ഷിഗല്ല ചില്ലറക്കാരനല്ല; ഭക്ഷണത്തിലും കുടിവെള്ളത്തിലും ഒരു ശ്രദ്ധ വേണം
text_fieldsകോഴിക്കോട്: മഴക്കാലത്തും അല്ലാതെയും വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്കൊപ്പം തന്നെ വില്ലനായി പടരുന്ന മറ്റൊരു രോഗമാണ് ഷിഗല്ല. കേരളത്തിൽ ഷിഗല്ല ബാധിതരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ ഈ രോഗം പടർന്ന് പിടിക്കാതിരിക്കാൻ അതീവ ജാഗ്രത അത്യാവശ്യമാണ്. സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാകാൻ സാധ്യതയുള്ള ഒന്നായതുകൊണ്ട് തന്നെ തുടക്കത്തിലേ തിരിച്ചറിയുന്നതും കൃത്യമായ ചികിത്സ തേടുന്നതും രോഗം പടരുന്നത് തടയാൻ സഹായിക്കും.
ഷിഗല്ല ബാക്ടീരിയകളാണ് രോഗം പടർത്തുന്നത്. ഇ.കോളിയുമായി ജനിതകമായി അടുത്ത ബന്ധമുള്ള ബാക്ടീരിയയുടെ ഒരു ജനുസ്സാണ് ഷിഗെല്ല. പ്രാഥമികമായി ഇത് വയറിനെയും കുടലിനെയുമാണ് ബാധിക്കുന്നത്. രോഗം മൂർച്ഛിച്ചാൽ തലച്ചോറിനെയും ബാധിക്കും. ഇതാണ് ഷിഗെല്ല എൻകഫലോപതി. തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജലീകരണം "ഷോക്ക്" (ശരീരത്തിലെ സുപ്രധാന അവയവങ്ങളിലേക്കും കോശങ്ങളിലേക്കും ആവശ്യത്തിന് രക്തമോ ഓക്സിജനോ ലഭിക്കാതെ വരുന്ന ജീവന് ഭീഷണിയായ മെഡിക്കൽ അവസ്ഥയാണ് ഷോക്ക്) എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം.
പടരുന്നത് എങ്ങനെ?
ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഷിഗല്ല ബാക്ടീരിയ മനുഷ്യ ശരീരത്തിൽ എത്തുന്നത്. പഴകിയതും ചൂടാക്കിയതുമായ ഭക്ഷണങ്ങൾ, വൃത്തിയില്ലാത്ത വെള്ളം, പെട്ടന്ന് കേടാകുന്ന മയണൈസ്, ബേക്കറി പലഹാരങ്ങൾ, സാലഡുകൾ എന്നിവയിലൂടെയാണ് ഷിഗല്ല ബാക്ടീരിയ ശരീരത്തിനുള്ളിലെത്തുന്നത്. കുടലിനെയാണിത് പ്രധാനമായും ബാധിക്കുന്നത്. ഏത് പ്രായക്കാരെയും ബാധിക്കാമെങ്കിലും കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നത്.
ലക്ഷണങ്ങൾ
ശക്തമായ പനി, വയറുവേദന, വയറിളക്കം, രക്തക്കലർപ്പുള്ള മലം എന്നിവയാണ് പ്രധാനപ്പെട്ടത്. ഷിഗെല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാലാണ് രക്തക്കലർപ്പ് ഉണ്ടാകുന്നത്. അസുഖം മൂർച്ഛിച്ചാൽ തലച്ചോറിനെ ബാധിക്കുകയും രക്തസമ്മർദം താഴുകയും ചെയ്യും. തലച്ചോറിനെ ബാധിച്ചാൽ അപസ്മാരവും ബോധക്ഷയവും വരാം. രോഗം ഗുരുതരമാവുകയും ചികിത്സ ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് മരണം സംഭവിക്കുന്നത്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം.
പ്രതിരോധ മാർഗങ്ങൾ
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വൃത്തിയുള്ള ഭക്ഷണം മാത്രം കഴിക്കുക, വെൽകം ഡ്രിങ്കിന്റെ ഉപയോഗം ഒഴിവാക്കുക. പകരം ചായ, കാപ്പി, ചൂടുള്ള മറ്റ് പാനീയങ്ങൾ എന്നിവ നൽകാം. പാകം ചെയ്ത ഭക്ഷണം ഉടനെ കഴിക്കുക. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളിൽ ഈച്ചശല്യം ഒഴിവാക്കുകയും ഭക്ഷണ പദാർഥങ്ങൾ ശരിയായി മൂടി വയ്ക്കുകയും ചെയ്യുക. ഭക്ഷണം ഫ്രിഡ്ജിൽ വെച്ചും പുറത്തെടുത്തും പലതവണ ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. ആഹാരത്തിന് മുൻപും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. കുട്ടികളുടെ മലം ശുചിമുറിയിൽ മാത്രം കളയുക. ശുചിമുറി മാലിന്യങ്ങൾ കുടിവെള്ള സ്രോതസ്സുമായി കലരാതെ ശ്രദ്ധിക്കണം. കിണറുകളിലെ വെള്ളം പരിശോധിച്ച് അണുവിമുക്തമാക്കണം.
ചികിത്സ പ്രധാനം
വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിർജലീകരണം സംഭവിച്ച് മരണകാരണമായേക്കാം. വയറിളക്ക രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ പാനീയ ചികിത്സ തുടങ്ങണം. ഇതിനായി ഒ.ആർ.എസ് ലായനി, ഉപ്പിട്ട കട്ടിയുള്ള കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ ഇടയ്ക്കിടെ നൽകുകയും യഥാസമയം ചികിത്സ തേടുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

