Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഉന്തിയ പല്ലുകൾ:...

ഉന്തിയ പല്ലുകൾ: കാരണവും പരിഹാരങ്ങളും

text_fields
bookmark_border
ഉന്തിയ പല്ലുകൾ: കാരണവും പരിഹാരങ്ങളും
cancel

ക്രമംതെറ്റി ഉന്തിനിൽക്കുന്ന പല്ലുകൾ കൗമാരത്തിലും യൗവനത്തിലും മാനസിക സംഘർഷങ്ങൾ സൃഷ്ടിച്ചേക്കാം. ഉന്തിയ പല്ലുകൾ പലപ്പോഴും ആളുകളുടെ ആത്മവിശ്വാസത്തെയും ദൈനംദിന ചര്യകളെയും ബാധിക്കുന്നതായും പറയാറുണ്ട്. ചില സന്ദർഭങ്ങളിൽ ഉൾവലിഞ്ഞുനിൽക്കുന്ന പ്രകൃതവും ഇതുമൂലം ആളുകൾ പ്രകടിപ്പിച്ചേക്കാം. എന്തുകൊണ്ടാണ് ഉന്തിയ പല്ലുകൾ ഉണ്ടാകുന്നത്? എങ്ങനെ, എപ്പോൾ നമുക്ക് അവയെ തടയാൻ കഴിയും?

കാരണം പലത്

ഉന്തിയ പല്ലുകൾക്ക് പല കാരണങ്ങൾ ആകാം. പല്ലിന്റെ തന്നെയോ താടിയെല്ലിന്റെയോ പ്രശ്നങ്ങൾ, മുറിച്ചുണ്ടും മുറി അണ്ണാക്കും, മൂന്നു വയസ്സിനുശേഷവും കുട്ടികളിൽ കാണുന്ന പാസിഫയറിന്റെ ഉപയോഗം, ശൈശവത്തിന്റെ പ്രാരംഭദശയിലുള്ള നീണ്ട കാലയളവിലെ പാൽക്കുപ്പിയുടെയും വിരൽ കുടിക്കുന്നതിന്റെയും ശീലം, വായിലോ താടിയെല്ലിലോ ഉള്ള മുഴകൾ, അസാധാരണ രൂപമോ പുറത്തേക്ക് വരാത്തതോ ആയ പല്ലുകൾ, വായശ്വസനം, കൂടാതെ ദയനീയമായ ദന്തസംരക്ഷണം എന്നിവ അവയിൽ ചിലതാണ്. ബാല്യകാലത്തിലെ വായിലൂടെയുള്ള ശ്വസനം ശ്വാസകോശത്തിലേക്കുള്ള ഓക്സിജൻ അടങ്ങിയ രക്തത്തിന്റെ അളവ് കുറക്കും. ഇത് തലച്ചോറിന്റെ വളർച്ചയെ സാരമായി ബാധിക്കുകയും ചെയ്യും. ഇതുമൂലം െഎ.ക്യു ലെവൽവരെ കുറഞ്ഞേക്കാം. ക്ലാസ് മുറിയിൽ ഉറക്കം തൂങ്ങിയിരിക്കുന്നതും കുട്ടികൾക്ക് ഈ ശീലം മൂലം നന്നായി ഉറങ്ങാൻ കഴിയാത്തതിനാലാകാം. വ്യതിചലിച്ച മൂക്കിന്റെ പാലം, അഡിനോയിഡിന്റെ വലുപ്പക്കൂടുതൽ എന്നിവയും വായശ്വസനത്തിന് കാരണക്കാരാകാറുണ്ട്. വിശ്രമവേളയിൽ നാവ് വായുടെ മുകൾഭാഗത്ത് തൊട്ടുകിടക്കണം. ഇത് മുൻ പല്ലുകളിൽ വിശ്രമിക്കുകയാണെങ്കിൽ, അവ ഉന്തിവരുന്നതിന് കാരണമാകും. വായശ്വസനം പോലെ കുട്ടികളിൽ കാണുന്ന വിരൽ കുടിക്കുന്ന ശീലവും ഭാവിയിൽ പല്ല് ഉന്തിവരുന്നതിനും മുകളിലത്തെ താടിയെല്ല് ചുരുങ്ങുന്നതിനും മുന്നോട്ട് തള്ളി വളരുന്നതിനും കാരണമാകാറുണ്ട്. ഇത് മുഖകാന്തിയെ സാരമായി ബാധിക്കുകയും ചെയ്യും.

ചികിത്സയുണ്ട്

പല്ലുകൾ ക്രമനിരയിലാക്കാൻ നൂതനമായ വിവിധ ചികിത്സ മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്. പല്ലിന്റേതു മാത്രമായ പ്രശ്നങ്ങൾ കമ്പി ഇട്ടോ ക്ലിയർ അലൈനർ ഉപയോഗിച്ചോ നേരെയാക്കാവുന്നതാണ്. ഇത് ഓരോരുത്തരുടെയും പല്ലിന്റെ അവസ്ഥക്കനുസരിച്ച് ഒന്നു മുതൽ ഒന്നര വർഷംവരെ എടുത്തേക്കാം. എല്ലിന്റെ പ്രശ്നംകൊണ്ടുണ്ടാകുന്ന കാര്യങ്ങൾക്ക് ഓർത്തഡോന്റിക്‌സും ജനറൽ അനസ്തേഷ്യ നൽകിയുള്ള ശസ്ത്രക്രിയയും ഒരുമിച്ച് ചില സമയങ്ങളിൽ അനിവാര്യമായി വരാറുണ്ട്.

ഉന്തിയ പല്ലുകൾ ഏറ്റവും വിജയകരമായി ചികിത്സിച്ച് ഭേദമാക്കാൻ പറ്റുക ശൈശവദശയിലാണ്. നേരത്തേ കണ്ടെത്തിയാൽ പരിഹാരവും എളുപ്പമാകും. അനുയോജ്യമായ ഹാബിറ്റ് ബ്രേക്കിങ് ഓർത്തോ ഉപകരണങ്ങളുടെ ഉപയോഗം ഒരുപാട് ഗുണം ചെയ്യും. കുട്ടിക്കാലത്തേയുള്ള ഹാബിറ്റ് ബ്രേക്കിങ് ഉപകരണങ്ങളുടെ ഉപയോഗം ഭാവിയിലെ ശസ്ത്രക്രിയകളും മറ്റും ഒഴിവാക്കാൻ സഹായിക്കും. ഒമ്പതു മുതൽ 14 വയസ്സുവരെ ആൺകുട്ടികളിലും പെൺകുട്ടികളിലും വളർച്ചയുടെ കുതിച്ചുചാട്ടത്തിന്റെ ഘട്ടമാണ് കണ്ടുവരുന്നത്. ഈയൊരു കാലയളവിൽ, പ്രത്യേകിച്ചും ആറാം വയസ്സിന്റെ പ്രാരംഭഘട്ടത്തിൽ ദന്തഡോക്ടറുടെ വിദഗ്ധ ഉപദേശം തേടുന്നത് നല്ലതാണ്. ഭാവിയിൽ വന്നേക്കാവുന്ന കഠിനമായ ശസ്ത്രക്രിയകൾ ഒഴിവാക്കാനും ഇതുമൂലം സാധിക്കും. ചിലപ്പോൾ ചില ഉപകരണങ്ങളുടെ ഉപയോഗംവഴി തന്നെ ഇത് മാറ്റിയെടുക്കാനാകും. ക്രമാനുഗതമായ ദന്ത പരിശോധന എല്ലാവിധത്തിലുള്ള ദന്തപ്രശ്നങ്ങളെയും തുടക്കത്തിലേ തിരിച്ചറിയാനും പരിഹരിക്കാനും സഹായിക്കും. ദന്തപരിപാലനം വിലയേറിയ ചികിത്സരീതിയാണ് എന്നാണ് പൊതുവെ പറയാറ്. ഈ ആശങ്ക മാറ്റാൻ ഏറ്റവും അനുയോജ്യമായ വഴി സ്ഥിരമായ ദന്ത പരിശോധനതന്നെയാണ്.

തയാറാക്കിയത്: ഡോ. അഷ്ന പി.എ.
ചീഫ് ഡെന്റൽ സർജൻ ഫ്യൂച്ചറേസ് ഹോസ്പിറ്റൽ, കൊച്ചി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health News
News Summary - health news
Next Story