രക്തദാനം: ആർക്കൊക്കെ നൽകാം? ആർക്കൊക്കെ പാടില്ല? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
text_fieldsഅപകടങ്ങളിൽപ്പെട്ടവർക്കും ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്കും അടിയന്തര ചികിത്സ തേടുന്നവർക്കും രക്തം ഒരു ജീവൻരക്ഷാ മാർഗമാണ്. എന്നാൽ ആഗ്രഹമുള്ള എല്ലാവർക്കും രക്തം ദാനം ചെയ്യാൻ കഴിയില്ല. ദാതാവിന്റെയും സ്വീകർത്താവിന്റെയും ആരോഗ്യം കണക്കിലെടുത്ത് ആരോഗ്യ വിദഗ്ധർ ചില കർശന മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
രക്തം ദാനം ചെയ്യുന്ന വ്യക്തിയുടെയും അത് സ്വീകരിക്കുന്ന ആളുടെ ആരോഗ്യത്തിന് ഇത് നിർബന്ധമായും പാലിച്ചിരിക്കേണ്ടതാണ്. വയസ്സ്, തൂക്കം, രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്, രക്തസമ്മർദം, മൊത്തത്തിലുള്ള ആരോഗ്യം തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച ശേഷമാണ് ഒരാൾക്ക് രക്തം കൊടുക്കാൻ പറ്റുമോ എന്ന് തീരുമാനിക്കുന്നത്.
ഇത്തരം പരിശോധനകൾ രക്തം സ്വീകരിക്കുന്ന ആളുടെ ശരീരത്തിന് സുരക്ഷിത മാർഗത്തിലൂടെ രക്തമെത്തിക്കാൻ സഹായിക്കും. രക്തം കൊടുക്കുന്നതിന് തൊട്ട് മുന്നേ വേണം രക്തം പരിശോധിക്കാൻ. പെട്ടന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ മനസ്സിലാകണമെങ്കിൽ രക്തം കൊടുക്കുന്നതിന് തൊട്ട് മുന്നേ പരിശോധിക്കുന്നതാണ് നല്ലത്.
രക്തം കൊടുക്കാൻ സാധിക്കുന്നത് ആർക്കൊക്കെ?
- 18 വയസ്സ് തൊട്ട് 60 വയസ്സ് പ്രായമുള്ളവർക്ക് രക്തം ദാനം ചെയ്യാവുന്നതാണ്.
- രക്തദാനം ചെയ്യുന്ന ആളുടെ ഹീമോഗ്ലോബിന്റെ അളവ് 12.5 ആയിരിക്കണം.
- രക്തസമ്മർദം സാധാരണ നിലയിലായിരിക്കണം.
- രക്തം ദാനം ചെയ്യുന്ന ദിവസം രക്തദാതാവിന്റെ മൊത്തത്തിലുള്ള ആരോഗ്യം നല്ല രീതിയിലായിരിക്കണം.
- തുടർച്ചയായി രക്തം ദാനം ചെയ്യുന്നവർ കൃത്യമായ ഇടവേള പാലിക്കണം. മൂന്ന് മാസത്തിലൊരിക്കൽ ദാനം ചെയ്യുന്നതാണ് ഡോക്ടർമാരുടെ നിർദേശം.
രക്തം കൊടുക്കാൻ പറ്റാത്തത് ആർക്കൊക്കെ?
ചില സന്ദർഭങ്ങളിൽ രക്തം ദാനം ചെയ്യുന്നത് നീട്ടി വെക്കേണ്ടി വരാറുണ്ട്.
♦പച്ചകുത്തിയവരും മൂക്കുത്തി, കാതു കുത്ത് എന്നിവ നടത്തിയവരും ആറ് മാസത്തിന് ശേഷമേ രക്തം കൊടുക്കാവൂ.
♦സാധാരണ ദന്തചികിത്സ കഴിഞ്ഞവർ 24 മണിക്കൂറിന് ശേഷവും, ശസ്ത്രക്രിയ വേണ്ടിവന്നവർ ഒരു മാസത്തിന് ശേഷവും രക്തം നൽകുക.
♦മരുന്നുകൾ കഴിക്കുന്നവരും ശ്രദ്ധിക്കണം. ആന്റിബയോട്ടിക്കുകൾ പോലുള്ള മരുന്നുകൾ കഴിക്കുന്നവർ രക്തദാനം ചെയ്യാൻ യോഗ്യരല്ല.
♦ചുമ, പനി, തൊണ്ടവേദന, വയറു വേദന തുടങ്ങിയ ആരോഗ്യപ്രശ്നമുള്ളവർ പൂർണ്ണമായി ഭേദമാവുന്നത് വരെ കാത്തു നിൽക്കണം.
♦രക്തം ദാനം ചെയ്യുന്നതിന് മുന്നേ ശസ്ത്രക്രിയ ചെയ്തവർ, ഗർഭിണികൾ,മുലയൂട്ടുന്ന അമ്മമാർ, ആർത്തവമുള്ളവർ തുടങ്ങിയവർ കാത്തു നിൽക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നുണ്ട്.
രക്തം നൽകിക്കഴിഞ്ഞാൽ ശരീരം വേഗത്തിൽ പഴയസ്ഥിതിയിലാകാൻ താഴെ പറയുന്നവ ശ്രദ്ധിക്കുക:
ധാരാളം വെള്ളവും പഴച്ചാറുകളും കുടിക്കുക.
അമിതമായ ശാരീരിക അധ്വാനമോ ഭാരമുള്ള ജോലികളോ അന്ന് ഒഴിവാക്കുക.
പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

