‘ഇന്ന് ലോക ഹൃദയദിനം’; ഒരുക്കാം ഹൃദയപൂർവം സംരക്ഷിക്കണം
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഇന്ന് ലോക ഹൃദയദിനം. ഹൃദയാരോഗ്യം വലിയ വെല്ലുവിളിയായി മാറുന്ന കാലത്തെ സാക്ഷിനിർത്തിയാണ് ആരോഗ്യമേഖല തിങ്കളാഴ്ച ലോക ഹൃദയദിനം ആചരിക്കുന്നത്. കോവിഡ് ഹൃദയാരോഗ്യത്തിൽ വലിയ വിള്ളലുണ്ടാക്കിയെന്നതിൽ സംശയമില്ലെന്ന് ആരോഗ്യവിദഗ്ദർ അടിവരയിടുന്നു.
ഏത് സാഹചര്യത്തിലും എവിടെവെച്ചും ആരും കുഴഞ്ഞുവീണ് മരിക്കാനിടയാകുന്ന ആരോഗ്യസ്ഥിതിയാണ് ഇന്ന് നിലനിൽക്കുന്നത്. ഇതിന് പ്രധാനകാരണം ഹൃദയാഘാതംതന്നെയെന്നാണ് ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പ്രതിവർഷം മരിക്കുന്നതും ഹൃദ്രോഗം മൂലമാണെന്നും അവർ പറയുന്നു. 1.25 ലക്ഷംപേർ കാർഡിയോ-വാസ്കുലാർ അസുഖംകാരണം മരിക്കുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ എട്ടുവർഷത്തെ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 25,875 കുട്ടികൾക്ക് ജനനശേഷം ഹൃദ്രോഗം കണ്ടെത്തി എന്നതും വസ്തുതയാണ്.
അങ്ങനെ ഹൃദയാരോഗ്യസംരക്ഷണം വലിയ വെല്ലിവിളിയായി മാറുന്ന സാഹചര്യം ആശങ്കപ്പെടുത്തുന്നു. കോവിഡാനന്തരം ജനങ്ങളുടെ ആരോഗ്യത്തിൽ വലിയമാറ്റം വന്നുവെന്നും പലതരം ആരോഗ്യ പ്രശ്നങ്ങൾ കോവിഡ് ബാധിതരിൽ പിന്നീട് ഉണ്ടായിട്ടുണ്ടെന്നും ഐ.സി.എം.ആറിന്റെ തന്നെ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പലതരം വെല്ലുവിളികളാണ് കോവിഡാനന്തരമുള്ളത്. ഹൃദ്രോഗങ്ങൾ പ്രകടകമാകുന്ന സ്വഭാവം തന്നെ മാറി. ലക്ഷണങ്ങളില്ലാതെ നിരവധി പേർ മരണത്തിന് കീഴടങ്ങുന്നു.
ചികിത്സയുടെ ഫലം കുറക്കുന്ന സാഹചര്യവുമുണ്ട്. ഹൃദ്രോഗം ആവർത്തിക്കുന്ന സ്ഥിതിയുമുണ്ട്. കോവിഡ് വരുത്തിവെച്ച വിന ചെറുതല്ലെന്ന് തന്നെയാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. വിദേശ രാജ്യങ്ങളെക്കാൾ ഇന്ത്യയിൽ ഹൃദ്രോഗം ശരാശരി പത്തുവർഷം നേരത്തെ പിടിപെടുന്നുവെന്നാണ് കണക്ക്. രാജ്യത്തെ ആകെ ഹൃദ്രോഗികളിൽ 40 ശതമാനവും 35-45 നുമിടയിലുള്ളവരാണ്. ഇത് വലിയ ആശങ്കയാണ്. ഒരാളുടെ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടത്തിൽ ഹൃദ്രോഗത്തിനും പിന്നീട് മരണത്തിനും കീഴടങ്ങുന്നുവെന്നത് കുടുബങ്ങൾ തന്നെ തകർന്നുപോകുന്ന അവസ്ഥയാണ്.
നാലുമാസത്തിനിടെ ഒ.പിയിൽ 40,000 ഹൃദ്രോഗികൾ
കഴിഞ്ഞ നാലുമാസത്തിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒ.പിയില്‍ മാത്രമെത്തിയത് 40,000 ഹൃദ്രോഗികൾ. ഒരുദിവസം ഒ.പിയില്‍ 600 മുതല്‍ 700 വരെ രോഗികള്‍ എത്തുന്നു. ഒരുമാസം 400 ആന്ജിയോപ്ലാസ്റ്റികളാണ് നടക്കുന്നത്. ഇതില്‍ 200 എണ്ണവും ഹൃദയാഘാതം മൂലം അടിയന്തര സാഹചര്യത്തില്‍ പ്രവേശിക്കുന്ന രോഗികള്ക്കാണെന്നും മെഡിക്കൽ കോളജ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐപ്പ് പറയുന്നു.
ഹൃദ്രോഗത്തിന്റെ തോത് അവിശ്വസിനീയമാം വിധത്തിൽ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഹൃദ്രോഗത്തെ അകറ്റി നിര്‍ത്തുന്നതിനുള്ള ആരോഗ്യകരമായ ജീവിതശൈലിയും രോഗംവന്നാല്‍ ഉടന്‍ ചികിത്സതേടുന്നതിനും ഫസ്റ്റ് എയ്ഡ് നല്‍കുന്നതിനും സമൂഹത്തില്‍ അവബോധം വരേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
സി.പി.ആർ പ്രാധാനം
പാരമ്പര്യമായി ഹൃദ്രോഗമുള്ളവരും അമിതവണ്ണം, ഉയർന്നപ്രമേഹം, രക്തസമ്മർദം തുടങ്ങിയവ ഉള്ളവരും അപകട സാധ്യത മുന്നിട്ടറിയണം. ഇവർ രണ്ടുതരം പരിശോധന നടത്തുന്നത് നല്ലതാണ്. രക്തപരിശോധനയിലൂടെ ലിപ്പോപ്രോട്ടീൻ എയുടെ (എൽ.പി.എ) അളവ് തിരിച്ചറിയാം. 50 മില്ലിഗ്രാമിൽ കൂടുതലാണെങ്കിൽ സൂക്ഷിക്കണം. കൊറോണറി കാത്സ്യം സ്കാനിലൂടെ ഹൃദയധമനികളിൽ രോഗത്തിന് കാരണമാകുന്ന കാത്സ്യം അടിയുന്നതിന്റെ അളവ് മനസിലാക്കാം.
ഇത് പൂജ്യത്തിലാണെങ്കിൽ സുരക്ഷിതം, 300കടന്നാൽ അപകടവും. പുകവലിയും മദ്യപാനവും കുറക്കണം. മാനസിക സമ്മർദം കുറക്കാനും നിത്യവും മിതവ്യായാമം ചെയ്യാനും ശ്രമിച്ചാൽ അപകടം കുറക്കാം. കൃത്രിമ ശ്വസോച്ഛാസം നൽകുന്ന സി.പി.ആർ മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപാലമാണ്. എല്ലാവരും പഠിച്ചിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

