Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഈ ഏഴ് ശീലങ്ങൾ...

ഈ ഏഴ് ശീലങ്ങൾ നിങ്ങളുടെ വൃക്കകളെ തകരാറിലാക്കും

text_fields
bookmark_border
kidney
cancel

രക്തത്തിൽ നിന്ന് മാലിന്യ വസ്തുക്കളെയും (യൂറിയ, ക്രിയാറ്റിനിൻ പോലുള്ളവ) വിഷവസ്തുക്കളെയും നീക്കം ചെയ്ത് ശുദ്ധീകരിക്കുന്നത് വൃക്കകളാണ്. വൃക്കകളിലെ നെഫ്രോൺ എന്ന സൂക്ഷ്മ ഘടകങ്ങളാണ് ഈ ജോലി ചെയ്യുന്നത്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ-ഡിയെ (കാൽസിട്രിയോൾ) അതിന്‍റെ സജീവ രൂപത്തിലേക്ക് മാറ്റുന്നത് വൃക്കകളാണ്. റെനിൻ പോലുള്ള ഹോർമോണുകൾ ഉത്പാദിപ്പിച്ചുകൊണ്ട് രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നതും വൃക്കകളാണ്. ശരീരത്തിലെ ജലാംശം കൃത്യമായ അളവിൽ നിലനിർത്താൻ സഹായിക്കുന്നു. കുടിക്കുന്ന വെള്ളത്തിന്‍റെ അളവനുസരിച്ച് മൂത്രം നേർപ്പിക്കാനും കട്ടി കൂട്ടാനും വൃക്കകൾക്ക് കഴിയും. എന്നാൽ ചില ശീലങ്ങൾ വ്യക്കകളെ തകരാറിലാക്കും.

'നിശബ്ദ കൊലയാളി' എന്നറിയപ്പെടുന്ന വൃക്കരോഗം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ രോഗനിർണയം നടത്താത്ത ആരോഗ്യ അവസ്ഥകളിൽ ഒന്നാണ്. ഇത് അപൂർവമായതുകൊണ്ടല്ല, മറിച്ച് അത് വ്യക്തമായ കാഴ്ചയിൽ മറഞ്ഞിരിക്കുന്നതുകൊണ്ടാണ്. വൃക്കരോഗം ലോകമെമ്പാടുമായി 850 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്നതായി ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജി പറയുന്നു. ഇതിൽ ക്രോണിക് കിഡ്‌നി ഡിസീസ് (CKD) ഉം അക്യൂട്ട് കിഡ്‌നി ഇൻജുറി (AKI) ഉം ഉൾപ്പെടുന്നു. രോഗം ബാധിക്കുമ്പോൾ ശ്രദ്ധേയമായ ലക്ഷണങ്ങൾ അനുഭവപ്പെടുന്നതിന് മുമ്പ് തന്നെ ഒരാൾക്ക് വൃക്കകളുടെ പ്രവർത്തനം 90% വരെ നഷ്ടപ്പെടാം.

1. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് (നിർജ്ജലീകരണം)

നമ്മുടെ ശരീരത്തിലെ അരിപ്പയായി പ്രവർത്തിക്കുന്ന പ്രധാന അവയവങ്ങളാണ് വൃക്കകൾ. രക്തത്തിൽ നിന്ന് മാലിന്യങ്ങളെ അരിച്ച് മാറ്റി മൂത്രമായി പുറന്തള്ളാൻ വൃക്കകൾക്ക് വെള്ളം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം കുറയുന്നത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും വൃക്കയിലെ കല്ലുകൾ പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. വെള്ളം കുറയുമ്പോൾ വൃക്കകളിലൂടെയുള്ള രക്തയോട്ടം കുറയുന്നു. ഇത് മാലിന്യങ്ങളെയും വിഷവസ്തുക്കളെയും കാര്യക്ഷമമായി അരിച്ചുമാറ്റാനുള്ള വൃക്കകളുടെ കഴിവിനെ തടസ്സപ്പെടുത്തുന്നു. കഠിനമായ നിർജ്ജലീകരണം വൃക്കകളുടെ പ്രവർത്തനത്തെ പെട്ടെന്ന് തകരാറിലാക്കാം, ഇത് അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള ഗുരുതരമായ അവസ്ഥയാണ്.

2. വേദനസംഹാരികളുടെ അമിത ഉപയോഗം

വേദനസംഹാരികളുടെ അമിത ഉപയോഗം, പ്രത്യേകിച്ച് നോൺ-സ്റ്റിറോയ്ഡൽ ആൻ്റി-ഇൻഫ്ലമേറ്ററി ഡ്രഗ്‌സ് (NSAIDs), വൃക്കകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ്. വൃക്കകളുടെ ശരിയായ പ്രവർത്തനത്തിന് സ്ഥിരമായ രക്തയോട്ടം അത്യാവശ്യമാണ്. പ്രോസ്റ്റാഗ്ലാൻഡിൻസ് എന്ന ഹോർമോണുകളാണ് വൃക്കകളിലേക്കുള്ള രക്തക്കുഴലുകൾ വികസിപ്പിച്ച് രക്തയോട്ടം നിലനിർത്താൻ സഹായിക്കുന്നത്. ഡോക്ടറുടെ നിർദേശമില്ലാതെ നോൺ-സ്റ്റിറോയ്ഡൽ ആൻ്റി-ഇൻഫ്ലമേറ്ററി ഡ്രഗ്സ് (NSAIDs) പോലുള്ള വേദനസംഹാരികൾ പതിവായി ഉപയോഗിക്കുന്നത് വൃക്കകളെ ദോഷകരമായി ബാധിക്കും. വേദനസംഹാരികൾ വളരെക്കാലം, പ്രത്യേകിച്ച് ഉയർന്ന അളവിൽ ഉപയോഗിക്കുമ്പോൾ, ഇത് വൃക്കകളുടെ ആന്തരിക ഭാഗമായ വൃക്ക പാപ്പില്ലക്ക് (Renal Papilla) സ്ഥിരമായ കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്.

3. ഉപ്പിന്‍റെ അമിത ഉപയോഗം

വൃക്കകളാണ് ശരീരത്തിലെ ഉപ്പിന്റെ അളവ് നിയന്ത്രിക്കുന്നത്. അമിതമായി ഉപ്പ് കഴിക്കുമ്പോൾ, അധികമുള്ള സോഡിയം പുറന്തള്ളാൻ വൃക്കകൾക്ക് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരുന്നു. ഇത് വൃക്കകളിലെ ചെറിയ രക്തക്കുഴലുകളിൽ സമ്മർദ്ദം ചെലുത്തുകയും, കാലക്രമേണ വൃക്കകളുടെ അരിപ്പ സംവിധാനത്തെ തകരാറിലാക്കുകയും വിട്ടുമാറാത്ത വൃക്കരോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ശരീരത്തിൽ സോഡിയം കൂടുമ്പോൾ ആ സന്തുലിതാവസ്ഥ നിലനിർത്താൻ ശരീരം കൂടുതൽ വെള്ളം നിലനിർത്താൻ ശ്രമിക്കും. ശരീരത്തിൽ അധികമായി ജലം കെട്ടിനിൽക്കുന്നത് രക്തക്കുഴലുകളിലെ രക്തത്തിന്റെ അളവ് വർധിപ്പിക്കുന്നു. ഇത് രക്തക്കുഴലുകളുടെ ഭിത്തികളിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ കാരണമാകുന്നു, തൽഫലമായി ഉയർന്ന രക്തസമ്മർദം ഉണ്ടാകുന്നു.

4. അമിതമായ പഞ്ചസാര ഉപയോഗം

മധുരം അധികമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നത് പ്രമേഹത്തിന് കാരണമായേക്കാം. ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കാലക്രമേണ വൃക്കകളെ തകരാറിലാക്കും. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ, ഈ അധിക ഗ്ലൂക്കോസ് ഫിൽട്ടർ ചെയ്ത് പുറന്തള്ളാൻ വൃക്കകൾക്ക് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരുന്നു. കാലക്രമേണ, രക്തത്തിലെ ഉയർന്ന ഗ്ലൂക്കോസ് വൃക്കകളിലെ അതിലോലമായ രക്തക്കുഴലുകൾക്ക് (നെഫ്രോണുകൾ) കേടുവരുത്തുന്നു. ഈ രക്തക്കുഴലുകൾ ഇടുങ്ങിയതും കട്ടിയുള്ളതുമായി മാറുന്നു. രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ, വൃക്കകൾക്ക് രക്തം ശുദ്ധീകരിക്കാനുള്ള കഴിവ് കുറയുന്നു. ഇത് മാലിന്യങ്ങളും വിഷവസ്തുക്കളും ശരീരത്തിൽ അടിഞ്ഞുകൂടാൻ കാരണമാവുകയും ഡയബറ്റിക് നെഫ്രോപ്പതി (Diabetic Nephropathy) അഥവാ പ്രമേഹജന്യ വൃക്കരോഗം എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.

5. പുകവലി

സിഗരറ്റിലെ നിക്കോട്ടിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ വൃക്കകളിലേക്കും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കുമുള്ള രക്തക്കുഴലുകൾ സങ്കോചിക്കാൻ (ഇടുങ്ങാൻ) കാരണമാകുന്നു. ഇത് വൃക്കകളിലേക്കുള്ള രക്തയോട്ടവും ഓക്സിജൻ ലഭ്യതയും കുറക്കും. വൃക്കകളിലെ രക്തം ശുദ്ധീകരിക്കുന്ന അതിലോലമായ ഫിൽട്ടർ യൂണിറ്റുകളായ ഗ്ലോമറുലസിൻ്റെ (Glomerulus) ഘടനക്ക് കേടുപാടുകൾ സംഭവിക്കുന്നത് വൃക്കയുടെ ശുദ്ധീകരണ ശേഷി കുറക്കുന്നു.

6. ഉദാസീനമായ ജീവിതശൈലി

ദിവസവും കൂടുതൽ നേരം ഇരിക്കുകയും ആവശ്യത്തിന് വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്നത് വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുകയും വൃക്കരോഗത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ചലനമില്ലായ്മ കാരണം ശരീരത്തിലെ കൊഴുപ്പും പഞ്ചസാരയും കൃത്യമായി ഉപയോഗിക്കപ്പെടുന്നില്ല. ഇത് അമിതവണ്ണത്തിന് കാരണമാകുന്നു. അമിതവണ്ണം ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുകയും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ഉയർന്ന രക്തസമ്മർദ്ദം വൃക്കകളിലെ അതിലോലമായ രക്തക്കുഴലുകൾക്ക് കേടുവരുത്തുകയും കാലക്രമേണ വൃക്കകളുടെ ശുദ്ധീകരണ ശേഷി കുറക്കുകയും ചെയ്യും.

7. അമിതമായ മദ്യപാനം

അമിതമായ മദ്യപാനം വൃക്കകളുടെ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കുകയും ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യും. മദ്യത്തിന് മൂത്രം പുറന്തള്ളാനുള്ള ഡോയൂററ്റിക് (Diuretic) സ്വഭാവമുണ്ട്. ഇത് ശരീരത്തിൽ നിന്ന് കൂടുതൽ ദ്രാവകം പുറന്തള്ളാൻ വൃക്കകളെ പ്രേരിപ്പിക്കുന്നു. ഇത് പെട്ടെന്നുള്ള നിർജ്ജലീകരണത്തിന് കാരണമാകുന്നു. ശരീരത്തിൽ ജലാംശം കുറയുമ്പോൾ, വൃക്കകൾക്ക് മാലിന്യം ഫിൽട്ടർ ചെയ്യാനും വിഷാംശം നീക്കം ചെയ്യാനുമുള്ള ശേഷി കുറയുന്നു. കഠിനമായ നിർജ്ജലീകരണം വൃക്കകൾക്ക് പെട്ടെന്ന് തകരാറുണ്ടാക്കാം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidneysHealth AlertHealth Tiphabits
News Summary - These seven habits can damage your kidneys
Next Story