അവധിദിനങ്ങള്‍ ശ്രദ്ധയോടെ ആഘോഷിക്കാം; ഹൃദയത്തെ സൂക്ഷിക്കാൻ ഈ വാക്കുകൾ...
text_fieldsആഘോഷവേളകളിലെ അമിതാവേശവും ജീവിതശൈലിയിലെ മാറ്റങ്ങളും കാരണം ഹൃദയത്തിനുണ്ടാകുന്ന പ്രത്യേക അവസ്ഥയാണ് 'ഹോളിഡേ ഹാർട്ട് സിൻഡ്രോം' (Holiday Heart Syndrome). ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കിടയിൽ ഇത് വ്യാപകമായി കണ്ടുവരുന്നതിനാലാണ് ഈ പേര് വന്നത്. ഇത് ഗുരുതരവും എന്നാൽ തടയാവുന്നതുമായ ഹൃദയ സംബന്ധമായ പ്രശ്നമാണ്. ഈ വർഷം നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ രോഗം ബാധിച്ച് കഴിഞ്ഞാൽ മിക്ക ആളുകളും ഒരു ദിവസത്തിനുള്ളിൽ തന്നെ സുഖം പ്രാപിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ചിലപ്പോൾ ഈ രോഗം പക്ഷാഘാതം, ഹൃദയാഘാതം അല്ലെങ്കിൽ മറ്റ് ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകുമെന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക്ക് വ്യക്തമാക്കുന്നു.
എന്താണ് ഹോളിഡേ ഹാർട്ട് സിൻഡ്രോം?
സാധാരണഗതിയിൽ ഹൃദ്രോഗമില്ലാത്ത വ്യക്തികളിൽ പോലും ആഘോഷവേളകളിലെ അമിതമായ മദ്യപാനം മൂലം ഹൃദയമിടിപ്പ് ക്രമരഹിതമാകുന്ന അവസ്ഥയാണിത്. ഇതിനെ ഏട്രിയൽ ഫൈബ്രില്ലേഷൻ (Atrial Fibrillation) എന്ന് വിളിക്കുന്നു. ഹൃദയത്തിന്റെ മുകളിലെ അറകൾ ഒരു ക്രമരഹിതമായ രീതിയിൽ ചുരുങ്ങുകയോ വിറക്കുകയോ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് ആട്രിയത്തിൽ രക്തം അടിഞ്ഞുകൂടുന്നതിനും കട്ടപിടിക്കുന്നതിനും കാരണമാകും. ഈ കട്ടകൾ രക്തപ്രവാഹത്തിൽ പ്രവേശിച്ചാൽ, അവ തലച്ചോറിലേക്ക് സഞ്ചരിച്ച് സ്ട്രോക്കിനുള്ള സാധ്യത കൂട്ടുന്നു. 1978ൽ ആണ് ഈ അവസ്ഥ ആദ്യമായി തിരിച്ചറിഞ്ഞത്. ഹൃദയമിടിപ്പ് അസാധാരണമായി കൂടുക, നെഞ്ചുവേദന, ശക്തമായ ക്ഷീണം, തലകറക്കം, ബോധക്ഷയം, ശ്വാസതടസ്സം എന്നിവ പ്രധാന ലക്ഷണങ്ങളാണ്.
പ്രധാന കാരണങ്ങൾ
അമിത മദ്യപാനം: ഹൃദയത്തിലെ പേശികളെ മദ്യം നേരിട്ട് ബാധിക്കുകയും ഹൃദയത്തിന്റെ തരംഗങ്ങളിൽ വ്യതിയാനം വരുത്തുകയും ചെയ്യുന്നു
ഉപ്പിന്റെ അമിത ഉപയോഗം: ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണങ്ങൾ രക്തസമ്മർദം ഉയർത്താൻ കാരണമാകുന്നു
മാനസിക സമ്മർദം: അവധിക്കാലത്തെ യാത്രകളും ഒരുക്കങ്ങളും മൂലമുണ്ടാകുന്ന സ്ട്രെസ്സ്
ഉറക്കമില്ലായ്മ: തുടർച്ചയായ ആഘോഷങ്ങൾ മൂലം ശരീരത്തിന് ലഭിക്കേണ്ട വിശ്രമം കുറയുന്നത്
നിർജ്ജലീകരണം: വേണ്ടത്ര വെള്ളം കുടിക്കാത്തത് ഹൃദയമിടിപ്പിനെ ബാധിക്കാം
മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഡിസംബറിൽ മദ്യപാനം 70 ശതമാനം വർധിക്കുമെന്നാണ് സൗത്ത് ആസ്‌ട്രേലിയ സർവകലാശാലയിൽ നിന്നുള്ള ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. തണുത്ത കാലാവസ്ഥ അപകടമാണ്. തണുപ്പ് കാലത്ത് വാസോകണ്‍സ്ട്രിക്ഷന്‍ എന്ന അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് കാര്‍ഡിയോവാസ്‌കുലാര്‍ സര്‍ജനായ ഡോ ജെറമി ലണ്ടന്‍ പറയുന്നു. ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കും. ശരീരത്തിന്റെ താപനില സംരക്ഷിക്കാനായി രക്തകുഴലുകള്‍ ചുരുങ്ങും. ഇതോടെ രക്തസമ്മര്‍ദത്തിനൊപ്പം ഹൃദയത്തിലെ സമ്മര്‍ദവും കൂടുന്ന അവസ്ഥയാണ്.
ഹൃദയസംബന്ധമായ അസുഖമുള്ളവരാണ് ഇതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. കാര്‍ഡിയോ വാസ്‌കുലാര്‍, കോറോണറി അസുഖങ്ങള്‍ അല്ലെങ്കില്‍ ഏട്രിയല്‍ ഫൈബ്രിലേഷന്‍ എന്നീ അവസ്ഥയിലുള്ളവര്‍ ശ്രദ്ധിക്കണം. കൂടാതെ രക്തസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം, അമിതമായ കൊളസ്‌ട്രോള്‍ എന്നീ അസുഖമുള്ളവർ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും ശ്രദ്ധിക്കണം. നെഞ്ചുവേദനയോ മറ്റ് ബുദ്ധിമുട്ടുകളോ തള്ളിക്കളയരുത്. ശരീരം നല്‍കുന്ന ലക്ഷണങ്ങള്‍ മനസിലാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

