ജെൻ സീ ക്ക് ‘ക്രാഷിങ് ഔട്ട്’ ആകാം
text_fieldsപുതുതലമുറക്ക് അഥവാ ‘ജെൻ സീ’ നിഘണ്ടുവിലെ പുതിയ പദമാണ് ‘ക്രാഷിങ് ഔട്ട്’. ജെൻ സീ മലയാളത്തിൽ തന്നെ അർഥം വേണമെങ്കിൽ ‘കൈയീന്നു പോകൽ’ എന്നു പറയാം. സംഗതി പെട്ടെന്നുള്ള മാനസിക തളർച്ചയാണ്. ജോലി ഭാരംകൊണ്ടോ ഡെഡ് ലൈൻ പാലിക്കാനുള്ള സമ്മർദംകൊണ്ടോ മറ്റെന്തെങ്കിലുമോ വ്യക്തിപരമായ സമ്മർദങ്ങൾ കാരണമോ സംഭവിക്കുന്ന മാനസിക തളർച്ചയെ വിശേഷിപ്പിക്കുന്നതാണ് ‘ക്രാഷിങ് ഔട്ട്’.
ദേഷ്യംകൊണ്ട് പരിസരം മറക്കൽ, അസ്വാഭാവികമായും മുൻചിന്തയില്ലാതെയും പെരുമാറൽ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ഇതിനെ പലപ്പോഴും സ്വാഭാവിക മനോസമ്മർദം എന്നു കരുതാറുണ്ടെങ്കിലും പാനിക് അറ്റാക് പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്ന കടുത്ത വൈകാരിക സമ്മർദത്തിന്റെ സൂചനയുമാകാം എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വെറും ക്ഷീണം എന്നതിൽ കവിഞ്ഞ്, സമ്മർദവും അതിവൈകാരികതയും സൃഷ്ടിക്കുന്ന നാഡീ വ്യവസ്ഥാ പ്രതികരണമാണിതെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. റിംപ സർക്കാർ പറയുന്നു.
‘‘ അക്കാദമിക് രംഗത്തായാലും ജോലിയിലായാലും സമൂഹമാധ്യമങ്ങളിലായാലും നിരന്തരം കണക്ടഡായിരിക്കുന്ന, താരതമ്യം ചെയ്യപ്പെടുന്ന, വൈകാരിക സാഹചര്യം നിറഞ്ഞ അന്തരീക്ഷത്തിലാണ് ജെൻ സീ ജീവിക്കുന്നത്. ഒപ്പം അമിത പ്രതീക്ഷയും അവരെ ഭരിക്കുന്നു. ഈ വൈകാരിക ഭാരം കാലക്രമേണ അവർക്ക് താങ്ങാനാവാതെ വരുന്നു. അപ്പോൾ എല്ലാറ്റിൽനിന്നും പിൻവലിഞ്ഞ് ഷട്ട് ഡൗൺ മോഡിലേക്ക് അവർ ചുരുങ്ങുന്നു. സമ്മർദത്തിൽനിന്ന് സ്വയംരക്ഷപ്പെടാൻ അവരുടെ തലച്ചോർ സ്വീകരിക്കുന്ന ഒരു വഴിയാണിത്’’ -ഡോ. റിംപ വിശദീകരിക്കുന്നു.
പരമ്പരാഗതമായി നാം പറയുന്ന മടി, അലസത എന്നതിനേക്കാൾ, പൊട്ടിത്തെറിക്കുന്നതിനു മുമ്പുള്ള നിശ്ശബ്ദതയാണത്. മതിയായി എന്ന് മനസ്സ് പറയുന്ന അവസ്ഥ.
‘‘ സന്തോഷ ഹോർമോൺ ആഗ്രഹിക്കുക, മികച്ച പെർഫോമൻസ് കൊതിക്കുക തുടങ്ങിയവ ഏറെ നാൾ നീളുമ്പോൾ മസ്തിഷ്‍കത്തിന്റെ സമ്മർദവും ഏറെ നേരം അവരിൽ നിലനിൽക്കും. പതിയെ അതവരുടെ ഊർജവും ശ്രദ്ധയും പ്രചോദനവുമെല്ലാം ഇല്ലാതാക്കും. അപ്പോൾ വളരെ നിസ്സാര സാമൂഹിക-വൈകാരിക ഉത്തരവാദിത്തങ്ങൾ പോലും അവർക്ക് താങ്ങാനാവാതെ വരും.’’ -അവർ കൂട്ടിച്ചേർക്കുന്നു.
ക്രാഷ് ഔട്ടാവാതിരിക്കാൻ
നിങ്ങളുടെ കഴിവും ശേഷിയും തിരിച്ചറിയുകയും അതിനെ ബഹുമാനിക്കുകയും ചെയ്യാം: കാര്യങ്ങൾ താങ്ങാൻ കഴിയുന്നില്ലെന്ന് തോന്നിക്കഴിഞ്ഞാൽ പതിയെ വിശ്രമ മോഡിലേക്ക് മാറാൻ ശ്രമിക്കാം. അതൊരിക്കലും ദൗർബല്യമല്ല, സ്വയംതിരിച്ചറിവാണ്.
രക്ഷപ്പെട്ട് ഓടാതെ, മുൻകൂട്ടി നിശ്ചയിച്ച് വിശ്രമിക്കുക: സഹിക്കാൻ കഴിയാതെ വരുമ്പോൾ ഓടി രക്ഷപ്പെടാതെ, നേരത്തേതന്നെ ശാന്തമായ അവസ്ഥയിൽ വിശ്രമ കാര്യങ്ങൾ നിശ്ചയിക്കുക. ശാന്തമായ പ്രഭാതങ്ങൾ, ഡിജിറ്റൽ ഡീ ഡോക്സിഫിക്കേഷൻ (ഗാഡ്ജറ്റുകളിൽനിന്നുള്ള ഒഴിഞ്ഞു നിൽക്കൽ), ജേണലിങ് തുടങ്ങിയവ തലച്ചോറിനെ റീസെറ്റ് ചെയ്യാൻ സഹായിക്കും.
യാഥാർഥ്യബോധത്തോടെയുള്ള സാമൂഹിക അതിരുകൾ നിശ്ചയിക്കാം: നിങ്ങളുടെ കഴിവിന്റെ അതിരും പരിധിയും കൃത്യമായി ആശയവിനിമയം ചെയ്യുക. ‘ഇന്നു സാധിക്കില്ല’ എന്നു പറയുന്നത് ബന്ധം മുറിക്കലല്ല, സത്യസന്ധമായ ബന്ധത്തെ സൂചിപ്പിക്കുന്നതാണ്, നിങ്ങൾ പറയുന്നത് സത്യസന്ധമായാണെങ്കിൽ.
നിങ്ങളുടെ ശാരീരിക നില ശരിയാക്കി വെക്കാം: ശ്വസന വ്യായാമങ്ങൾ, സ്ട്രെച്ചിങ് തുടങ്ങിയവ ശീലിക്കാവുന്നതാണ്. എല്ലാത്തിൽ നിന്നും ഓടിയൊളിക്കാനുള്ള പ്രവണത ആവർത്തിക്കുകയാണെങ്കിൽ വിദഗ്ധരെ കൺസൾട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

