Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_right...

ജോലിത്തിരക്കുകൾക്കിടയിലെ 'അദൃശ്യ' വില്ലൻ; ചെറുപ്പക്കാരെ ലക്ഷ്യമിടുന്ന ഐ.ബി.ഡി തിരിച്ചറിയാം

text_fields
bookmark_border
Bowel Disease
cancel

കരിയറും ജീവിതവും കെട്ടിപ്പടുക്കുന്ന തിരക്കിൽ ഇന്നത്തെ യുവാക്കൾ അറിഞ്ഞുകൊണ്ട് അവഗണിക്കുന്ന ഒന്നാണ് ആരോഗ്യം. എന്നാൽ വിവിധ കാരണങ്ങളാൽ അനാരോഗ്യകരമായ ഭക്ഷണരീതി കുടലിന്റെ ആരോഗ്യത്തെയും അവരുടെ മൊത്തത്തിലുള്ള ശരീരക്ഷേമത്തെയും ദോഷകരമായി ബാധിക്കുന്നു. പ്രത്യേകിച്ച് ചെറുപ്പക്കാരെ ഇന്ന് നിശബ്ദമായി അലട്ടുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നമാണ് ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് അഥവാ ഐ.ബി.ഡി.

ഇത് കേവലം ഒരു സാധാരണ വയറിളക്കമോ ഗ്യാസ് ട്രബിളോ അല്ല, മറിച്ച് ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത രോഗാവസ്ഥയാണ്. ക്രോൺസ് ഡിസീസ്, അൾസറേറ്റീവ് കൊളൈറ്റിസ് എന്നിവയാണ് പ്രധാനമായി ഐ.ബി.ഡിയുടെ പരിധിയിൽ വരുന്നത്. 20-നും 40-നും ഇടയിൽ പ്രായമുള്ളവരിലാണ് ഈ രോഗം ഇന്ന് കൂടുതലായി കണ്ടുവരുന്നത്.

ലക്ഷണം കണ്ടാലുടൻ കരുതലെടുക്കാം

ഐബിഡിയുടെ ലക്ഷണങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞാൽ രോഗം വഷളാകാതെ തടയാൻ സാധിക്കും. താഴെ പറയുന്ന ലക്ഷണങ്ങൾ ആവർത്തിച്ചുണ്ടായാൽ പ്രത്യേകം ശ്രദ്ധിക്കുക:

>>വിട്ടുമാറാത്ത വയറിളക്കം: ആഴ്ചകളോളം നീണ്ടുനിൽക്കുന്നതും സാധാരണ മരുന്നുകൾ കൊണ്ട് മാറാത്തതുമായ വയറിളക്കം.

>>മലത്തോടൊപ്പം രക്തവും കഫവും പോകുക: കുടലിനുള്ളിലെ വൃണങ്ങൾ കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് ഐബിഡിയുടെ പ്രധാന ലക്ഷണമാണ്.

>>അടിവയറ്റിലെ കഠിനമായ വേദന: മലവിസർജ്ജനത്തിന് മുൻപോ ശേഷമോ ഉണ്ടാകുന്ന വയറുവേദനയും കോച്ചിപ്പിടുത്തവും.

>>കാരണമില്ലാതെ ശരീരഭാരം കുറയുക: കൃത്യമായി ഭക്ഷണം കഴിച്ചാലും ശരീരഭാരം പെട്ടെന്ന് കുറയുന്നത്.

>>വിട്ടുമാറാത്ത ക്ഷീണവും വിളർച്ചയും: പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാത്തതും രക്തനഷ്ടവും മൂലം ഉണ്ടാകുന്ന അമിത ക്ഷീണം.

>>വിട്ടുമാറാത്ത നേരിയ പനി: ശരീരത്തിനുള്ളിലെ വീക്കം (Inflammation) കാരണം പലരിലും നേരിയ പനി പ്രകടമാകാറുണ്ട്.

കാരണങ്ങളും സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളും

ഐ.ബി.ഡി വരാനുള്ള കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണെങ്കിലും, ശരീരത്തിലെ പ്രതിരോധ സംവിധാനത്തിലുണ്ടാകുന്ന ചില വ്യതിയാനങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്.

>>പ്രതിരോധ സംവിധാനത്തിലെ തകരാറുകൾ : നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങൾ ദഹനവ്യവസ്ഥയിലെ നല്ല ബാക്ടീരിയകളെയും കോശങ്ങളെയും തെറ്റായി ആക്രമിക്കുമ്പോൾ കുടലിൽ വിട്ടുമാറാത്ത വീക്കവും പുണ്ണും ഉണ്ടാകുന്നു.

>>പാരമ്പര്യം : കുടുംബത്തിൽ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ ഐബിഡി ഉണ്ടെങ്കിൽ അടുത്ത തലമുറയ്ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

>>ആധുനിക ജീവിതശൈലിയും ഭക്ഷണരീതിയും: അമിതമായ മാനസിക സമ്മർദ്ദം (Stress), ഉറക്കക്കുറവ്, ജങ്ക് ഫുഡുകളുടെയും പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളുടെയും അമിത ഉപയോഗം എന്നിവ രോഗാവസ്ഥയെ വഷളാക്കുന്നു. കൂടാതെ പുകവലി ക്രോൺസ് ഡിസീസിന്റെ സാധ്യത ഇരട്ടിയായി വർദ്ധിപ്പിക്കുന്നു.

ഐ.ബി.ഡിയും (IBD) ഐ.ബി.എസ്സും (IBS): വ്യത്യാസം തിരിച്ചറിയേണ്ടത് അത്യാവശ്യം

പല രോഗികളും നേരിടുന്ന പ്രധാന വെല്ലുവിളി എന്തെന്നാൽ തങ്ങൾക്കുള്ളത് സാധാരണ വയറിലെ അസ്വസ്ഥതയാണോ അതോ ഐ.ബി.ഡി ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്തതാണ്. ഐ.ബി.ഡിയെയും (IBD) സാധാരണ കാണുന്ന ഐ.ബി.എസ്സിനെയും (Irritable Bowel Syndrome - IBS) തമ്മിൽ വേർതിരിച്ചറിയേണ്ടത് അത്യാവശ്യമാണ്:

>>ആക്ടീവ് ഇൻഫ്ലമേഷൻ : ഇതിൽ ദഹനനാളത്തിൽ യഥാർത്ഥത്തിൽ മുറിവുകളും (Ulcers), നീർക്കെട്ടും, രക്തസ്രാവവും ഉണ്ടാകുന്നു. മലത്തിലൂടെ ചോര പോവുക, രാത്രിയിൽ വയറിളക്കം മൂലം ഉറക്കം ഉണരുക, കഠിനമായ പനി, എൻഡോസ്കോപ്പിയിൽ കാണുന്ന വീക്കം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. അതിനാൽ കൃത്യമായ മെഡിക്കൽ ചികിത്സ ആവശ്യമാണ്.

>>ഡി.ജി.ബി.ഐ ( Disorders of Gut-Brain Interaction / IBS): കുടലും തലച്ചോറും തമ്മിലുള്ള ആശയവിനിമയത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ കാരണമാണ് ഐ.ബി.എസ് പോലെയുള്ള അവസ്ഥകൾ ഉണ്ടാകുന്നത്. ഇവിടെ കുടലിന് ഘടനാപരമായ കേടുപാടുകളോ മുറിവുകളോ ഉണ്ടാകുന്നില്ല. എന്നാൽ കുടലിന്റെ ചലനങ്ങളിൽ വ്യത്യാസം വരുന്നു. ഗ്യാസ്, വയറ് വീർത്ത്‌ കെട്ടുക, മലബന്ധം അല്ലെങ്കിൽ വയറിളക്കം എന്നിവയാണ് ലക്ഷണങ്ങൾ. ഇതിൽ മലത്തിലൂടെ രക്തം പോകുകയോ അമിതമായി ശരീരഭാരം കുറയുകയോ ഇല്ല. മാനസിക സമ്മർദ്ദം കുറക്കുന്നതിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും ഇത് മാറ്റാനാകും.

നൂതന ചികിത്സാ രീതികൾ:

മുൻകാലങ്ങളിൽ ഐ.ബി.ഡി ചികിത്സക്ക് പ്രധാനമായും ആശ്രയിച്ചിരുന്നത് പ്രതിരോധശേഷി കുറക്കുന്ന അസാത്തിയോപ്രിൻ പോലുള്ള മരുന്നുകളെയോ സ്റ്റിറോയിഡുകളെയോ ആയിരുന്നു. എന്നാൽ ഇന്ന് ഐ.വി​ (IV) മുഖാന്തിരം നൽകുന്ന 'ബയോളജിക്' മരുന്നുകളുടെ വരവ് ഐ.ബി.ഡി ചികിത്സയിൽ വലിയ വഴിത്തിരിവായി. ഇതിനേക്കാൾ ഒരുപടി കൂടി കടന്ന്, കൂടുതൽ ഫലപ്രദമായ 'സ്മോൾ മോളിക്യൂൾ' മരുന്നുകളാണ് ഇപ്പോൾ ഈ രംഗത്തെ പുതിയ താരം. ഇൻജക്ഷനുകൾക്ക് പകരം ഗുളിക രൂപത്തിൽ കഴിക്കാമെന്നതാണ് ഇവയുടെ പ്രധാന സവിശേഷത. കുടലിലെ വീക്കം കൃത്യമായി ലക്ഷ്യമിട്ടുള്ള ഈ ചികിത്സാരീതി വളരെ വേഗത്തിൽ രോഗശമനം ഉറപ്പാക്കുന്നു. അതുകൊണ്ടുതന്നെ, രോഗം സ്ഥിരീകരിച്ചാലും ഇത്തരം നൂതന ചികിത്സകളിലൂടെ പൂർണ്ണമായും സാധാരണ ജീവിതം നയിക്കാൻ ഇന്ന് രോഗികൾക്ക് സാധിക്കും.

നേരത്തെയുള്ള രോഗനിർണ്ണയം പ്രാധാന്യം?

ഐ.ബി.ഡി ഒരു വിട്ടുമാറാത്ത രോഗമായതിനാൽ, തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അത് കുടലിൽ ഗുരുതരമായ തടസ്സങ്ങൾ, ആഴത്തിലുള്ള സുഷിരങ്ങൾ എന്നിവക്ക് കാരണമാകാം.

കൊളോണോസ്കോപ്പി (Colonoscopy), രക്തപരിശോധനകൾ, സ്റ്റൂൾ ടെസ്റ്റുകൾ (Fecal Calprotectin) എന്നിവയിലൂടെ രോഗം നിർണ്ണയിക്കാനും, കൃത്യമായ മരുന്നുകളിലൂടെ രോഗലക്ഷണങ്ങളില്ലാത്ത സാധാരണ ജീവിതം നയിക്കാനും സാധിക്കും.

ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ

"ജോലിസ്ഥലത്തെ കടുത്ത സമ്മർദ്ദവും കൃത്യമല്ലാത്ത ഭക്ഷണരീതിയും ഐ.ബി.ഡി ലക്ഷണങ്ങളെ പെട്ടെന്ന് വർദ്ധിപ്പിക്കും. അതിനാൽ വയറുവേദനയും വയറിളക്കവും ഉണ്ടാകുമ്പോൾ സ്വയം ചികിത്സ പൂർണ്ണമായും ഒഴിവാക്കി ഒരു ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിന്റെ സഹായം തേടുക."

>>ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുക: എരിവ്, പുളി, എണ്ണമയമുള്ള ഭക്ഷണങ്ങൾ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. ചെറിയ അളവിൽ പലതവണയായി ഭക്ഷണം കഴിക്കുക.

>>മാനസിക സമ്മർദ്ദം നിയന്ത്രിക്കുക: ജോലിയിലെ സ്ട്രെസ് കുറക്കാന്‍ ധ്യാനം എന്നിവ ശീലമാക്കുക. അതോടൊപ്പം ആവശ്യമായ ഉറക്കം ഉറപ്പാക്കുക.

>>ധാരാളം വെള്ളം കുടിക്കുക: നിർജ്ജലീകരണം തടയാൻ ദിവസവും 2-3 ലിറ്റർ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

തയാറാക്കിയത് ഡോ. വിജോഷ് .വി. കുമാർ (കൺസൾട്ടന്റ് ഗ്യാസ്‌ട്രോഎന്ററോളജി ആസ്റ്റർ മിംസ് കണ്ണൂർ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healthfitnessyoungstersstomach problems
News Summary - The 'invisible' villain amidst the rush of work; IBD targeting young people can be identified
Next Story