'എനിക്കെന്നും പ്രചോദനം എന്‍റെ അമ്മയാണ്'; 85ലും ഫിറ്റായി മിലിന്ദ് സോമന്‍റെ അമ്മ
text_fieldsഫിറ്റ്നസിന്‍റെ കാര്യത്തിൽ ബോളിവുഡിൽ യുവാക്കൾ ഏറ്റവും കൂടുതൽ പിന്തുടരുന്നത് മോഡലും നടനുമായ മിലിന്ദ് സോമനെയായിരിക്കും. രാജ്യത്തെ ആയിരക്കണക്കിന് ആളുകൾക്ക് തന്‍റെ അർപ്പണബോധവും ആത്മാർത്ഥതയും കൊണ്ട് ആരോഗ്യ ചിന്തയെക്കുറിച്ച് നിരന്തരം പ്രചോദനമാകുന്നു മിലിന്ദ്. എന്നാൽ നടൻ, മോഡൽ, മാരത്തൺ ഓട്ടക്കാരൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന മിലിന്ദ് സോമന്, ഏറ്റവും വലിയ പ്രചോദനം അദ്ദേഹത്തിന്റെ അമ്മ ഉഷ സോമനാണ്. 85 വയസ്സുള്ള ഉഷ എല്ലാ സ്റ്റീരിയോടൈപ്പുകളെയും വെല്ലുവിളിച്ച് തലമുറകളിലുടനീളം ആളുകളെ പ്രചോദിപ്പിക്കുന്നു.
യോഗ, ട്രെക്കിങ്, നടത്തം, അല്ലെങ്കിൽ ബീച്ചിലെ സൈക്ലിങ് എന്നിവയിലൂടെ കൃത്യമായ അച്ചടക്കത്തിലൂടെ അവർ പ്രായത്തെ തന്‍റെ വരുതിയിലാക്കുന്നു. ബയോകെമിസ്ട്രി പ്രൊഫസര്‍ എന്ന പദവിയില്‍ നിന്ന് വിരമിച്ചതിന് ശേഷം തന്‍റെ 60-ാം വയസ്സിലാണ് ഉഷ ട്രെക്കിങ് ആരംഭിച്ചത്.
തന്റെ അമ്മ ഉഷ സോമന്റെ ആന്തരിക ശക്തിയെയും ശാരീരിക ക്ഷമതയെയും കുറിച്ച് നടൻ പലപ്പോഴും ആഴമായ ആരാധന പ്രകടിപ്പിച്ചിട്ടുണ്ട്. 2020 മാർച്ചിൽ വോഗ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ, തങ്ങൾ ഒരുമിച്ച് നടത്തിയ 20 ദിവസത്തെ ട്രെക്കിങ്ങിന്റെ അവിസ്മരണീയമായ അനുഭവം അദ്ദേഹം പങ്കുവെച്ചിരുന്നു. അമ്മ തന്നെക്കാള്‍ വേഗത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എവറസ്റ്റ്, കിളിമഞ്ചാരോ എന്നീ രണ്ട് കൊടുമുടികളുടെയും ബേസ് ക്യാമ്പുകളിൽ എത്താൻ അമ്മക്ക് കഴിഞ്ഞു. എന്നെക്കുറിച്ച് വളരെ അപൂർവമായി മാത്രമേ സംസാരിക്കാറുള്ളൂവെങ്കിലും അമ്മയുടെ മനശക്തി തന്നെ പ്രചോദിപ്പിക്കുന്നുണ്ടെന്നും മിലിന്ദ് അഭിപ്രായപ്പെട്ടു.
ശരീരഭാരം കുറക്കാനുള്ള വ്യായാമങ്ങൾ ചെയ്യുകയോ, ഓടാൻ പോകുകയോ, നടക്കുകയോ ചെയ്യുക എന്നിങ്ങനെ അമ്മയുടെ ഫിറ്റ്നസ് ദിനചര്യകളുടെ ഭാഗങ്ങൾ മിലിന്ദ് സോഷ്യൽ മീഡിയയിൽ പതിവായി പങ്കുവെക്കാറുണ്ട്. ശാരീരികമായി ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ ഉണ്ടായാലും അമ്മ ഒരിക്കലും പരാതി പറഞ്ഞിരുന്നില്ല. കുത്തനെയുള്ള കുന്നുകൾ കയറുന്നത് ബുദ്ധിമുട്ടാണെന്ന് തോന്നിയാലും അത് ഒരിക്കലും സമ്മതിച്ച് തരാതെ മുന്നോട്ട് പോകുന്നതാണ് അമ്മയുടെ പ്രകൃതം. ഈ സ്ഥിരോത്സാഹം എന്നിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. തളരാതെ മുന്നോട്ട് പോകാനുള്ള എന്‍റെ ശക്തി എന്നും എന്‍റെ അമ്മ തന്നെയാണ് മിലിന്ദ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.