വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം...; മാനസികാരോഗ്യവും കോവിഡ് തകർത്തെന്ന് പഠനം
text_fieldsന്യൂഡൽഹി: ശാരീരിക ആരോഗ്യം മാത്രമല്ല, ജനങ്ങളുടെ മാനസികാരോഗ്യവും കോവിഡ് തകർത്തെന്ന് ചൂണ്ടിക്കാട്ടി പഠനം. ലണ്ടൻ കിങ്സ് കോളജ്, യൂനിവേഴ്സിറ്റി കോളജ് ലണ്ടൻ എന്നിവിടങ്ങളിലെ ഗവേഷകരുടെ പഠനമാണ് മാനസികാരോഗ്യത്തിലും കോവിഡ് സൃഷ്ടിച്ച ആഘാതം വ്യക്തമാക്കുന്നത്.
അടുത്തിടെയായി വർധിക്കുന്ന വിഷാദം, ഉത്കണ്ഠ, മാനസിക ക്ലേശം തുടങ്ങിയവ കോവിഡ് ബാധയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. 50 വയസും അതിൽ കൂടുതലുമുള്ള കോവിഡ് ബാധിതരുടെ മാനസികാരോഗ്യത്തിലാണ് മഹാമാരി ഏറ്റവും കൂടുതൽ ആഘാതമുണ്ടാക്കിയതെന്ന് പഠനം സൂചിപ്പിക്കുന്നു.
പ്രായമായ ആളുകളിൽ കോവിഡ്-19ന്‍റെ കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾ അനുഭവപ്പെടാൻ ഇത് ഇടയാക്കുന്നു. അണുബാധയെക്കുറിച്ചുള്ള വലിയ ആശങ്ക അണുബാധയ്ക്ക് ശേഷം രക്തക്കുഴലുകൾ (മൈക്രോവാസ്കുലർ) അല്ലെങ്കിൽ ന്യൂറോളജിക്കൽ വ്യതിയാനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.
ലാൻസെറ്റ് സൈക്യാട്രിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അണുബാധയ്ക്ക് ശേഷം ഏറെ കഴിഞ്ഞിട്ടും വ്യക്തികളുടെ മോശം മാനസികാരോഗ്യാവസ്ഥയിൽ മാറ്റം വന്നില്ലെന്നും അതിനാൽ, നീണ്ട കാലം ഫോളോ-അപ്പ് ചെയ്യേണ്ടത് ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.