മുടി വളരാനും മുഖക്കുരു മാറാനും ഉലുവ കുറച്ച് മതി
text_fieldsപോഷകങ്ങളുടെ കലവറയാണ് ഉലുവ. ഉലുവയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ലയിക്കുന്ന നാരാണ് 'ഗാലക്ടോമന്നൻ' (Galactomannan). ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഉലുവയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ മുടിയുടെയും പേശികളുടെയും ആരോഗ്യത്തിന് ഇത് ഗുണം ചെയ്യും.
ഔഷധമായും ദാഹശമിനിയും ഉലുവ ഉപയോഗിക്കാറുണ്ട്. സൗന്ദര്യ വർധകമെന്ന നിലയിലും ഉലുവക്ക് പ്രാധാന്യമുണ്ട്. അമ്മയുടെയും നവജാതശിശുവിന്റെയും ആരോഗ്യത്തിനും ഉലുവ ഉത്തമമാണ്. ഉലുവയിൽ അടങ്ങിയിട്ടുള്ള നാരുകൾ, ദഹനം സാവധാനത്തിലാക്കുകയും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ചെയ്യും. ഇത് ഇൻസുലിൻ ഉൽപ്പാദനം വർധിപ്പിക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
താരൻ മാറും മുടി വളരും
ഉലുവ കുതിർത്ത് മുടിയിൽ തേച്ചാൽ ധാരാളം ഗുണങ്ങളുണ്ട്. ഇത് പ്രകൃതിദത്തമായ ഹെയർ കണ്ടീഷണറായും മുടി സംരക്ഷണത്തിനായുള്ള ഔഷധമായും ഉപയോഗിക്കാം. ഉലുവയിൽ നിക്കോട്ടിനിക് ആസിഡ്, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയതിനാൽ മുടിയുടെ വേരുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു. മുടി കൊഴിച്ചിൽ തടയാനും പുതിയ മുടി വളരാൻ സഹായിക്കും. ഉലുവയിൽ ആന്റി-ഫംഗൽ, ആന്റി-ബാക്ടീരിയൽ ഗുണങ്ങൾ തലയോട്ടിയിലെ ചൊറിച്ചിൽ, താരൻ എന്നിവ ഇല്ലാതാക്കും.
ഉലുവയിലെ അയൺ, പ്രോട്ടീൻ എന്നിവ മുടിയുടെ വളർച്ചക്ക് അത്യാവശ്യമാണ്. ഇത് മുടിയുടെ വേരുകൾക്ക് പോഷണം നൽകുകയും മുടി പൊട്ടിപ്പോകുന്നത് തടയുകയും ചെയ്യും. കൂടാതെ ഉലുവയിലെ ലെസിത്തിൻ (Lecithin) എന്ന ഘടകം മുടിക്ക് സ്വാഭാവികമായ തിളക്കം നൽകുന്നു. ഇത് മുടിയെ മൃദുവും മിനുസമുള്ളതുമാക്കുന്നു. ഉലുവയിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്. ഇത് മുടിക്ക് കറുപ്പ് നിറം നൽകാൻ സഹായിക്കും.
രണ്ട് ടേബിൾ സ്പൂൺ ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വെക്കുക. അടുത്ത ദിവസം രാവിലെ ഈ കുതിർത്ത ഉലുവ വെള്ളം ചേർക്കാതെ അരച്ചെടുത്ത് അല്പം തൈര്, വെളിച്ചെണ്ണ, അല്ലെങ്കിൽ കറ്റാർവാഴ ജെൽ എന്നിവ ചേർക്കാം. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. 30-45 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ഈ രീതി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്യുന്നത് നല്ല ഫലം നൽകും.
മുഖക്കുരുവിൽ ഉലുവ അരച്ച് പുരട്ടുന്നത് പാടുകളില്ലാതെ കുരു ഉണക്കാൻ സഹായിക്കും. ഉലുവയിലെ നാരുകൾ വയറ് നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. ഇത് വിശപ്പ് നിയന്ത്രിക്കുകയും ശരീരഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉലുവക്ക് ശരീരത്തിൽ ചൂട് സൃഷ്ടിക്കാനുള്ള കഴിവുണ്ട്. ഇത് കഫത്തെയും വാതത്തെയും കുറക്കുന്നു. അതിനാൽ വാത രോഗങ്ങൾ ഉള്ളവർക്ക് ഉലുവ ചായ ഗുണം ചെയ്യും. മൂന്നു ഗ്രാം ഉലുവയാണ് ഒരു ദിവസം കഴിക്കാവുന്ന പരമാവധി അളവ്. ഉലുവയുടെ ഉപയോഗം ഗുണകരമാണെങ്കിലും ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

