മസിൽ നഷ്ടം, വലിയ മിഡിൽ ഏജ് ക്രൈസിസ്
text_fieldsകൊഴിയുന്ന മുടിയെപ്പറ്റിയാകും, മധ്യവയസ്സിനോട് അടുക്കുമ്പോൾ മിക്ക പുരുഷന്മാരും ആശങ്കപ്പെടുക. എന്നാൽ, അതു മാത്രമല്ല അവർക്ക് നഷ്ടമായിത്തുടങ്ങുന്നത്. അതുകൊണ്ടുതന്നെ 30 കഴിഞ്ഞവർ അറിയുക, ഇനി നിങ്ങളിൽ വാർധക്യം പ്രവർത്തിച്ചുതുടങ്ങുമെന്ന്. അതായത്, തുടർന്നങ്ങോട്ട് ഓരോ 10 വർഷം കൂടുമ്പോഴും മൂന്നു മുതൽ അഞ്ചു വരെ ശതമാനം മസിൽ നഷ്ടം സംഭവിക്കുന്നുവെന്നാണ് കണക്ക്.
മസിൽ പ്രോട്ടീൻ സംശ്ലേഷണം ദുർബലമാകൽ, ടെസ്റ്റോസ്റ്റിറോൺ കുറവ് തുടങ്ങിയ ഹോർമോൺ മാറ്റങ്ങളും കായികാധ്വാനം കുറയുന്നതുമെല്ലാമാണ് പേശിക്കരുത്ത് കുറയാൻ കാരണം. സാക്രോപീനിയ എന്നറിയപ്പെടുന്ന ഈ മസിൽ മാസ് ശോഷണം, പുരുഷ ജീവിതചക്രത്തിൽ 30 ശതമാനം വരെ സംഭവിക്കുമെന്നാണ് കണക്ക്. സൗന്ദര്യക്കുറവിനപ്പുറം, ചലനശേഷി കുറയൽ, മറ്റു പലതരം രോഗങ്ങൾ എന്നിവക്കെല്ലാം കാരണമാകും.
നഷ്ടപ്പെടുന്ന പേശീബലം തിരിച്ചുകൊണ്ടുവരാനും നിലനിർത്താനും മൂന്നു കാര്യങ്ങളിലൂടെ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അവയിതാണ്:
വ്യായാമം
കരുത്ത് കൂട്ടൽ വ്യായാമമുറകൾ വളരെ ഫലപ്രദമായ പേശി ബലപ്പെടുത്തൽ പ്രക്രിയയാണ്. വെയ്റ്റ് ട്രെയിനിങ് ആണിതിന് വേണ്ടത്. ജീവിതത്തിന്റെ ഏത് ഘട്ടത്തിലും ജിം പരിശീലനം തുടങ്ങാം. ബോഡി വെയ്റ്റ് വ്യായാമങ്ങളായ സ്ക്വാറ്റ്, ശ്വാസകോശ വ്യായാമം, പുഷ് അപ് എന്നിവ വഴി വീട്ടിൽ വെച്ചുതന്നെ ഇത് ആരംഭിക്കാം. ശേഷം പതിയെ ജിമ്മിൽ പോയി ഭാര ട്രെയിനിങ് തുടങ്ങാം. അതേസമയം, മധ്യവയസ്സിന് അപ്പുറം കടന്നുപോയിട്ടുണ്ടെങ്കിൽ ജോയന്റുകൾ തടസ്സം നിൽക്കാം. അപ്പോൾ, വളരെ പതിയെ മുന്നോട്ടുപോയാൽ മതി.
ഭക്ഷണരീതി
വിവിധ ഭക്ഷ്യവസ്തുക്കളിൽ പോഷകങ്ങൾക്ക് പ്രാധാന്യമുള്ളവ തെരഞ്ഞെടുത്ത് കഴിക്കാൻ തുടങ്ങണം. മധ്യവയസ്സിലെ പുരുഷന്മാർക്ക് പ്രോട്ടീൻ, വിറ്റമിൻ, ഫൈബർ അനിവാര്യമാണ്. മസിൽ മാസ് തിരിച്ചുപിടിക്കാൻ പ്രയത്നം തുടങ്ങിയവരാണെങ്കിൽ ശരീരത്തിന് കൂടുതൽ പ്രോട്ടീൻ ആവശ്യമായിരിക്കും. പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം പ്രായം കൂടുമ്പോഴുണ്ടാകുന്ന പേശീനഷ്ടം കുറക്കാൻ സഹായിക്കും.
സൂക്ഷ്മ പോഷകങ്ങളും വിറ്റമിനും മസിൽ പ്രവർത്തനം കൂട്ടുകയും മസിൽ അട്രോഫി ചെറുക്കുകയും ചെയ്യും. പ്രോട്ടീൻ പൗഡറിന്റെ സഹായമൊന്നുമില്ലാതെ പിസ്ത പോലുള്ളവയും മറ്റു സസ്യാധിഷ്ഠിത പ്രോട്ടീനുകളും കഴിച്ച് പ്രോട്ടീൻ കുറവ് പരിഹരിക്കാം. ഇടക്ക് മാംസാഹാരവും പരീക്ഷിക്കാം.
ജീവിതശൈലി
മാനസിക സമ്മർദം വാർധക്യത്തിന്റെ വേഗം കൂട്ടും. ആധിയും സമ്മർദവും കൂടുമ്പോൾ ശരീരം കോർട്ടിസോൾ കൂടുതലയായി ഉൽപാദിപ്പിക്കും. ഇതാകട്ടെ, മസിൽ പ്രോട്ടീൻ അടക്കമുള്ള പ്രോട്ടീനുകളെ വിഘടിപ്പിക്കും. ശ്വസന വ്യായാമങ്ങൾ, കൃതജ്ഞതശീലം, ധ്യാനം, ഹോബികൾ തുടങ്ങിയവയിലൂടെ സമ്മർദം കുറച്ചെടുക്കണം. ഇതിനെല്ലാം പുറമെ, നന്നായി വെള്ളം കുടിക്കുക, നന്നായി ഉറങ്ങുക എന്നീ രണ്ടു കാര്യങ്ങളും ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

