കുഞ്ഞിന്റെ കയ്യിൽ മൊബൈൽ കൊടുക്കുന്നവർ സൂക്ഷിക്കുക! അമിത സ്ക്രീൻ ഉപയോഗം ഓട്ടിസത്തിലേക്ക് നയിച്ചേക്കാമെന്ന് എയിംസ് വിദഗ്ധർ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഒരു വയസ്സിൽ താഴെയുള്ള കുട്ടികളിലെ അമിതമായ സ്ക്രീൻ ഉപയോഗം അവർക്ക് മൂന്ന് വയസ്സാകുമ്പോഴേക്കും ഓട്ടിസമോ ഓട്ടിസത്തിന് സമാനമായ ലക്ഷണങ്ങളോ ഉണ്ടാകാൻ കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. സ്മാർട്ട്ഫോണുകളുടെയും ടാബ്ലറ്റുകളുടെയും അമിത ഉപയോഗം കുട്ടികളുടെ തലച്ചോറിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കുന്നുവെന്ന് എയിംസിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി പ്രൊഫ. ഷെഫാലി ഗുലാത്തി വ്യക്തമാക്കി.
എയിംസിൽ നടത്തിയ പഠനങ്ങൾ പ്രകാരം, ഓട്ടിസം ബാധിച്ച കുട്ടികളിൽ ഭൂരിഭാഗവും വളരെ നേരത്തെ തന്നെ സ്ക്രീനുകൾക്ക് മുന്നിൽ സമയം ചിലവഴിച്ചു തുടങ്ങിയവരാണ്. സ്ക്രീൻ ഉപയോഗവും ഓട്ടിസവും തമ്മിലുള്ള ബന്ധം പെൺകുട്ടികളേക്കാൾ ആൺകുട്ടികളിലാണ് കൂടുതൽ പ്രകടമായി കാണുന്നത്. എത്ര നേരത്തെ സ്ക്രീൻ ഉപയോഗിച്ചു തുടങ്ങുന്നുവോ അത്രത്തോളം അപകടസാധ്യത വർധിക്കുമെന്നും പഠനങ്ങൾ പറയുന്നു.
സ്ക്രീൻ ഉപയോഗം ഓട്ടിസത്തിന് നേരിട്ടുള്ള കാരണം ആണെന്ന് പറയാനാവില്ലെങ്കിലും, അത് രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് ശക്തമായ പ്രേരണയാകുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സും ഇന്ത്യൻ സർക്കാരും പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ പ്രകാരം കുട്ടികൾക്ക് അനുവദനീയമായ സ്ക്രീൻ സമയം ഇങ്ങനെയാണ്.
- 18 മാസത്തിന് താഴെ: സ്ക്രീനുകൾ പൂർണ്ണമായും ഒഴിവാക്കുക.
- 18 മാസം മുതൽ 6 വയസ്സ് വരെ: ദിവസവും പരമാവധി ഒരു മണിക്കൂർ മാത്രം (മുതിർന്നവരുടെ മേൽനോട്ടത്തിൽ)
- മുതിർന്ന കുട്ടികൾ: ഒരു കാരണവശാലും രണ്ട് മണിക്കൂറിൽ കൂടുതൽ സ്ക്രീൻ ഉപയോഗിക്കാൻ അനുവദിക്കരുത്.
കുട്ടികളുടെ മസ്തിഷ്ക വികാസത്തിന് മനുഷ്യരുമായുള്ള നേരിട്ടുള്ള ഇടപെടലുകളും കളികളും സംസാരവുമാണ് അത്യാവശ്യം. സ്ക്രീനുകളിലെ ദൃശ്യങ്ങൾ നോക്കിയിരിക്കുന്നത് ഒഴിവാക്കണമെന്നും, പകരം കുട്ടികളെ ചിന്തിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന വിനോദങ്ങളിൽ ഏർപ്പെടുത്തണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു. ഓട്ടിസം ബാധിച്ച കുട്ടികളിൽ ശ്രദ്ധക്കുറവ്, ഉറക്കമില്ലായ്മ, പെരുമാറ്റ വൈകല്യങ്ങൾ എന്നിവയും കൂടുതലായി കണ്ടുവരുന്നുണ്ട്. ഡിജിറ്റൽ യുഗത്തിൽ മാതാപിതാക്കളുടെ ജാഗ്രത മാത്രമാണ് കുട്ടികളുടെ സുരക്ഷിതമായ വളർച്ചക്ക് ഏക പോംവഴിയെന്ന് വിദഗ്ധർ ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

