പ്രമേഹരോഗികൾ ടാറ്റൂ ചെയ്യുന്നത് സുരക്ഷിതമാണോ?
text_fieldsപ്രമേഹരോഗികൾക്ക് ടാറ്റൂ ചെയ്യുന്നത് സുരക്ഷിതമാണോ? പ്രമേഹം നിയന്ത്രണവിധേയമാണെങ്കിൽ ടാറ്റൂ ചെയ്യുന്നത് സുരക്ഷിതമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. എന്നാൽ സാധാരണക്കാരെ അപേക്ഷിച്ച് പ്രമേഹരോഗികൾക്ക് മുറിവുകൾ ഉണങ്ങാൻ താമസമുണ്ടാകുമെന്നതിനാൽ ചില മുൻകരുതലുകൾ അത്യാവശ്യമാണ്. അപ്പോളോ ഹോസ്പിറ്റലിലെ എൻഡോക്രൈനോളജിസ്റ്റ് ഡോ. രമേഷ് ഗോയൽ പറയുന്നത്, ഷുഗർ നില സാധാരണമാണെങ്കിൽ മുറിവുകൾ ഉണങ്ങുന്നത് സാധാരണ നിലയിലായിരിക്കും എന്നാണ്.
ടാറ്റൂ ചെയ്യുന്ന സമയത്ത് ബ്ലഡ് ഷുഗർ ലെവൽ പരിധിയിൽ ആയിരിക്കുന്നതാണ് ഉചിതം.
ഭക്ഷണത്തിന് മുമ്പ്: 80–130 mg/dL
ഭക്ഷണത്തിന് ശേഷം: 180 mg/dL-ൽ താഴെ
കഴിഞ്ഞ മൂന്ന് മാസത്തെ ശരാശരി ഷുഗർ നില സൂചിപ്പിക്കുന്ന HbA1c ടെസ്റ്റ് ഫലം 7ശതമാനം അല്ലെങ്കിൽ അതിൽ താഴെയാണെന്ന് ഉറപ്പുവരുത്തുന്നത് മുറിവ് വേഗത്തിൽ ഉണങ്ങാൻ സഹായിക്കും
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുക: ടാറ്റൂ ചെയ്യുന്നതിന് മുമ്പും ശേഷവും രക്തത്തിലെ ഗ്ലൂക്കോസ് നില സാധാരണനിലയിലാണെന്ന് ഉറപ്പുവരുത്തുക. കാരണം നിയന്ത്രണമില്ലാത്ത അളവ് അണുബാധക്കും മുറിവ് ഉണങ്ങുന്നതിനും കാലതാമസത്തിനും കാരണമാകും
ഡോക്ടറുമായി സംസാരിക്കുക: ഡോക്ടറുമായി സംസാരിച്ച് വ്യക്തത വരുത്തണം.
ശുചിത്വം ഉറപ്പാക്കുക: ലൈസൻസുള്ള, വൃത്തിയുള്ള സ്റ്റുഡിയോ തിരഞ്ഞെടുക്കുക. പുതിയ, സ്റ്റെറൈൽ സൂചികൾ ഉപയോഗിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക. ഇത് അണുബാധക്കുള്ള സാധ്യത കുറക്കും
ടാറ്റൂ ചെയ്യുന്ന സ്ഥലം: കാലിന്റെ താഴെ ഭാഗം, ഉപ്പൂറ്റി, പാദങ്ങൾ എന്നിവിടങ്ങളിൽ ടാറ്റൂ ചെയ്യുന്നത് ഒഴിവാക്കുക. ഈ ഭാഗങ്ങളിൽ രക്തചംക്രമണം കുറവായതിനാൽ ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇൻസുലിൻ സ്ഥിരമായി കുത്തിവെക്കുന്ന ഭാഗങ്ങളിലും ടാറ്റൂ ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
വേദനയും സമ്മർദവും: ടാറ്റൂ ചെയ്യുമ്പോൾ വേദനയും സമ്മർദവും കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ സാധ്യതയുണ്ട്. അതിനാൽ ഇടക്കിടെ ഇടവേളകൾ എടുത്ത് പഞ്ചസാര നില പരിശോധിക്കുക, എളുപ്പത്തിൽ കഴിക്കാൻ കഴിയുന്ന ലഘുഭക്ഷണങ്ങൾ കരുതുക
ടാറ്റൂവിന് ശേഷമുള്ള പരിചരണം
മുറിവ് ഉണങ്ങാൻ കൂടുതൽ സമയമെടുക്കുന്നുണ്ടെങ്കിലോ, അമിതമായ ചുവപ്പ് നിറമോ വീക്കമോ കണ്ടാലോ ഉടൻ ഡോക്ടറെ സമീപിക്കുക. ടാറ്റൂ ചെയ്ത സ്ഥലത്ത് ഇൻഫെക്ഷൻ ഉണ്ടാകുന്നത് തടയാൻ ആർട്ടിസ്റ്റ് നിർദേശിക്കുന്ന രീതിയിൽ ആഫ്റ്റർ കെയർ ലോഷനുകൾ ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

