15 സെക്കൻഡിനുള്ളിൽ ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന മാനിനെ കണ്ടെത്താൻ കഴിയുമോ? ‘ഒപ്റ്റിക്കൽ ഇല്ല്യൂഷൻ’ നിങ്ങളെ കുഴപ്പത്തിലാക്കാറുണ്ടോ?
text_fields15 സെക്കൻഡിനുള്ളിൽ ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന മാനിനെ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുന്നുണ്ടോ? ഇത് ലളിതമായി തോന്നാം. പക്ഷേ മൂർച്ചയുള്ള കാഴ്ച മാത്രമല്ല, നല്ല ശ്രദ്ധയും ഉണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. ‘ഒപ്റ്റിക്കൽ ഇല്ല്യൂഷൻ’ അഥവാ ദൃശ്യ മിഥ്യാബോധം എന്നത് നമ്മുടെ കണ്ണുകൾ കാണുന്ന വിവരങ്ങളെ തലച്ചോറ് തെറ്റായി വ്യാഖ്യാനിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ദൃശ്യ പ്രതിഭാസമാണ്. ലളിതമായി പറഞ്ഞാൽ നമ്മൾ കാണുന്നത് യഥാർത്ഥത്തിൽ എന്തായിരിക്കുന്നോ അതിൽ നിന്ന് വ്യത്യസ്തമായി തോന്നുന്ന അവസ്ഥയാണിത്.
നമ്മുടെ കണ്ണുകൾ ശേഖരിക്കുന്ന വിവരങ്ങൾ തലച്ചോറിന് അയച്ചുകൊടുക്കുമ്പോൾ ആ വിവരങ്ങൾ വിശകലനം ചെയ്യാനും ലോകത്തെ മനസിലാക്കാനും തലച്ചോർ ശ്രമിക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ കാഴ്ചയിലെ ചില ഘടകങ്ങൾ (നിറങ്ങൾ, പാറ്റേണുകൾ, വെളിച്ചം, ചലനം, ആഴം മുതലായവ) കാരണം ഈ പ്രക്രിയയിൽ ആശയക്കുഴപ്പമുണ്ടാകുകയും തലച്ചോറ് തെറ്റായ നിഗമനങ്ങളിൽ എത്തുകയും ചെയ്യുന്നു. നമ്മുടെ കണ്ണിലേക്ക് പതിക്കുന്ന ദൃശ്യങ്ങൾ ദ്വിമാനമാണ് (2D). ഈ ദ്വിമാന വിവരങ്ങളെ ആഴം, ദൂരം, വലിപ്പം തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തി ത്രിമാന രൂപത്തിൽ (3D) മനസിലാക്കാൻ തലച്ചോർ ചില ഊഹങ്ങളെയും മുൻകാല അനുഭവങ്ങളെയും ആശ്രയിക്കുന്നു. ഈ ഊഹങ്ങൾ തെറ്റാകുമ്പോഴാണ് മിഥ്യാബോധം ഉണ്ടാകുന്നത്.
യഥാർത്ഥത്തിൽ ചലിക്കാത്ത ഒരു നിശ്ചല ചിത്രം പ്രത്യേക പാറ്റേണുകൾ കാരണം ചലിക്കുന്നതായി തോന്നുന്നത്, ഒരേ വലിപ്പമുള്ള രണ്ട് വസ്തുക്കൾ, ചുറ്റുമുള്ള മറ്റ് വസ്തുക്കളുടെ സ്വാധീനം കാരണം വലുപ്പത്തിൽ വ്യത്യാസമുള്ളതായി തോന്നുന്നത്, അവ്യക്തമായ ചിത്രങ്ങളൊക്കെ ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ഉദാഹരണങ്ങളാണ്. നമ്മുടെ കണ്ണുകൾ വിവരങ്ങൾ ശേഖരിച്ച് അയക്കുമ്പോൾ, തലച്ചോറ് എങ്ങനെയാണ് ആ വിവരങ്ങളെ വ്യാഖ്യാനിക്കുന്നതെന്നും, എപ്പോഴൊക്കെയാണ് അതിന് പിഴവുകൾ സംഭവിക്കുന്നതെന്നും മനസിലാക്കാൻ ഇവ സഹായിക്കുന്നു.
ഒപ്റ്റിക്കൽ ഇല്ല്യൂഷൻ പസിലുകളും ചിത്രങ്ങളും തലച്ചോറിന് വ്യായാമം നൽകുന്നു. കാഴ്ചയുമായി ബന്ധപ്പെട്ട തകരാറുകൾ ഉള്ളവരെക്കുറിച്ചും, തലച്ചോറിന്‍റെ ചില ഭാഗങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചും പഠിക്കാൻ ഗവേഷകർ ഇല്ലൂഷനുകൾ ഉപയോഗിക്കുന്നു. ചലിക്കുന്നതായി തോന്നുന്നതും ആഴം കൂടിയതുമായി തോന്നുന്നതുമായ ചിത്രങ്ങൾ നിർമിക്കാൻ കലാകാരന്മാർ ഇല്ലൂഷനുകൾ ഉപയോഗിക്കുന്നുണ്ട്. കെട്ടിടങ്ങളെ വലുതോ ചെറുതോ ആയി തോന്നിപ്പിക്കാനും, പ്രത്യേക ദൃശ്യാനുഭവം നൽകാനും ആർക്കിടെക്റ്റുകളും ഇല്ലൂഷനുകളുടെ തത്വങ്ങൾ ഉപയോഗിക്കാറുണ്ട്.
ഒപ്റ്റിക്കൽ ഇല്ല്യൂഷനുകൾ മാനസികാരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനേക്കാൾ മസ്തിഷ്കത്തിൻ്റെ പ്രവർത്തനത്തെയും വൈജ്ഞാനിക പ്രക്രിയകളെയും മനസിലാക്കാൻ സഹായിക്കുന്ന ഒരു ഉപകരണമായിട്ടാണ് നിലകൊള്ളുന്നത്. സ്‌കിസോഫ്രീനിയ പോലുള്ള അവസ്ഥകളുള്ള വ്യക്തികൾ, ആരോഗ്യവാന്മാരായ ആളുകളിൽ നിന്ന് വ്യത്യസ്തമായി ചില ഇല്ല്യൂഷനുകൾ കാണുന്നു അല്ലെങ്കിൽ അവയോട് പ്രതികരിക്കുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് തലച്ചോറിൽ വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിലെ വ്യത്യാസങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു. ഇത് തലച്ചോറിനെ സജീവമാക്കാനും, വിനോദം നൽകാനും, കുറഞ്ഞ സമയത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
ഒപ്റ്റിക്കൽ ഇല്ല്യൂഷൻ പേഴ്സണാലിറ്റി ടെസ്റ്റുകൾ (Optical Illusion Personality Tests) എന്നത് സമീപകാലത്ത് ഇന്റർനെറ്റിൽ വളരെ പ്രചാരത്തിലുള്ള, വിനോദപരമായ ഒരു തരം മനഃശാസ്ത്ര ക്വിസുകളാണ്. യഥാർത്ഥത്തിൽ ഇത് ഒരു ചിത്രം കാണിക്കുമ്പോൾ അതിൽ നിങ്ങൾ ആദ്യം എന്താണ് കാണുന്നത് എന്നതിനെ അടിസ്ഥാനമാക്കി നിങ്ങളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് പറയുന്ന ഒരു പരീക്ഷണ രീതിയാണ്. നിങ്ങൾ ഒരു ചിത്രത്തിൽ ആദ്യം എന്താണ് കാണുന്നത് എന്നത് നിങ്ങളുടെ തലച്ചോറിന്‍റെ കാഴ്ചാപരമായ മുൻഗണനയെയും, ആ സമയത്തെ നിങ്ങളുടെ മാനസികാവസ്ഥയെയും ആശ്രയിച്ചിരിക്കും. ഇതിന് നിങ്ങളുടെ സ്വഭാവത്തിന്‍റെ ആഴത്തിലുള്ള സവിശേഷതകളുമായി എപ്പോഴും ബന്ധമുണ്ടാകണമെന്നില്ലെന്നും പഠനങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

