ഉറക്കത്തിനിടെ ഇടക്കിടെ മൂത്രശങ്ക വരാറുണ്ടോ? അത് ഹൃദയം നൽകുന്ന സൂചനയാണ്
text_fieldsരാത്രി ഉറക്കത്തിനിടെ ഇടക്കിടെ മൂത്രശങ്ക അനുഭവപ്പെടുക എന്നത് നിങ്ങൾക്ക് ഒരു സ്വാഭാവിക പ്രതിഭാസമായി തോന്നാം. എന്നാൽ അതൊരു നിസ്സാര കാര്യമായി കാണരുതെന്ന് ഹൃദ്രോഗ വിദഗ്ധൻ ഡോ. അനിൽ സലീം പറയുന്നു. നിങ്ങളുടെ ഹൃദയം കാണിക്കുന്ന അപകട സൂചനയാവാം അതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഒരുപക്ഷേ ഇത് ഹൃദയം പണിമുടക്കാൻ തുടങ്ങുന്നതിന്റെ പരോക്ഷ സൂചനയാകാമെന്നും ഡോക്ടർ ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു.
പകൽ സമയത്ത് നിങ്ങൾ നിൽക്കുകയോ നടക്കുകയോ ചെയ്യുമ്പോൾ രക്തം പമ്പ് ചെയ്ത് ഹൃദയത്തിൽ എത്തിക്കുന്നത് പ്രയാസമായിരിക്കും. ഹൃദയത്തിന് പമ്പിങ് കുറവാണെങ്കിൽ നമ്മുടെ ശരീരത്തിലെ ദ്രാവകങ്ങൾ കാലിൽ കെട്ടിക്കിടക്കും. ഇതിനെ ഡിപെൻഡന്റ് എഡിമ (Dependent Edema) എന്നാണ് പറയുന്നത്. എന്നാൽ രാത്രി നേരെ കിടക്കുമ്പോൾ ഗുരുത്വാകർഷണം മാറിമറിയുകയും കാലിൽ കെട്ടിക്കിടക്കുന്ന ദ്രാവകങ്ങൾ എളുപ്പത്തിൽ ഹൃദയത്തിലേക്ക് പമ്പ് ചെയ്യപ്പെടുകയും ചെയ്യും. ഇങ്ങനെ ഹൃദയത്തിലേക്ക് എത്തുന്ന അമിതമായി വെള്ളം കിഡ്നിയിലേക്ക് അയക്കും. അമിതമായി വെള്ളമെത്തിയെന്ന് കരുതുന്ന കിഡ്നി അതിനെ അരിച്ചുകളയും. അങ്ങനെ മൂത്രസഞ്ചി നിറയുകയും ഇടക്കിടെ മൂത്രശങ്ക തോന്നുകയും ചെയ്യും.
ഹൃദയത്തിന്റെ പമ്പിങ് കുറവുള്ള ആളാണെങ്കിൽ പകൽ സമയത്ത് ശരീരത്തിലെ ജലാംശം കൃത്യസമയത്ത് അരിച്ചുമാറ്റാൻ കഴിയില്ല. രാത്രി കിടക്കുന്ന സമയത്ത് മാത്രമേ അത് സാധിക്കൂ. അതിനാലാണ് രാത്രിയിൽ ഇടക്കിടെ മൂത്രശങ്ക അനുഭവപ്പെടുന്നത് ഹൃദയം പണിമുടക്കാൻ തുടങ്ങുന്നതിന്റെ ആദ്യ ലക്ഷണമായി കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, ഹൃദയത്തിൽ വെള്ളം കൂടുന്ന സമയത്ത് ഹൃദയം ഒരു പ്രത്യേക തരം ഹോർമോൺ ഉൽപ്പാദിപ്പിക്കും. അതാണ് എ.എൻ.പി (ANP). ഇത് നേരിട്ട് കിഡ്നിക്ക് വെള്ളം അരിച്ചുമാറ്റി പുറത്തുകളയാൻ സന്ദേശം നൽകും. രാത്രി രക്തത്തിന്റെ അളവ് കൂടുമ്പോൾ രക്തസമ്മർദ്ദവും കൂടും. ബി.പി കൂടുമ്പോൾ ഇത് കുറക്കാൻ കിഡ്നി രക്തത്തിലെ വെള്ളത്തെ മൂത്രത്തിലൂടെ പുറത്തു കളയുന്നു. രാത്രിയിൽ ഇങ്ങനെ രക്തസമ്മർദ്ദം കൂടി നിൽക്കാൻ പാടില്ല.
രാത്രിയിലെ ബി.പി കുറക്കാൻ:
* ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുമ്പ് കാൽ ഹൃദയത്തേക്കാൾ മുകളിൽ വരുന്ന രീതിയിൽ 20 മിനിറ്റ് വിശ്രമിക്കുക. ഇത് രാത്രിയിലെ അമിത മൂത്രശങ്ക പരിഹരിക്കാൻ സഹായിക്കും. പക്ഷേ ഹൃദ്രോഗമുള്ള ആളുകൾ ഇത് ചെയ്യുമ്പോൾ സൂക്ഷിക്കണം.
* ഉച്ചയ്ക്ക് ശേഷം ഉപ്പുള്ള ഭക്ഷണം അധികം കഴിക്കാതിരിക്കുക. രാത്രിയിൽ കൂടുതൽ ഉപ്പ് കഴിച്ചാൽ ശരീരത്തിൽ വെള്ളം കൂടുതൽ കെട്ടിനിൽക്കുകയും ഹൃദയത്തിന് ജോലിഭാരം കൂടുകയും ചെയ്യും.
* വൈകീട്ട് ആറിന് ശേഷം അമിതമായി വെള്ളം കുടിക്കുന്നത് നിയന്ത്രിക്കുക.
* പകൽ സമയത്ത് കാലിൽ ഇറുകിയ സോക്സ് പോലുള്ളവ ധരിക്കുകയാണെങ്കിൽ കാലിൽ രക്തം കെട്ടിനിൽക്കുന്നത് തടയും. അത് വഴി പകൽ രക്തം കൃത്യമായി ഹൃദയത്തിലേക്ക് എത്തും. പകൽ തന്നെ മൂത്രത്തിലൂടെ ആവശ്യമില്ലാത്ത വെള്ളം പുറത്തുപോകും.
* പ്രമേഹം നന്നായി നിയന്ത്രിക്കുക. കാരണം രക്തത്തിൽ ഷുഗർ കൂടിയാൽ രാത്രിയിൽ കൂടുതൽ മൂത്രമൊഴിക്കും.
* രാത്രി കൂർക്കംവലി, സ്ലീപ്പ് അപ്നിയ (Sleep Apnea) എന്നിവ ഉള്ളവർ ചികിത്സ തേടുക. ഇവർക്ക് രാത്രിയിൽ കൂടുതൽ മൂത്രമൊഴിക്കാൻ തോന്നിക്കൊണ്ടിരിക്കും.
* പ്രശ്നം രൂക്ഷമാണെങ്കിൽ എക്കോ ടെസ്റ്റ് നടത്തി ഹൃദയത്തിന്റെ പമ്പിങ് പരിശോധിക്കുക.
എല്ലാവരിലും ഇത് ഹൃദയത്തിന്റെ തകരാറുകളുമായി ബന്ധമുണ്ടാവില്ലെങ്കിലും ധാരാളം പേരിൽ ഇത് ഒരു സൂചനയാണെന്ന് ഡോ. അനിൽ സലീം ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു.

