ഉറങ്ങാൻ മെലറ്റോണിൻ ഗുളിക കഴിക്കുന്നവരാണോ? പാർശ്വഫലങ്ങൾ അറിയാം
text_fieldsശരിയായ ഉറക്കം ലഭിക്കാൻ മെലറ്റോണിൻ ഗുളികകളെ ആശ്രയിക്കുന്നവരാണോ നിങ്ങൾ? എങ്കിലിത് ശരീരത്തിന്റെ സ്വാഭാവിക ഉറക്കക്രമത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന് നാഡീരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാത്രി ഉറക്കം ലഭിക്കാൻ മെലറ്റോണിൻ ഗുളികകൾ കഴിക്കുന്നത് പകൽ സമയത്ത് അമിതമായ മയക്കം, തലവേദന, തലകറക്കം, ചിന്തിക്കാനുള്ള വ്യക്തത കുറയുക തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാവും. ഉറക്കപ്രശ്നങ്ങൾക്ക് ഇത്തരം ഗുളികകൾ താൽക്കാലിക ആശ്വാസം നൽകുമെങ്കിലും ഇത് സ്ഥിരമായ പരിഹാരമായി കാണരുതെന്നും വിദഗ്ധർ പറയുന്നു.
ശരീരത്തിൽ സ്വാഭാവികമായി ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണാണ് മെലറ്റോണിൻ. ഉറങ്ങാനും ഉണരാനുമുള്ള ശരീരത്തിന്റെ സമയക്രമം നിയന്ത്രിക്കുന്നതിൽ ഇതിന് പങ്കുണ്ട്. രാത്രിയിൽ ഇതിന്റെ ഉൽപാദനം വർധിക്കുകയും ഉറക്കത്തിനുള്ള സൂചന നൽകുകയും ചെയ്യും. കഴിക്കുമ്പോൾ ഈ ഹോർമോണിന് പകരമായാണ് മെലറ്റോണിൻ ഗുളികകൾ പ്രവർത്തിക്കുന്നത്. ഉറക്കം വരാൻ പ്രയാസമുള്ളവർ, യാത്രകൾ മൂലം ഉറക്കക്രമം തെറ്റുന്നവർ തുടങ്ങിയവരിൽ ചില സാഹചര്യങ്ങളിൽ ഇവ സഹായകരമാകാം. എന്നാൽ, തുടർച്ചയായ ഉപയോഗം ശരീരത്തിന്റെ സ്വാഭാവിക ഉറക്കക്രമത്തെ ബാധിക്കുമെന്നാണ് നാഡീ രോഗവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
തലച്ചോറിന് വ്യക്തതക്കുറവ് അനുഭവപ്പെടുക, തലവേദന, തലകറക്കം എന്നിവയാണ് സാധാരണയായി കാണാവുന്ന പാർശ്വഫലങ്ങൾ. അമിതമായ അളവിൽ ഉപയോഗിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം എന്നേക്കുമായി കുറക്കാനും ഇടയാക്കാം. ദീർഘകാല ഉപയോഗം ഹോർമോണുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങളുണ്ടാക്കാമെന്നും ശരീരത്തിന്റെ സ്വാഭാവിക മെലറ്റോണിൻ ഉൽപാദനത്തെ ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു. ഉറക്കപ്രശ്നങ്ങൾക്ക് മെലറ്റോണിനെ മാത്രം ആശ്രയിക്കുന്നത് പ്രശ്നത്തിന്റെ യഥാർഥ കാരണം തിരിച്ചറിയുന്നതിനും തടസമാകും. മാനസിക സമ്മർദം, ഉത്കണ്ഠ, വിഷാദം, തെറ്റായ ഉറക്കശീലങ്ങൾ തുടങ്ങിയവയാണ് ഉറക്കക്കുറവിന് പിന്നിലെങ്കിൽ അവക്ക് പ്രത്യേകം പരിഹാരം തേടേണ്ടതുണ്ട്.
ഉറക്കപ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ മെലറ്റോണിൻ ഉപയോഗം തുടരേണ്ടതില്ലെന്നും രണ്ടുമുതൽ ആറാഴ്ച വരെയുള്ള താൽക്കാലിക ഉപയോഗമാണ് ആരോഗ്യത്തിന് നല്ലതെന്നുമാണ് വിദഗ്ധരുടെ നിർദേശം. അമിതമായ മയക്കം, ക്ഷീണം, അസാധാരണമായ സ്വപ്നങ്ങൾ തുടങ്ങിയ പാർശ്വഫലങ്ങൾ അനുഭവപ്പെട്ടാൽ ഡോക്ടറെ സമീപിക്കണം. ദീർഘകാലമായി ഉപയോഗിക്കുന്നവർ പെട്ടെന്ന് നിർത്തുന്നതിനു പകരം ഡോക്ടറുടെ നിർദേശപ്രകാരം അളവ് ക്രമേണ കുറക്കേണ്ടിവന്നേക്കാം.

