ആറ് മാസത്തിൽ ഒരിക്കലെങ്കിലും പല്ല് ക്ലീൻ ചെയ്യണം; ഡോക്ടർമാർ പറയുന്നതിൽ യാഥാർത്ഥ്യം ഉണ്ടോ?
text_fieldsകേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നുമെങ്കിലും മോണരോഗം അത്ര ചെറിയ വിഷയമല്ല. പിങ്ക് നിറത്തിലുള്ള പല്ലിന്റെയും അസ്ഥിയുടെയും ഇടയിലെ അസ്ഥി ബന്ധത്തെയാണ് സാധാരണയായി മോണ എന്ന് പറയുന്നത്. പല്ലിന്റെ വേരിനെ ആവരണം ചെയ്യുന്ന കലകൾ ചേർന്നതാണ് ഇവ. മോണയിൽ വരുന്ന വ്യതിയാനങ്ങൾ മോണരോഗത്തിലേക്ക് നയിക്കുന്നു. ഭൂരിഭാഗം ആളുകളിലും കാണുന്ന ഒരു പ്രശ്നമാണ് മോണരോഗം. പലകാരണങ്ങളാൽ മോണരോഗം ഉണ്ടാകാം. പല്ലുകൾക്കും മോണക്കും ഇടയിൽ അടിഞ്ഞു കൂടുന്ന അഴുക്ക് മോണയുടെ അണുബാധക്ക് കാരണമാകുന്നു.
നിയന്ത്രണമില്ലാത്ത പ്രമേഹ രോഗവും മോണരോഗത്തിന് കാരണമാകും. പുകവലി, പാൻമസാല പോലെയുള്ളവയുടെ ഉപയോഗം, ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ഹോർമോണൽ വ്യതിയാനം, വരണ്ട വായ, വിറ്റാമിൻ സി യുടെ കുറവ്, അപസ്മാരം, രക്തസമ്മർദത്തിന് ഉപയോഗിക്കുന്ന ചില മരുന്നുകൾ എന്നിവയും മോണരോഗത്തിന് കാരണമാകുന്നു. കുട്ടികളിൽ ചില പ്രത്യേത ബാക്റ്റീരിയ അതിതീവ്ര മോണരോഗം ഉണ്ടാക്കുന്നു. ഇതിനെ ജുവനൈൽ പീരിയോൺഡൈറ്റിസ് (juvenile periodonititis) എന്ന് പറയുന്നു.
ലക്ഷണങ്ങൾ
ചുവന്നു തടിച്ച മോണ, പല്ലുതേക്കുമ്പോൾ ഉണ്ടാകുന്ന രക്ത സ്രാവം, പല്ലുകൾക്ക് ഉണ്ടാകുന്ന ഇളക്കം, ചവക്കുമ്പോൾ പല്ലുകൾക്ക് വേദന, മഞ്ഞ നിറത്തിലോ ചുവന്ന നിറത്തിലോ പല്ലിനു ചുറ്റുമായി കാണുന്ന പഴുപ്പ്, മോണ മുകളിലേക്ക് വലിഞ്ഞു നിൽക്കുന്ന പല്ലുകൾ എന്നിവയൊക്കെ മോണരോഗത്തിന്‍റെ ലക്ഷണങ്ങളാണ്.
പരിഹാരങ്ങൾ
ആറ് മാസത്തിൽ ഒരിക്കൽ എങ്കിലും മെഷീൻ ക്ലീനിങ് നടത്തണം. കൃത്യമായി രണ്ട് നേരമുള്ള ബ്രഷിങ്ങും ഫ്ലോസിങ്ങും നടത്തണം. പല്ലുകൾക്കിടയിലോ ടൂത്ത് ബ്രഷിന് എത്താൻ പ്രയാസമുള്ളതോ എത്താൻ കഴിയാത്തതോ ആയ സ്ഥലങ്ങളിൽ നിന്ന് ഭക്ഷണവും ദന്ത പ്ലാക്കും നീക്കം ചെയ്യുന്നതിനായി ഡെന്റൽ ക്ലീനിങ്ങിൽ സാധാരണയായി നൈലോൺ അല്ലെങ്കിൽ സിൽക്ക് കൊണ്ട് നിർമിച്ച നേർത്ത നാരുകൾ കൊണ്ടുള്ള ഒരു ചരടാണ് ഡെന്റൽ ഫ്ലോസ്. ഓറൽ ക്ലീനിങ്ങിന്റെ ഭാഗമായി ഇത് പതിവായി ഉപയോഗിക്കുന്നത് മോണയുടെ ആരോഗ്യം മെച്ചപ്പെടുത്തും. മെഡിക്കേറ്റഡ് പേസ്റ്റുകൾ, മൗത് വാഷ് എന്നിവ ഉപയോഗിക്കണം. പുകവലി, പാൻ മസാലയുടെ ഉപയോഗം ഒഴിവാക്കുക, പ്രമേഹ രോഗ നിയന്ത്രണം, വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുക, ഗർഭവസ്ഥയിൽ പ്രത്യേക സംരക്ഷണം നൽകുക എന്നിവയും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
(തയാറാക്കിയത്-ഡോ. വീണ എൻ പോറ്റി (ഡെന്റൽ സർജൻ ഇഡ മാവേലിക്കരയുടെ സി.ഡി.എച്ച് കൺവീനർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

