Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightആർത്തവവും ഗർഭകാലവും...

ആർത്തവവും ഗർഭകാലവും അപസ്മാരത്തെ ബാധിക്കുമ്പോൾ; ഹോർമോൺ മാറ്റങ്ങളും മുൻകരുതലുകളും

text_fields
bookmark_border
ആർത്തവവും ഗർഭകാലവും അപസ്മാരത്തെ ബാധിക്കുമ്പോൾ; ഹോർമോൺ മാറ്റങ്ങളും മുൻകരുതലുകളും
cancel
camera_alt

പ്രതീകാത്മക ചിത്രം

സ്ത്രീകളിൽ കണ്ടുവരുന്ന അപസ്മാരത്തെ ഹോർമോൺ മാറ്റങ്ങൾ വലിയ രീതിയിൽ സ്വാധീനിക്കാറുണ്ട്. ആർത്തവചക്രം, ഗർഭകാലം തുടങ്ങിയ ഘട്ടങ്ങളിൽ അപസ്മാരം വർധിക്കുന്നത് പലരിലും ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. കാറ്റമേനിയൽ എപ്പിലപ്സി (Catamenial Epilepsy) എന്നറിയപ്പെടുന്ന ഈ അവസ്ഥയെക്കുറിച്ചും ഗർഭകാലത്തെ മുൻകരുതലുകളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടെങ്കിൽ സുരക്ഷിതമായ മാതൃത്വവും ആരോഗ്യകരമായ ജീവിതവും സാധ്യമാണ്.

എന്താണ് കാറ്റമേനിയൽ എപ്പിലപ്സി?

ആർത്തവചക്രവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ അപസ്മാരസാധ്യത വർധിപ്പിക്കുന്ന അവസ്ഥയാണിത്. ഈസ്ട്രജൻ, പ്രോജസ്റ്ററോൺ ഹോർമോണുകളിൽ വരുന്ന മാറ്റങ്ങളാണ് ഇതിന് കാരണം. ആർത്തവചക്രത്തിന്റെ മധ്യഘട്ടത്തിലുള്ള അണ്ഡോത്പാദന സമയത്തും, ആർത്തവം തുടങ്ങുന്നതിന് ഏകദേശം ഒരാഴ്ച മുമ്പുമാണ് അപസ്മാര സാധ്യത കൂടുതലായി കണ്ടുവരുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ആർത്തവസമയത്തെ ഹോർമോൺ മാറ്റങ്ങൾ അപസ്മാരത്തിന് കാരണമാകുന്നത് എങ്ങനെ?

നമ്മുടെ തലച്ചോറിലെ കോശങ്ങളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാനും ശാന്തമാക്കാനും ഹോ‌ർമോണുകൾക്ക് കഴിയും. സ്ത്രീകളിലെ പ്രധാന ലൈംഗിക ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവ തലച്ചോറിലെ നാഡീകോശങ്ങളെ നേരിട്ട് സ്വാധീനിക്കുന്നു. ഈസ്ട്രജന്റെ ഉയർന്ന അളവ് അപസ്മാരത്തിന് കാരണമാകുകയോ അത് വഷളാക്കുകയോ ചെയ്യും. എന്നാൽ, പ്രോജസ്റ്ററോൺ അപസ്മാരത്തിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കുന്നു.

ആർത്തവചക്രത്തിന്റെ ചില ഘട്ടങ്ങളിൽ പ്രോജസ്റ്ററോണിന്റെ അളവ് കുറയുന്നതോ, ഈസ്ട്രജനും പ്രോജസ്റ്ററോണും തമ്മിലുള്ള സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതോ ആണ് അപസ്മാരത്തിന് കാരണമാകുന്നത്. ഏകദേശം 10 മുതൽ 70 ശതമാനം വരെ അപസ്മാരരോഗികളായ സ്ത്രീകളിൽ ആർത്തവസമയത്ത് രോഗലക്ഷണങ്ങൾ കൂടുന്നതായി കണ്ടുവരുന്നു. കൃത്യമായ ആർത്തവചക്രമുള്ള സ്ത്രീകൾക്ക്, ലക്ഷണങ്ങൾ കൂടാൻ സാധ്യതയുള്ള സമയത്തിന് തൊട്ടുമുമ്പ് ഡോക്ടറുടെ നിർദേശപ്രകാരം അപസ്മാരത്തിനുള്ള മരുന്നിന്റെ അളവിൽ മാറ്റം വരുത്താവുന്നതാണ്.

ഗർഭകാലവും അപസ്മാരവും

അപസ്മാരമുള്ള സ്ത്രീകൾക്ക് ഗർഭം ധരിക്കാനോ സുരക്ഷിതമായി പ്രസവിക്കാനോ കഴിയില്ല എന്നത് തെറ്റായ ധാരണയാണ്. എന്നാൽ, ഈ സമയത്ത് പ്രത്യേക പരിചരണം ആവശ്യമാണ്.

  • ഗർഭാവസ്ഥയിൽ ശരീരത്തിലെ രക്തത്തിന്റെ അളവ് കൂടുന്നതിനാലും മെറ്റബോളിസത്തി​ന്റെ പ്രവർത്തനങ്ങൾ മാറുന്നതിനാലും അപസ്മാരത്തിനുള്ള മരുന്നുകളുടെ ഫലപ്രാപ്തി കുറയാം. അതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം ഡോസ് ക്രമീകരിക്കേണ്ടി വരും.
  • ഗർഭസ്ഥ ശിശുവിന്റെ നാഡീവ്യൂഹത്തിന്റെ വളർച്ചക്ക് ഫോളിക്കാസിഡ് അത്യാവശ്യമാണ്. അപസ്മാരത്തിനുള്ള മരുന്നുകൾ കഴിക്കുന്നവർ ഗർഭധാരണത്തിന് മുമ്പേ തന്നെ ഡോക്ടറുടെ നിർദേശപ്രകാരം ഉയർന്ന അളവിൽ ഫോളിക്കാസിഡ് കഴിച്ചു തുടങ്ങണം.
  • 90 ശതമാനത്തിലധികം സ്ത്രീകളും സുരക്ഷിതമായ പ്രസവത്തിലൂടെ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ സ്കാനിങ്ങും പരിശോധനകളും നടത്തുക എന്നത് പ്രധാനമാണ്.

പ്രത്യുൽപ്പാദന ശേഷിയും ആശങ്കകളും

ചില അപസ്മാര മരുന്നുകൾ സ്ത്രീകളിലെ ആർത്തവചക്രത്തെ ബാധിക്കുകയോ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) പോലുള്ള അവസ്ഥകൾക്ക് കാരണമായേക്കാം. ഇത് വന്ധ്യതക്കുള്ള നേരിയ സാധ്യതയുണ്ടാക്കാം. എന്നാൽ ആധുനിക ചികിത്സാരീതികളിൽ ഇത്തരം പാർശ്വഫലങ്ങൾ കുറഞ്ഞ മരുന്നുകൾ ലഭ്യമാണ്. ഗർഭധാരണം ആസൂത്രണം ചെയ്യുന്നതിന് മുമ്പ് തന്നെ ന്യൂറോളജിസ്റ്റിനെ കണ്ട് മരുന്നുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നത് ഇത്തരം ആശങ്കകൾ ഒഴിവാക്കാൻ സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മരുന്ന് മുടക്കരുത്: ഗർഭിണിയാണെന്ന് അറിയുന്ന ഉടൻ പേടിച്ച് മരുന്ന് നിർത്തുന്നത് അമ്മക്കും കുഞ്ഞിനും ഒരുപോലെ അപകടകരമാണ്. ഇത് ഗുരുതരമായ അപസ്മാരമുണ്ടാക്കാൻ കാരണമാകും.

ഉറക്കം പ്രധാനം: ഉറക്കമില്ലായ്മ അപസ്മാരം വർധിപ്പിക്കുന്ന പ്രധാന ഘടകമാണ്. കൃത്യമായ ഉറക്കം ഉറപ്പാക്കുക.

ഡയറി സൂക്ഷിക്കുക: ആർത്തവചക്രവും അപസ്മാരം വരുന്ന ദിവസങ്ങളും രേഖപ്പെടുത്തി വെക്കുക. അപസ്മാരത്തിന് കാരണമായേക്കാവുന്ന മറ്റ് ഘടകങ്ങൾ ശ്രദ്ധിക്കുകയും വേണം. ജീവിതശൈലീ ക്രമീകരണങ്ങളിലൂടെ അപസ്മാര സാധ്യത കുറക്കാനും ശ്രദ്ധിക്കേണ്ടതാണ്. കൃത്യസമയത്ത് വിദ്​ഗദ്ധ ചികിത്സ തേടാൻ മടിക്കരുത്.

(തയാറാക്കിയത്- ഡോ. പാർത്ഥസാരഥി ബി, കൺസൾട്ടന്‍റ്, ന്യൂറോളജി ഡിപ്പാർട്ട്മെന്‍റ്, അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pregnancywomenMenstruationEpilepsyhormone
News Summary - When menstruation and pregnancy affect epilepsy
Next Story