ക്ലോക്കിലെ ടിക്ക് ടിക്ക്, കീബോർഡിൽ ടൈപ്പ് ചെയ്യുന്ന ശബ്ദം അസ്വസ്ഥതയുണ്ടാക്കാറുണ്ടോ? ‘മിസോഫോണിയ’യുടെ ലക്ഷണങ്ങള്‍ കൂടുതലും പെണ്‍കുട്ടികളിൽ!
text_fieldsചില പ്രത്യേക ശബ്ദങ്ങളോട് അമിതമായ വെറുപ്പോ വിദ്വേഷമോ തോന്നാറുണ്ടോ? മിസോഫോണിയ (Misophonia) എന്നത് ചില പ്രത്യേക ശബ്ദങ്ങളോട് ഒരാൾക്ക് തോന്നുന്ന അമിതമായ വെറുപ്പോ വിദ്വേഷമോ ആയ ഒരു അവസ്ഥയാണ്. ഇതിനെ 'ശബ്ദത്തോടുള്ള വിദ്വേഷം' എന്നും വിളിക്കാറുണ്ട്. ഇത് സാധാരണ കേൾവി സംബന്ധമായ പ്രശ്നമല്ല. മറിച്ച് മസ്തിഷ്കം ആ ശബ്ദങ്ങളെ എങ്ങനെ സ്വീകരിക്കുന്നു എന്നതുമായി ബന്ധപ്പെട്ടതാണ്. മിക്കപ്പോഴും മനുഷ്യർ ഉണ്ടാക്കുന്ന ചെറിയ ശബ്ദങ്ങളാണ് പ്രശ്നക്കാരാകുന്നത്. ഭക്ഷണം ചവക്കുന്ന ശബ്ദം, ശ്വാസമെടുക്കുന്ന ശബ്ദം, വിരലുകൾ ഞൊട്ടയിടുന്നത്, പേന ക്ലിക്ക് ചെയ്യുന്നത്, കീബോർഡിൽ ടൈപ്പ് ചെയ്യുന്ന ശബ്ദം,ക്ലോക്കിലെ ടിക്ക് ടിക്ക് ശബ്ദം, വെള്ളം ഇറ്റിറ്റു വീഴുന്നത് ഇതൊക്കെ സാധാരണയായി ബുദ്ധിമുട്ടുണ്ടാക്കുന്ന ശബ്ദങ്ങളാണ്. പുറമെ കാണുന്നവർക്ക് വിചിത്രമെന്ന് തോന്നാവുന്ന ഇത്തരം പെരുമാറ്റങ്ങൾ ചിലപ്പോൾ കൈവിട്ടു പോകാറുമുണ്ട്.
മിസോഫോണിയയെക്കുറിച്ച് പഠനം നടത്തുന്ന പല ഗവേഷകരും ചൂണ്ടിക്കാണിക്കുന്നത് പെൺകുട്ടികളിലും സ്ത്രീകളിലുമാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങൾ ആൺകുട്ടികളെ അപേക്ഷിച്ച് കൂടുതലായി കണ്ടുവരുന്നത് എന്നാണ്.മിക്കവരിലും മിസോഫോണിയയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത് 9 മുതൽ 13 വയസ്സിനുള്ളിലാണ്. ഈ പ്രായത്തിൽ പെൺകുട്ടികളിലുണ്ടാകുന്ന ശാരീരികവും ഹോർമോൺ സംബന്ധവുമായ മാറ്റങ്ങൾ ഇതിന് ഒരു കാരണമായി ചില പഠനങ്ങൾ പറയുന്നു. ഞരമ്പ് വഴി മസ്തിഷ്‌കത്തിലെത്തുന്ന ചില ഉള്‍ പ്രേരണകളാണ് മിസോഫറോണിയയെ ട്രിഗർ ചെയ്യുന്നതെന്നാണ് കറന്റ് ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
പ്രധാന ലക്ഷണങ്ങൾ
ചില പ്രത്യേക ശബ്ദങ്ങൾ കേൾക്കുമ്പോൾ മിസോഫോണിയ ഉള്ളവർക്ക് താഴെ പറയുന്ന വൈകാരികവും ശാരീരികവുമായ മാറ്റങ്ങൾ ഉണ്ടാകാം
അമിതമായ ദേഷ്യം: പെട്ടെന്നുണ്ടാകുന്ന കോപം അല്ലെങ്കിൽ പ്രകോപനം
വെറുപ്പ്: ആ ശബ്ദം കേൾക്കുമ്പോൾ ഉണ്ടാകുന്ന അറപ്പും വെറുപ്പും
ശാരീരിക മാറ്റങ്ങൾ: നെഞ്ചിടിപ്പ് കൂടുക, വിയർക്കുക, പേശികൾ മുറുകുക
രക്ഷപ്പെടാനുള്ള പ്രവണത: ആ ശബ്ദം കേൾക്കുന്ന സാഹചര്യത്തിൽ നിന്നും ഓടിപ്പോകാൻ തോന്നുക
എന്തുകൊണ്ട് സംഭവിക്കുന്നു?
മിസോഫോണിയയുടെ കൃത്യമായ കാരണം ഇപ്പോഴും ഗവേഷണ ഘട്ടത്തിലാണ്. എങ്കിലും തലച്ചോറിലെ ആന്റീരിയർ ഇൻസുലാർ കോർട്ടക്സ് എന്ന ഭാഗം ഇത്തരം ശബ്ദങ്ങളോട് അമിതമായി പ്രതികരിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് കരുതപ്പെടുന്നു. വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗവും കേൾവിയുമായി ബന്ധപ്പെട്ട ഭാഗവും തമ്മിലുള്ള അമിതമായ പ്രവർത്തനമാണ് ഇതിന് പിന്നിൽ. മിസോഫോണിയ പൂർണ്ണമായും മാറ്റാനുള്ള മരുന്നുകൾ നിലവിലില്ല. എന്നാൽ ഇത് നിയന്ത്രിക്കാൻ പല വഴികളുണ്ട്.
സൗണ്ട് തെറാപ്പി: ബാക്ക്ഗ്രൗണ്ട് മ്യൂസിക് അല്ലെങ്കിൽ വൈറ്റ് നോയിസ് ഉപയോഗിച്ച് ശ്രദ്ധ മാറ്റുക.
കൗൺസിലിങ് (CBT): ചിന്താഗതികളിൽ മാറ്റം വരുത്താൻ സഹായിക്കുന്ന തെറാപ്പികൾ.
ഇയർ പ്ലഗ്ഗുകൾ: ശബ്ദങ്ങൾ കുറക്കാൻ ഇയർഫോണുകളോ ഇയർ പ്ലഗ്ഗുകളോ ഉപയോഗിക്കുക.
ജീവിതശൈലി മാറ്റങ്ങൾ: മതിയായ ഉറക്കം, വ്യായാമം, ധ്യാനം എന്നിവ വഴി സമ്മർദം കുറക്കുന്നത് ഗുണകരമാണ്. ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, ഒരു ഓഡിയോളജിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയോ കണ്ട് കൃത്യമായ ഉപദേശം തേടുന്നത് നന്നായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

