സെക്കന്‍റുകൾക്കുള്ളിൽ തല കറങ്ങുന്നത് പോലെ തോന്നിയിട്ടുണ്ടോ? കാരണങ്ങൾ പലതാണ്...
text_fieldsപ്രതീകാത്മക ചിത്രം
രണ്ട് സെക്കൻഡ് മാത്രം ബോധം നഷ്ടപ്പെടുന്നത് പോലെ തോന്നിയിട്ടുണ്ടോ? സിൻകോപ്പ് (Syncope) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് കുറയുമ്പോൾ സംഭവിക്കുന്ന ഒരു താൽക്കാലിക അവസ്ഥയാണിത്. ഇതിന് പിന്നിലെ കാരണങ്ങൾ പലതാണ്. നമ്മുടെ തലച്ചോറിന് ശരിയായി പ്രവർത്തിക്കാൻ ഓക്സിജനും പോഷകങ്ങളും അടങ്ങിയ രക്തം ലഭിക്കേണ്ടതുണ്ട്. ഏതെങ്കിലും കാരണവശാൽ രക്തയോട്ടം പെട്ടെന്ന് കുറയുമ്പോൾ, തലച്ചോറിന്‍റെ പ്രവർത്തനം തടസ്സപ്പെടുകയും താൽക്കാലികമായി ബോധം നഷ്ടപ്പെടുകയും ചെയ്യുന്നു.
വാസോവാഗൽ സിൻകോപ്പ്: ഇതാണ് ഏറ്റവും സാധാരണമായ കാരണം. ചില പ്രത്യേക സാഹചര്യങ്ങളോട് ശരീരം പ്രതികരിക്കുന്നതിന്‍റെ ഭാഗമായി ഹൃദയമിടിപ്പ് കുറയുകയും രക്തക്കുഴലുകൾ വികസിക്കുകയും ചെയ്യുമ്പോൾ രക്തസമ്മർദം പെട്ടെന്ന് താഴുന്നു. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറക്കുന്നു. കഠിനമായ വേദന, സമ്മർദം, ഭയം, രക്തം കാണുന്നത്, ദീർഘനേരം ഒരേ നിലയിൽ നിൽക്കുന്നത്, ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോഴൊക്കെ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷൻ: ഇരിക്കുകയോ കിടക്കുകയോ ചെയ്ത ശേഷം പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ രക്തസമ്മർദം പെട്ടെന്ന് കുറയുന്ന അവസ്ഥ. ഈ സമയത്തും പെട്ടെന്ന് ബ്ലാക്കൗട്ട് ആവാൻ സാധ്യതയുണ്ട്.
നിർജ്ജലീകരണം: ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുകയോ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയുകയോ ചെയ്യുന്നത് രക്തത്തിന്റെ അളവ് കുറക്കുകയോ തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം കുറക്കുകയോ ചെയ്യും, ഇത് ബോധക്ഷയത്തിലേക്ക് നയിക്കുന്നു.
ബോധം നഷ്ടപ്പെടുന്നതിന് തൊട്ടുമുമ്പ് ആളുകൾക്ക് പലപ്പോഴും ചില മുന്നറിയിപ്പ് ലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ട്. ഇതിനെ പ്രീ-സിൻകോപ്പ് (Pre-syncope) എന്ന് വിളിക്കുന്നു. ഈ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ വീഴാതെ സ്വയം സംരക്ഷിക്കാൻ കഴിഞ്ഞേക്കും. ചിലപ്പോൾ വീഴണമെന്നില്ല. സെക്കന്‍റുകൾ നീണ്ടുനിൽക്കുന്ന തലക്കറക്കാമാവാം. പക്ഷേ ബാലൻസ് കിട്ടിയില്ലെങ്കിൽ വീഴുമോ എന്ന പേടിയും ചിലർക്ക് ഉണ്ടാവും. തലകറക്കം, അല്ലെങ്കിൽ തലക്ക് ഭാരം തോന്നുന്നത്, കാഴ്ച മങ്ങുകയോ കറുത്ത് പോവുകയോ ചെയ്യുന്നത്, ഓക്കാനം, വയറ്റിൽ അസ്വസ്ഥത, വിറയൽ, ചർമം വിളറുന്നത് ഒക്കെ പ്രീ-സിൻകോപ്പ് ലക്ഷണങ്ങളാണ്.
ഹൃദയമിടിപ്പിലെ പ്രശ്നങ്ങൾ കാരണം ഹൃദയത്തിന് കൃത്യമായ താളത്തിൽ രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ തലച്ചോറിലേക്ക് ആവശ്യമായ രക്തം എത്തുന്നില്ല. ചില മരുന്നുകൾ, പ്രായം എന്നിവയും ഇതിന് കാരണമാകാം. ഇങ്ങനെ പെട്ടെന്ന് ബോധം നഷ്ടപ്പെടുന്നത് (ബ്ലാക്കൗട്ട്) സാധാരണയായി കുറച്ച് സെക്കൻഡുകൾ മാത്രമേ നീണ്ടുനിൽക്കൂ. അതിനുശേഷം വ്യക്തി വേഗത്തിൽ സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു. ഇങ്ങനെയുള്ള ബ്ലാക്കൗട്ടുകൾ പതിവായി സംഭവിക്കുന്നുണ്ടെങ്കിൽ, ഒരു ഡോക്ടറെ കാണുകയും വൈദ്യസഹായം തേടുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

