ദിവസവും മൗത്ത് വാഷ് ഉപയോഗിക്കുന്നത് നല്ലതാണോ? പ്രമേഹ സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ
text_fieldsപലരും വായുടെ ശുചിത്വത്തിനായി ദിവസവും മൗത്ത് വാഷ് ഉപയോഗിക്കാറുണ്ട്. എന്നാൽ ദിവസത്തിൽ രണ്ടുതവണയിൽ കൂടുതൽ ആന്റിബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സാൻ ജുവാൻ ഓവർവെയ്റ്റ് അഡൽറ്റ്സ് ലോഞ്ചിറ്റ്യൂഡിനൽ സ്റ്റഡി 40 മുതൽ 65 വയസ്സുവരെയുള്ള 945 ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ദിവസവും രണ്ടുതവണ മൗത്ത് വാഷ് ഉപയോഗിക്കുന്നവർക്ക് പ്രമേഹമോ പ്രീ-ഡയബറ്റിസോ വരാനുള്ള സാധ്യത 49 മുതൽ 55 ശതമാനം വരെ കൂടുതലാണ്.ദിവസത്തിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുന്നവരിലോ അതിൽ കുറവ് ഉപയോഗിക്കുന്നവരിലോ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല.
പ്രായം, പുകവലി, വ്യായാമം, ഭക്ഷണക്രമം തുടങ്ങിയ മറ്റ് ഘടകങ്ങൾ പരിഗണിച്ച ശേഷവും ഈ അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്ന് ഈ കണ്ടെത്തൽ വ്യക്തമാക്കുന്നു. നമ്മുടെ വായയിൽ നൂറുകണക്കിന് ബാക്ടീരിയകളുണ്ട്. എന്നാൽ അവയെല്ലാം ദോഷകരമല്ല. വായയിലെ ചില നല്ല ബാക്ടീരിയകൾ ഭക്ഷണത്തിലെ നൈട്രേറ്റുകളെ നൈട്രൈറ്റുകളായി മാറ്റുന്നു. ഈ നൈട്രൈറ്റുകൾ പിന്നീട് നൈട്രിക് ഓക്സൈഡ് ആയി മാറുന്നു. രക്തസമ്മർദം നിയന്ത്രിക്കാനും ശരീരത്തിലെ മെറ്റബോളിസം ശരിയായി നടക്കാനും ഇത് അത്യാവശ്യമാണ്.
ആന്റിബാക്ടീരിയൽ മൗത്ത് വാഷുകൾ ഉപയോഗിക്കുമ്പോൾ അവ ദോഷകരമായ ബാക്ടീരിയകൾക്കൊപ്പം ഈ നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമായേക്കാം.
മൗത്ത് വാഷ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
- മൗത്ത് വാഷ് പൂർണ്ണമായും ഒഴിവാക്കണമെന്ന് ഇതിനർത്ഥമില്ല. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്
- അവശ്യഘട്ടങ്ങളിൽ മാത്രം: വായനാറ്റം, മോണരോഗം എന്നിവയുള്ളവർക്ക് മൗത്ത് വാഷ് ഗുണകരമാണ്. എന്നാൽ ഇത് ഒരു ശീലമായി മാറ്റുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശം തേടുക.
- ആൽക്കഹോൾ ഫ്രീ: നിത്യേനയുള്ള ഉപയോഗത്തിന് ആൽക്കഹോൾ ഇല്ലാത്ത മൗത്ത് വാഷുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
- ശരിയായ ശുചിത്വം: പല്ല് തേക്കുന്നതിനും ഫ്ലോസ്സ് ചെയ്യുന്നതിനും പകരമല്ല മൗത്ത് വാഷ്.
- രക്തസമ്മർദ്ദമോ പ്രമേഹമോ ഉള്ളവർ ആന്റിബാക്ടീരിയൽ മൗത്ത് വാഷുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം. ദിവസവും രണ്ടുനേരം പല്ല് തേക്കുന്നതും കൃത്യമായ ഇടവേളകളിൽ ഡെന്റിസ്റ്റിനെ കാണുന്നതുമാണ് വായുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച വഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

