സുഖമായിട്ട് ഉറങ്ങാം; സ്ലീപ് ട്രെൻഡിൽ തരംഗമായി ‘പൊട്ടറ്റോ ബെഡ്’
text_fieldsപ്രതീകാത്മക ചിത്രം
സോഷ്യൽമീഡിയ വഴി പ്രചാരമേറുന്ന നിരവധി സ്ലീപ് ട്രെൻഡുകളുണ്ട്. ഇന്ന് സോഷ്യൽമീഡിയയിൽ ഉറക്കമില്ലായ്മക്ക് നിരവധി പരിഹാരങ്ങളുണ്ട്. പൊട്ടറ്റോ ബെഡാണ് ഇപ്പോൾ ട്രെൻഡിൽ മുന്നിൽ നിൽക്കുന്നത്. കൂടുതൽ തലയിണകളും പുതപ്പുകളും പാവകളും ഉപയോഗിച്ച് ഒരു കിളിക്കൂട് പോലെ കിടക്ക ഒരുക്കുന്ന രീതിയാണിത്. സുരക്ഷിതത്വത്തിന്‍റെയും സൗകര്യത്തിന്‍റെയും ഒരു തോന്നൽ ഉറക്കത്തിനായി നൽകുകയാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്. ഇവയെ കെട്ടിപിടിച്ച് ഉറങ്ങുന്നത് സന്തോഷം നൽകുന്ന ഹോർമോണുകളെ ഉത്തേജിപ്പിച്ച് തലച്ചോറിന് വിശ്രമം നൽകുമെന്നും പറയപ്പെടുന്നു. ചുരുണ്ടുകൂടി കിടക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇത് ഗുണകരമാകാമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, അമിതമായി ചൂടാകാനുള്ള സാധ്യത കാരണം ഇത് ദീർഘകാല ഉപയോഗത്തിന് അനുയോജ്യമല്ല.
കിടക്കയിൽ ഒരു ഫിറ്റഡ് ബെഡ് ഷീറ്റ് (ചുറ്റും ഇലാസ്റ്റിക് ഉള്ള ഷീറ്റ്) എടുത്ത് തലകീഴായി വിരിക്കുക. ഈ ഷീറ്റിന്‍റെ നാലുചുറ്റുമുള്ള അതിരുകളിൽ കട്ടിയുള്ള ബ്ലാങ്കറ്റുകളും, അധിക തലയിണകളും, കംഫർട്ടറുകളും കുത്തിനിറക്കുക. തലയിണകളും ബ്ലാങ്കറ്റുകളും ഉപയോഗിച്ച് ഒരു ഉയർന്ന കിളിക്കൂട് പോലെ ഉണ്ടാക്കുക. ഇത് പുറമേക്ക് വീണുപോകാതെ ചുറ്റും ഉറച്ചുനിൽക്കണം. അകത്തുള്ള നടുഭാഗം മൃദുവായിരിക്കണം. ഇതിനായി ബ്ലാങ്കറ്റുകൾ, കംഫർട്ടറുകൾ, ഇഷ്ടപ്പെട്ട സ്റ്റഫ് ചെയ്ത കളിപ്പാട്ടങ്ങൾ എന്നിവ ഉപയോഗിക്കാം. ഇനി ഇതിനുള്ളിൽ കിടക്കാവുന്നതാണ്.
വൈറലായ ഈ സ്ലീപ്പ് ഹാക്കുകൾ സമൂഹത്തിൽ വ്യാപകമാകുന്ന ഉറക്കക്കുറവിന്റെ പ്രതിഫലനമാണ്. അതുകൊണ്ടാണ് ഇത്തരം വൈറൽ സ്ലീപ്പ് ഹാക്കുകൾ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നതെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ഇന്ത്യക്കാരിൽ മൂന്നിലൊന്ന് പേർക്കും കഠിനമായ ഡിസോമ്നിയ അനുഭവിക്കുന്നതായി കണ്ടെത്തി. ഉറക്കമില്ലായ്മ, ഉറങ്ങാനും ഉറക്കം നിലനിർത്താനുമുള്ള ബുദ്ധിമുട്ട്, ക്ഷീണത്തോടെ ഉണരുക, അല്ലെങ്കിൽ അമിതമായി ഉറങ്ങേണ്ടി വരിക തുടങ്ങിയ വിവിധ ഉറക്ക പ്രശ്നങ്ങളെയാണിത് സൂചിപ്പിക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അധിക പുതപ്പുകളും തലയിണകളും ചൂട് പുറത്തുപോകാതെ തടഞ്ഞുവെച്ചേക്കാം. നല്ല നിലവാരമുള്ള ഉറക്കം ലഭിക്കാൻ ശരീരത്തിന്‍റെ താപനില കുറയേണ്ടതുണ്ട്. അമിത ചൂട് ഇതിന് തടസ്സമായേക്കാം. അതിനാൽ ഇത് ദീർഘകാല ഉപയോഗത്തിന് അനുയോജ്യമല്ലെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

