ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട കാര്യങ്ങൾ
text_fieldsപോഷകസമൃദ്ധമായ പച്ചക്കറികളിൽ ഒന്നാണ് ബ്രൊക്കോളി. വിറ്റാമിൻ കെ, സി എന്നിവ ഉള്ളതുകൊണ്ട് തന്നെ പ്രതിരോധ ശേഷി കൂട്ടാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. കൂടാതെ ഇതിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഹൃദയ സംബന്ധമായ ഗുണങ്ങൾ ലഭിക്കാനും ബ്രൊക്കോളി ഉത്തമമാണ്.
ഇവയിലടങ്ങിയ ഗ്ലൂക്കോസിനോലേറ്റ്, സൾഫോറാഫെയ്ൻ, ഇൻഡോൾ-3-കാർബിനോൾ തുടങ്ങിയ ബയോആക്ടീവ് ഘടകങ്ങൾ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വീക്കം കുറക്കുന്നതിനും കാൻസറുകളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് നല്ലതാണ്. എന്നാൽ ഇവ ശരിയായി പാകം ചെയ്തില്ലെങ്കിൽ എല്ലാ പോഷക ഗുണങ്ങളും നഷ്ടപ്പെട്ടേക്കാം. കാര്യം നിസ്സാരമാണെന്ന് തോന്നുമെങ്കിലും ഇത്തരം ചെറിയ കാര്യങ്ങൾ മതിയായ പോഷകം ലഭിക്കുന്നതിൽ നിന്നും തടയുന്നതാണ്.
തണ്ടുകൾ മുറിച്ചു മാറ്റരുത്
പൊതുവേ ആളുകൾ ബ്രൊക്കോളിയുടെ തണ്ട് ഉപേക്ഷിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇവയിലാണ് നാരുകൾ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് കട്ടിയുള്ള പുറം തൊലി കളഞ്ഞ് ഉള്ളിലെ ഇളം ഭാഗം പാകം ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
ഉപയോഗത്തിന് മുന്നേ മുറിച്ചുവെക്കുക
പാകം ചെയ്യുന്നതിന് മുമ്പ് മുറിച്ചുവെക്കുന്നത് ഒഴിവാക്കാം. ഇത് ബ്രൊക്കോളിയുടെ പോഷക ഗുണങ്ങൾ നഷ്ടപ്പെടാൻ കാരണമാകും. മുറിച്ചതിനുശേഷം 10-15 മിനിറ്റിനുള്ളിൽ പാകം ചെയ്യണം. കൂടുതൽ പോഷകങ്ങൾ ശരീരത്തിന് ലഭിക്കാൻ വേണ്ടിയാണിത്.
അധിക ദിവസം സൂക്ഷിക്കൽ
ബ്രൊക്കോളി ദിവസങ്ങളോളം സൂക്ഷിച്ചു വെക്കുന്നത് പോഷകങ്ങൾ നഷ്ടപ്പെടാൻ കാരണമാകും. വിദഗ്ധരുടെ അഭിപ്രായത്തിൽ മൂന്നോ നാലോ ദിവസത്തിൽ കൂടുതൽ സൂക്ഷിക്കുന്നത് വിറ്റാമിൻ സി യുടെ അളവും പുതുമയും കുറക്കുമെന്നാണ് പറയുന്നത്. അതുകൊണ്ട് ആവശ്യാനുസരണം വാങ്ങി അപ്പോൾ തന്നെ പാകം ചെയ്ത് ഉപയോഗിക്കുക.
പാകം ചെയ്യുമ്പോൾ ഫാറ്റ് ഉപയോഗിക്കുക
ബ്രൊക്കോളിയിലെ കൊഴുപ്പ് ലയിക്കുന്ന പോഷകങ്ങളായ വിറ്റാമിൻ കെ, ആന്റിഓക്‌സിഡന്റുകൾ എന്നിവ നന്നായി ആഗിരണം ചെയ്യുന്നതിന് അല്പം ആരോഗ്യകരമായ കൊഴുപ്പ് ആവശ്യമാണെന്ന് പറയപ്പെടുന്നുണ്ട്. അതിനാൽ ഗുണങ്ങൾ വർധിപ്പിക്കുന്നതിന് നെയ്യിലോ ഒലിവ് ഓയിലോ കടുക്, വെളുത്തുള്ളി, മഞ്ഞൾ പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് ഉണ്ടാക്കുക.
അമിതമായി വേവിക്കുക
ബ്രൊക്കോളി കൂടുതൽ നേരം തിളപ്പിക്കുകയോ ആവിയിൽ വേവിക്കുകയോ ചെയ്യുന്നത് വിറ്റാമിൻ സി, സൾഫോറാഫെയ്ൻ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ ചൂടിനോട് സംവേദനക്ഷമതയുള്ള പോഷകങ്ങളെ പുറത്താക്കുന്നതിന് കാരണമാവും. നേരിയ ആവിയിൽ പരമാവധി മൂന്നോ നാലോ മിനിറ്റ് വേവിക്കുക. ബ്രൊക്കോളി അമിതമായി വേവിക്കുന്നത് നിരവധി പ്രധാന പോഷകങ്ങളും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന സംയുക്തങ്ങളും കുറക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

