ അസുഖകരമായ തോന്നലുകള്‍ അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് റെസ്റ്റ്‌ലെസ് ലെഗ്സ് സിൻഡ്രോം. ഇത് രാത്രിയിൽ അധികമാകുകയും ഉറക്കം തടസ്സപ്പെടുകയും ചെയ്യും. കാൽപ്പാദങ്ങൾക്ക് ചൂടു കാലാവസ്ഥയിൽ പോലും തണുപ്പ് അനുഭവപ്പെടുന്നത് രക്തചംക്രമണം ശരിയായി നടക്കാത്തത് മൂലവും വൈറ്റമിൻ ബി12 ന്റെ അഭാവം മൂലമുളള നാഡീപ്രശ്നങ്ങൾ മൂലവും ആകാം.
വിറ്റാമിൻ ബി 12 അടങ്ങിയ പ്രധാന ഭക്ഷണങ്ങളിൽ മാംസം, മത്സ്യം, മുട്ട, പാലുത്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. വെള്ളക്കടല, ഇലക്കറി, ബീറ്റ്‌റൂട്ട്, ഓട്‌സ്, കോൺ ഫ്ളക്സ് വിറ്റാമിൻ ബി 12 കൊണ്ട് സമ്പന്നമാണ്. മുട്ടയുടെ വെള്ളയേക്കാൾ കൂടുതൽ വിറ്റാമിൻ ബി 12 അളവ് മുട്ടയുടെ മഞ്ഞക്കുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

