Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉപ്പ് രുചി കൂട്ടും, അതേസമയം വില്ലനുമാവും; വി.ഐ.പി ഉപ്പ് തേടിപ്പോകുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിയൂ...

text_fields
bookmark_border
ഉപ്പ് രുചി കൂട്ടും, അതേസമയം വില്ലനുമാവും; വി.ഐ.പി ഉപ്പ് തേടിപ്പോകുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിയൂ...
cancel

ഉപ്പില്ലാത്ത ഭക്ഷണങ്ങൾ ഒരുപക്ഷേ നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. രുചി തന്നെയാണ് ഇതിനു പിന്നിലെ രഹസ്യം. ശരിയായ അളവിലുള്ള ഉപ്പ് വിഭവങ്ങളുടെ രുചി വർധിപ്പിക്കുമെന്നത് പോലെ തന്നെ, ശരീരത്തിൽ ആരോഗ്യകരമായ അയഡിന്റെ അളവ് നിലനിർത്തുന്നതിനും ഇത് അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിൽ അയഡിൻ ലഭിക്കുന്നത് പ്രധാനമായും ഉപ്പിലൂടെയാണ്. തൈറോയിഡിന്റെ സാധാരണ പ്രവർത്തനത്തിനും മെറ്റബോളിസത്തിനും അയഡിൻ അത്യാവശ്യമാണ്. ഉപ്പ് നാം ഉപയോഗിക്കുന്നതും ആവശ്യത്തിന് അയഡിൻ ലഭിക്കുന്നതിനാണ്. അയഡിന്റെ കുറവ് ഗോയിറ്റർ, ഹൈപ്പോതൈറോയിഡിസം, ഓർമ്മക്കുറവ്, ഗർഭകാലത്തെ അപകടസാധ്യതകൾ എന്നിവയ്ക്ക് കാരണമാകും.

കല്ലുപ്പ്, പൊടിയുപ്പ് എന്നിവ പോലെ തന്നെ ഇന്തുപ്പ് (സൈന്ധവ ലവണം), സെൽറ്റിക് സാൾട്ട് (ഗ്രേ സാൾട്ട്) എന്നിവയും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഇതിൽ ഇന്തുപ്പ് (പിങ്ക് സാൾട്ട്), സെൽറ്റിക് സാൾട്ട് എന്നിവയാണ് മാർക്കറ്റിലെ വി.ഐ.പി. വിലയും കൂടുതലാണ്. പാചകത്തിന് ഇത്തരം ഉപ്പ് ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളും ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ ധാരാളം കാണാം. എന്നാൽ ശരിക്കും ആരാണ് വി.ഐ.പി.? മാർക്കറ്റിൽ നിന്ന് വൻവില കൊടുത്ത് വാങ്ങുന്ന പിങ്ക് സാൾട്ടിന് അത്രയും ഗുണങ്ങൾ ഉണ്ടോ? ഉപ്പ് വാങ്ങുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കണം.

പ്രകൃതിദത്തമാണ് എന്നതാണ് ഇന്തുപ്പിന്റെ പ്രധാന ആകർഷണം. സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, അയൺ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.

ഫ്രാൻസിലെ 'സെൽറ്റിക്' തീരപ്രദേശങ്ങളിലെ കടലിൽ നിന്നാണ് ഇത് പരമ്പരാഗത രീതിയിൽ ഉൽപ്പാദിപ്പിക്കുന്നത്. ഗ്രേ സാൾട്ടിൽ മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ പ്രകൃതിദത്ത ധാതുക്കൾ ഉയർന്ന അളവിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ആവശ്യത്തിന് അയഡിൻ ഇല്ല. നമ്മുടെ ശരീരത്തിന് പ്രതിദിനം വേണ്ടത് 180 മൈക്രോഗ്രാം അയഡിനാണ്. മാത്രമല്ല ഇത്തരം ഫാൻസി ഉപ്പിൽ അടങ്ങിയിരിക്കുന്ന മിനറൽസ് ലഭിക്കുന്നതിന് വേണ്ടി ഉപ്പ് വാരിക്കഴിക്കാൻ പറ്റില്ല. അതു ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

അതിനാൽ നിങ്ങൾ പണം മുടക്കുന്ന അത്ര ഗുണം ഫാൻസി ഉപ്പ് കൊണ്ട് ലഭിക്കില്ലെന്ന് ഡോ. ഡാനിഷ് സലീമും ഹൈദരാബാദിൽ നിന്നുള്ള ഡോ. അർജുൻ ശങ്കറും വ്യക്തമാക്കുന്നു.

ഒരു ദിവസം എത്ര ഉപ്പ് കഴിക്കാം?

1 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒരു ദിവസം ഒരു ഗ്രാമിൽ താഴെ ഉപ്പ് മതി. ഇത് മുലപ്പാലിലൂടെയും മറ്റ് ലഘു പാനീയങ്ങളിൽ നിന്നും ലഭിക്കും. കുട്ടികൾക്ക് അമിതമായി ഉപ്പ് നൽകുന്നത് അവരുടെ കിഡ്നിക്ക് ദോഷം ചെയ്യും.

1 മുതൽ 3 വയസ്സ് വരെ: ദിവസേന 2 ഗ്രാമിൽ താഴെ. 4 മുതൽ 6 വയസ്സ് വരെ: ദിവസേന 3 ഗ്രാമിൽ താഴെ. 7 മുതൽ 10 വയസ്സ് വരെ: ദിവസേന 5 ഗ്രാമിൽ താഴെ. 11 വയസ്സിന് മുകളിൽ: ദിവസേന 6 ഗ്രാമിൽ താഴെ എന്നിങ്ങനെയാണ് ഒരാൾക്ക് കഴിക്കാവുന്ന പരമാവധി ഉപ്പിന്റെ അളവ്. എന്നാൽ നാം വിപണിയിൽ നിന്ന് വാങ്ങുന്ന മിക്ക പാക്കറ്റ് ഭക്ഷണങ്ങളിലും സോഡിയം രൂപത്തിൽ ധാരാളം ഉപ്പ് അടങ്ങിയിരിക്കും. അതിനാൽ പാചകത്തിൽ ഉപ്പ് അധികം ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും നമ്മുടെ ശരീരത്തിൽ പല വിധത്തിൽ ഉപ്പ് എത്തും.

ഏറ്റവും മികച്ചത്

ദൈനംദിന പാചകത്തിന് അയഡൈസ്ഡ് പൊടിയുപ്പ് ) ഉപയോഗിക്കുന്നതാണ് ഏറ്റവും മികച്ചത്. ഇത് തൈറോയ്ഡിന്റെ പ്രവർത്തനത്തിനും കുട്ടികളുടെ മസ്തിഷ്ക വളർച്ചയ്ക്കും അത്യാവശ്യമാണ്. വിപണിയിൽ കിട്ടുന്ന ഫാൻസി പേരുകളുള്ള പിങ്ക് സാൾട്ട് (ഇന്തുപ്പ്), സൈന്ധവ ലവണം, സെൽറ്റിക് സാൾട്ട് എന്നിവയിൽ അയഡിൻ വളരെ കുറവാണ്. അതിനാൽ ഇവ ദിവസേനയുള്ള പാചകത്തിന് ഉപയോഗിക്കാതെ, അപൂർവ്വമായി മാത്രം രുചിക്കായി മാത്രം ഉപയോഗിക്കുക.

കൂടിയാലുള്ള ദോഷങ്ങൾ

ആഹാരത്തിൽ സോഡിയത്തിന്റെ (ഉപ്പിന്റെ) അളവ് കൂടിയാൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന രക്തസമ്മർദ്ദം: കൂടുതൽ ഉപ്പ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനിടയാക്കും. ഇത് ഹൈപ്പർടെൻഷൻ, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്ക് കാരണമാകാം. വൃക്കകളുടെ തകരാറ്: അമിത അളവിലുള്ള ഉപ്പ് പുറന്തള്ളാൻ വൃക്കകൾക്ക് കൂടുതൽ കഷ്ടപ്പെടേണ്ടി വരുന്നു. ഇത് വൃക്കകളുടെ പ്രവർത്തനശേഷി കുറയ്ക്കാനും വൃക്കകളിൽ കല്ല് രൂപപ്പെടാനും ഇടയാക്കും. ശരീരത്തിൽ നീര് വെയ്ക്കൽ: ശരീരത്തിൽ അധികമായി സോഡിയം അടിഞ്ഞുകൂടുമ്പോൾ വെള്ളം പുറന്തള്ളപ്പെടാതെ തടസ്സപ്പെടുന്നു. ഇത് കൈകാലുകളിലും മുഖത്തും നീര് വെയ്ക്കുന്നതിന് കാരണമാകുന്നു. എല്ലുകളുടെ ബലക്ഷയം: ശരീരത്തിൽ ഉപ്പ് കൂടുമ്പോൾ മൂത്രത്തിലൂടെ കാൽസ്യം നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ അസ്ഥികളുടെ ബലക്ഷ്യത്തിന് (Osteoporosis) കാരണമാകും. ആമാശയ കാൻസർ സാധ്യത: അമിതമായി ഉപ്പിലിട്ടതും ഉപ്പ് കൂടിയതുമായ ആഹാരങ്ങൾ പതിവായി കഴിക്കുന്നത് ആമാശയത്തിന്റെ ആന്തരിക ഭിത്തികളെ ബാധിക്കുകയും ഭാവിയിൽ കാൻസർ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Guide To Choosing The Right Salt
Next Story