നിങ്ങൾ ചോക്ക് കഴിക്കാറുണ്ടോ? അറിയാതെ പോകരുത് ചോക്കിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ
text_fieldsചിലർ ചോക്ക് കഴിക്കുന്നത് കണ്ടിട്ടില്ലേ. എന്തുകൊണ്ടാണെന്ന് അറിയാമോ? മുതിർന്നവരും കുട്ടികളും ചോക്ക് കഴിക്കാൻ തോന്നുന്നതിന് പ്രധാനമായി നിരവധി കാരണങ്ങളുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം ‘പൈക്ക’ എന്ന അവസ്ഥയാണ്. ഭക്ഷണയോഗ്യമല്ലാത്ത വസ്തുക്കൾ കഴിക്കാൻ തോന്നുന്ന ഒരുതരം അവസ്ഥയാണിത്. ചോക്ക്, മണ്ണ്, പേപ്പർ, ഐസ്, കളിമണ്ണ്, മുടി, ചാരം തുടങ്ങിയ വസ്തുക്കളോടുള്ള അമിതമായ ആസക്തി ഇതിൽ ഉൾപ്പെടുന്നു. ചോക്ക് കഴിക്കാനുള്ള ഈ ആസക്തിയെ കാൽക്കോഫാഗിയ എന്നും പറയാറുണ്ട്. ചോക്ക് കഴിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണം ശരീരത്തിൽ ചില പോഷകങ്ങൾ, പ്രത്യേകിച്ച് ഇരുമ്പ്, കാൽസ്യം, അല്ലെങ്കിൽ സിങ്ക് എന്നിവയുടെ കുറവാണ്.
ഗർഭിണികളായ സ്ത്രീകളിൽ ഇരുമ്പിന്‍റെ കുറവ് സാധാരണമാണ്. ഈ സമയത്ത് പലർക്കും പൈക്കയുടെ ലക്ഷണങ്ങൾ പ്രത്യേകിച്ച് ചോക്ക് അല്ലെങ്കിൽ മണ്ണ് കഴിക്കാനുള്ള ആസക്തി, കണ്ടുവരാറുണ്ട്. ചില മാനസികാരോഗ്യ പ്രശ്നങ്ങളായ ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (OCD), ഓട്ടിസം, അല്ലെങ്കിൽ കടുത്ത മാനസിക സമ്മർദം എന്നിവയുള്ളവർക്ക് ചോക്ക് കഴിക്കാനുള്ള പ്രവണത കണ്ടേക്കാം. ചോക്ക് കഴിക്കാനുള്ള ആസക്തി എന്നത് സാധാരണയായി വിളർച്ച പോലുള്ള ഒരു പോഷകാഹാരക്കുറവിന്‍റെ ലക്ഷണമാണ്. ശരിയായ രോഗനിർണയവും ചികിത്സയും തേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
കുട്ടികൾ സ്വാഭാവികമായും ജിജ്ഞാസുക്കളാണ്. ചോക്ക് കഴിക്കുന്നത് നിരുപദ്രവകരമായി തോന്നാമെങ്കിലും ആവർത്തിച്ചുള്ളതാകുമ്പോൾ ഒന്ന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടി എത്ര കാലമായി ചോക്ക് കഴിക്കുന്നു, എത്ര തവണ കഴിക്കുന്നു, എത്ര അളവിൽ എന്നിവ മാതാപിതാക്കൾ ശ്രദ്ധിക്കണം. കടലാസ്, മണ്ണ്, പെൻസിൽ ഷേവിങ്ങുകൾ തുടങ്ങിയ ഭക്ഷ്യേതര വസ്തുക്കളും കുട്ടി കഴിക്കുന്നുണ്ടെങ്കിൽ അത് പൈക്കയുടെ പ്രാരംഭ ലക്ഷണമായിരിക്കാം. ഈ ശീലം ആദ്യം നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും ദീർഘകാല ചോക്ക് കഴിക്കുന്നത് നിരവധി ശാരീരികവും പെരുമാറ്റപരവുമായ പ്രശ്നങ്ങൾക്ക് കാരണമാകും.
വ്യാവസായികമായി നിർമിക്കുന്ന ചോക്കുകളിൽ (പ്രത്യേകിച്ച് ആർട്ട് ചോക്കുകളിൽ) ചിലപ്പോൾ കാൽസ്യം സിലിക്കേറ്റ്, ലെഡ് പോലുള്ള ഹെവി ലോഹങ്ങൾ, അല്ലെങ്കിൽ മറ്റ് രാസവസ്തുക്കൾ, ചായങ്ങൾ എന്നിവ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. ഇവ ശരീരത്തിൽ പ്രവേശിക്കുന്നത് വിഷബാധക്ക് കാരണമാകും. ചോക്ക് ദഹിക്കാത്തതിനാൽ അത് കുടലിൽ അടിഞ്ഞുകൂടി ഗുരുതരമായ മലബന്ധത്തിന് കാരണമായേക്കാം. വയറുവേദന, ഓക്കാനം, ഛർദ്ദി പോലുള്ള ദഹനപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വളരെ അപൂർവമായി, വലിയ അളവിൽ ചോക്ക് കഴിക്കുന്നത് കുടലിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഇത് അടിയന്തിര ചികിത്സ ആവശ്യപ്പെടുന്ന അവസ്ഥയാണ്. ചോക്കിന്‍റെ പരുപരുത്ത ഘടന കാരണം പല്ലുകളുടെ ഇനാമലിന് തേയ്മാനം സംഭവിക്കുകയും പല്ലുകൾ പൊട്ടിപ്പോകാനുള്ള സാധ്യത കൂടുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

