കാലാവസ്ഥാ വ്യതിയാനം ഉറക്കത്തെ ബാധിക്കുന്നു; ഇന്ത്യയിൽ ഉറക്കനഷ്ടം വർധിക്കുന്നതായി പഠനം
text_fieldsന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെ ഉറക്കത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് 'ക്ലൈമറ്റ് സെൻട്രൽ' പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ട്. രാത്രിയിലെ താപനിലയിലുണ്ടാകുന്ന വർധനവ് ആഗോളതലത്തിൽ ഉറക്കക്കുറവിന് കാരണമാകുന്നതായാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
ദക്ഷിണേന്ത്യയിൽ പ്രതിവർഷം 78 മുതൽ 91 മണിക്കൂർ വരെ ഉറക്കം നഷ്ടപ്പെടുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ 107 നഗരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ചെന്നൈ (93 മണിക്കൂർ), മുംബൈ (84 മണിക്കൂർ), കൊൽക്കത്ത (80 മണിക്കൂർ) എന്നിവിടങ്ങളിലാണ് ഏറ്റവുമധികം ഉറക്കനഷ്ടം രേഖപ്പെടുത്തിയത്. ബംഗളൂരുവിൽ എട്ട് മണിക്കൂറാണ് കാലാവസ്ഥാ മാറ്റം മൂലമുള്ള വാർഷിക ഉറക്കനഷ്ടം.
1970-കൾക്ക് ശേഷം ലോകത്തെ പ്രധാന നഗരങ്ങളിൽ താപനിലയുമായി ബന്ധപ്പെട്ട ഉറക്കനഷ്ടം ഇരട്ടിയായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020 മുതൽ 2025 വരെയുള്ള കാലയളവിൽ ആഗോളതലത്തിൽ ഒരാൾക്ക് വർഷത്തിൽ ശരാശരി 56 മണിക്കൂർ ഉറക്കമാണ് ചൂട് കാരണം നഷ്ടമായത്.
രാത്രിയിലെ ഉയർന്ന താപനില ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. മതിയായ ഉറക്കം ലഭിക്കാത്തത് ഹൃദ്രോഗം, പ്രതിരോധശേഷി കുറയൽ, മാനസിക സമ്മർദം, പ്രവർത്തനക്ഷമതയിലെ കുറവ് തുടങ്ങിയവയ്ക്ക് കാരണമാകാം. മുതിർന്നവർക്ക് ആരോഗ്യത്തിന് ദിവസവും ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറക്കം ആവശ്യമാണെന്നും, കാലാവസ്ഥാ വ്യതിയാനം ഈ അടിസ്ഥാന ആവശ്യത്തെ തടസ്സപ്പെടുത്തുന്നുണ്ടെന്നും റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

