കുട്ടികൾ അങ്ങേയറ്റം ധൈര്യശാലികളാണ്; ഭയത്തിന്‍റെയും ധൈര്യത്തിന്‍റെയും അളവുകൾ തമ്മിൽ വലിയ ബന്ധമില്ലെന്ന് പഠനം
text_fieldsമനഃശാസ്ത്ര പ്രൊഫസർ പീറ്റർ മുരിസ് കുട്ടികളുടെ ധൈര്യത്തെക്കുറിച്ചും ഭയത്തെക്കുറിച്ചും നടത്തിയ പഠനങ്ങളിൽ ഈ രണ്ട് വികാരങ്ങൾ പരസ്പരം ബന്ധമില്ലാത്തതാണെന്ന് പറയുന്നു. 2009ൽ എട്ട് മുതൽ 13 വയസ്സുവരെയുള്ള കുട്ടികളിൽ മുരിസ് നടത്തിയ പഠനത്തിന്‍റെ പ്രധാന തീം ഭയവും ധൈര്യവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണോ? എന്നതായിരുന്നു. ഒരു സാഹസിക പ്രവർത്തി ചെയ്യുമ്പോൾ ഒരു കുട്ടിക്ക് അനുഭവപ്പെടുന്ന ഭയത്തിന്‍റെ അളവും അതേ പ്രവർത്തിയിലെ ധൈര്യത്തിന്‍റെ അളവും തമ്മിൽ വലിയ ബന്ധമില്ലെന്ന് പഠനം കണ്ടെത്തി.
ഗവേഷണത്തിൽ പങ്കെടുത്ത കുട്ടികൾ തങ്ങൾ ചെയ്ത ഏറ്റവും ധീരമായ പ്രവർത്തികൾ വിവരിക്കുമ്പോൾ ആ സമയത്ത് ഭയമുണ്ടായിരുന്നു എന്നും എന്നാൽ അതിനെ അതിജീവിച്ച് പ്രവർത്തിച്ചു എന്നും രേഖപ്പെടുത്തി. ഭയം തോന്നുന്നതുകൊണ്ട് മാത്രം ഒരു കുട്ടിക്ക് ധൈര്യമില്ലാതാകുന്നില്ല. പഠനത്തിൽ പങ്കെടുത്ത കുട്ടികളിൽ 94% പേരും തങ്ങളുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ധീരമായ പ്രവർത്തി ചെയ്തിട്ടുണ്ട് എന്ന് റിപ്പോർട്ട് ചെയ്തു. ഉദാഹരണത്തിന്, അവർ ഭയപ്പെടുന്ന ഒരു മൃഗത്തെ കൈകാര്യം ചെയ്യുക, അല്ലെങ്കിൽ ഭീഷണിപ്പെടുത്തുന്നവരിൽ നിന്ന് ഒരു സുഹൃത്തിനെ സംരക്ഷിക്കുക എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.
ധൈര്യം എന്നാൽ ഭയം ഇല്ലാത്ത അവസ്ഥയല്ല മറിച്ച് ഭയം ഉണ്ടായിട്ടും അതിനെ മറികടന്ന് പ്രവർത്തിക്കാനുള്ള സന്നദ്ധതയാണ് എന്നതാണ് മുരിസിന്‍റെ പ്രധാന കണ്ടെത്തൽ. കുട്ടികൾക്ക് ഭയം തോന്നാമെങ്കിലും ആ വികാരം അവരെ നിശ്ചലമാക്കുന്നതിനുപകരം ഒരു പ്രവർത്തി ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. സാമൂഹികമായും അല്ലാതെയും കൂടുതൽ സജീവമായി ഇടപെഴകാൻ ഇഷ്ടപ്പെടുന്ന കുട്ടികൾ പുതിയ സാഹചര്യങ്ങളെ ധൈര്യത്തോടെ സമീപിക്കുന്നു. ആവേശം, സാഹസികത, പുതിയ അനുഭവങ്ങൾ എന്നിവ തേടുന്ന കുട്ടികൾ റിസ്കുകളോടുള്ള താൽപ്പര്യം കാരണം ധീരമായ കാര്യങ്ങൾ ചെയ്യാൻ മടിക്കില്ലെന്നും പഠനം സൂചിപ്പിക്കുന്നു.
ഒരു ധീരമായ പ്രവർത്തി വിജയകരമായി പൂർത്തിയാക്കുമ്പോൾ, കുട്ടികളിൽ ആത്മവിശ്വാസം വർധിക്കുന്നു. ഇത് അടുത്ത തവണ സമാനമായ വെല്ലുവിളികളെ നേരിടാൻ അവരെ സഹായിക്കുന്നു. ഉത്കണ്ഠാ ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികൾക്ക് പൊതുവെ ധൈര്യം കുറവായിരിക്കും എന്നും പഠനം പറയുന്നു. ചിലരിൽ ധൈര്യം ഒരു 'പ്രൊട്ടക്റ്റീവ് ഫാക്ടർ' ആയി കണക്കാക്കപ്പെടുന്നു. ഇത് അവരെ ഉത്കണ്ഠാ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

