സാവധാനം ശരീരത്തെ തളർത്തും, സംസാരം ഇല്ലാതാക്കും! വാർധക്യത്തിൽ മാത്രമല്ല, യുവാക്കളിലും വില്ലനായി പാർക്കിൻസൺസ്
text_fieldsപ്രതീകാത്മക ചിത്രം
പാർക്കിൻസൺസ് രോഗം എന്നത് വാർധക്യവുമായി മാത്രം ബന്ധപ്പെട്ട ഒന്നാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ, പ്രായം കുറഞ്ഞവരിലും ഈ രോഗം പിടിപെടാമെന്ന് മെഡിക്കൽ ലോകം ചൂണ്ടിക്കാട്ടുന്നു. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇതിഹാസ ബോക്സർ മുഹമ്മദ് അലി.
42-ാം വയസ്സിലാണ് അലിക്ക് പാർക്കിൻസൺസ് സ്ഥിരീകരിച്ചതെങ്കിലും, അതിന്റെ ലക്ഷണങ്ങൾ വളരെ നേരത്തെ തന്നെ കണ്ടുതുടങ്ങിയിരുന്നു. തന്റെ 36-ാം വയസ്സിൽ (1978ൽ) സംസാരത്തിലെ ഇഴച്ചിലും അവ്യക്തതയും അദ്ദേഹത്തിൽ പ്രകടമായിരുന്നു. രോഗം സ്ഥിരീകരിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ അതിന്റെ ലക്ഷണങ്ങൾ ശരീരത്തിൽ പ്രകടമാകുമെന്നതിന്റെ തെളിവായിരുന്നു ഇത്.
എന്താണ് പാർക്കിൻസൺസ്?
തലച്ചോറിലെ ഡോപമിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ നശിക്കുന്നതുമൂലം ഉണ്ടാകുന്ന ഒരു നാഡീരോഗമാണിത്. ഇത് വളരെ സാവധാനം പുരോഗമിക്കുന്ന ഒന്നായതിനാൽ തുടക്കത്തിൽ ലക്ഷണങ്ങൾ തിരിച്ചറിയാൻ പ്രയാസമാണ്. സാധാരണയായി 50 വയസ്സിന് ശേഷമാണ് ഇത് കണ്ടുവരുന്നത്. എന്നാൽ 40 വയസ്സിന് താഴെയുള്ളവരിലും ഈ രോഗം ബാധിക്കാം. ഇതിനെ 'യങ് ഓൺസെറ്റ് പാർക്കിൻസൺസ്' (Young-onset Parkinson’s) എന്ന് വിളിക്കുന്നു.
യുവാക്കളിൽ ഈ രോഗം വരാൻ പ്രധാന കാരണം ജനിതകപരമായ ഘടകങ്ങളാണ്. പ്രായമായവരിലും യുവാക്കളിലും ലക്ഷണങ്ങൾ സമാനമാണ്. കൈകാലുകളിലുണ്ടാകുന്ന വിറയൽ, പേശികളുടെ കാഠിന്യം, ചലനങ്ങളുടെ വേഗത കുറയുക, ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. യുവാക്കളിൽ രോഗം പടരുന്നത് വളരെ സാവധാനത്തിലായിരിക്കും. എന്നാൽ ഇവരിലുണ്ടാകുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ നേരത്തെ പ്രകടമായേക്കാം.
പലപ്പോഴും ക്ഷീണമെന്നോ സമ്മർദമെന്നോ കരുതി നാം തള്ളിക്കളയുന്ന ചില ലക്ഷണങ്ങൾ പാർക്കിൻസൺസിന്റെ തുടക്കമാകാം. ചെറിയ വിറയൽ, നടക്കുമ്പോൾ കൈകൾ വീശുന്നതിൽ വരുന്ന കുറവ്, ഉറക്കമില്ലായ്മ, കൈയക്ഷരത്തിൽ വരുന്ന മാറ്റങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ തുടക്കത്തിൽ ശ്രദ്ധയിൽപ്പെട്ടാൽ തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ്.
ചികിത്സയുണ്ടോ?
പാർക്കിൻസൺസ് രോഗത്തിന് നിലവിൽ പൂർണ്ണമായ ഒരു പ്രതിവിധി ഇല്ല. എന്നാൽ മരുന്നുകളിലൂടെ രോഗലക്ഷണങ്ങളെ നിയന്ത്രിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കും. ശരീരത്തിൽ കുറഞ്ഞുപോകുന്ന ഡോപമിന് പകരമായി മരുന്നുകൾ നൽകുകയാണ് പ്രധാന ചികിത്സാരീതി. പാർക്കിൻസൺസ് എന്നത് പ്രായമായവരുടെ മാത്രം രോഗമല്ല. രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ഫലപ്രദമായ ചികിത്സക്കും മെച്ചപ്പെട്ട ജീവിതത്തിനും അത്യന്താപേക്ഷിതമാണ്. കൃത്യമായ വ്യായാമവും ചികിത്സയും വഴി രോഗത്തെ വരുതിയിലാക്കാൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

